ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് യോഗ്യതയ്ക്കു തൊട്ടരികില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ. ഗ്രൂപ്പുഘട്ടത്തിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ കൂടി വിജയിക്കാനായാല്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും പ്ലേഓഫിലേക്കു ടിക്കറ്റ് വാങ്ങാം. പക്ഷെ ഇതു വരെയുള്ള രണ്ടു മല്‍സരങ്ങളിലും ഇന്ത്യയുടെ പ്രകടനത്തിനു ഫുള്‍ മാര്‍ക്ക് നല്‍കാനാവുമോ? ഇല്ലെന്നു തന്നെയാണ് ഇതിനുള്ള മറുപടി. സൂപ്പര്‍ എട്ടിനു മുമ്പ് ഇന്ത്യ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.
ചില താരങ്ങളുടെ മോശം പ്രകടനമാണ് ഇന്ത്യക്കു വലിയ ക്ഷീണമായിരിക്കുന്നത്. അവര്‍ എത്രയും വേഗത്തില്‍ ഫോം വീണ്ടെടുത്തില്ലെങ്കില്‍ ലോകകപ്പെന്ന സ്വപ്‌നം ഇന്ത്യക്കു മറക്കേണ്ടതായിട്ടു വരും. സൂപ്പര്‍ എട്ടില്‍ ഇവരില്‍ നിന്നെല്ലാം മികച്ച സംഭാവനകള്‍ ഇന്ത്യക്കു ആവശ്യമാണ്. അതില്ലെങ്കില്‍ സെമി ഫൈനല്‍ പോലും കാണാതെ ഇന്ത്യക്കു നാട്ടിലേക്കു മടങ്ങേണ്ടതായി വന്നേക്കും.

വലിയ പ്രതീക്ഷയുണ്ടായിരുന്ന ചില താരങ്ങളാണ് ഫ്‌ളോപ്പ് ഷോയിലൂടെ ടീം ഇന്ത്യക്കു തലവേദനായിയിരിക്കുന്നത്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം. ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മുന്‍ ക്യാപ്റ്റവും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ്. ഉജ്ജ്വല ഫോമില്‍ ഈ ലോകകപ്പിനെത്തിയ അദ്ദേഹം റണ്ണില്ലാതെ വലയുകയാണ്. നായകന്‍ രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങിയ കോലി രണ്ടു മല്‍സരങ്ങളിലും ഒറ്റയക്ക സ്‌കോറിനു പുറത്താവുകയായിരുന്നു.
അയര്‍ലാന്‍ഡിനെതിരേ ഒരു റണ്‍സെടുത്ത അദ്ദേഹം ചിരവൈരികളായ പാകിസ്താനെതിരേ നാലു റണ്‍സിനും മടങ്ങുകയായിരുന്നു. സമാപിച്ച ഐപിഎല്ലില്‍ ആര്‍സിബിക്കായി 700 പ്ലസ് റണ്‍സ് വാരിക്കൂട്ടി ഓറഞ്ച് ക്യാപ്പ് കൈക്കലാക്കിയ ശേഷമാണ് കോലി ലോകകപ്പിനെത്തിയത്. പക്ഷെ അമേരിക്കന്‍ പിച്ചുകളില്‍ അദ്ദേഹം പതറുകയാണ്.
ഇന്ത്യയുടെ രണ്ടാമത്തെ വന്‍ ഫ്‌ളോപ്പ് 360 ബാറ്ററും ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററുമായ സൂര്യകുമാര്‍ യാദവാണ്. ടി20 ഫോര്‍മാറ്റില്‍ അദ്ദേഹം ഈ തരത്തില്‍ നനഞ്ഞ പടക്കമാവുന്നത് നമ്മള്‍ കണ്ടിട്ടില്ല. രണ്ടിന്നിങ്‌സുകളില്‍ നിന്നും വെറും ഒമ്പതു റണ്‍സ് മാത്രമേ സ്‌കൈയുടെ അക്കൗണ്ടിലുള്ളൂ. അയര്‍ലാന്‍ഡിനെതിരേ രണ്ടു റണ്‍സിനു മടങ്ങിയ അദ്ദേഹം പാകിസ്താനെതിരേ വെറും ഏഴു റണ്‍സിനും പുറത്താവുകയായിരുന്നു.
തനിച്ചു മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള സൂര്യയില്‍ നിന്നും ഈ തരത്തിലുള്ള ഇന്നിങ്‌സുകളല്ല ഇന്ത്യക്കു ആവശ്യം. ബാറ്റിങില്‍ അദ്ദേഹം താളം വീണ്ടെടുത്തില്ലെങ്കില്‍ അതു ഇന്ത്യക്കു മുന്നോടുള്ള യാത്ര കടുപ്പമാക്കി തീര്‍ക്കും. സൂപ്പര്‍ എട്ടിനു മുമ്പ് സൂര്യ ക്ലിക്കാവുമെന്ന പ്രതീക്ഷയില്‍ തന്നെയായിരിക്കും ടീം മാനേജ്‌മെന്റ്.

വമ്പനടിക്കാരനായ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് ഇന്ത്യയുടെ മൂന്നാമത്തെ ഫ്‌ളോപ്പ്. സ്പിന്നര്‍മാരുടെ അന്തകനെന്നും, മധ്യ ഓവകളില്‍ കൊടുങ്കാറ്റായി മാറുമെന്നുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ദുബെയെ ലോകകപ്പ് സ്‌ക്വാഡിലുള്‍പ്പെടുത്തിയത്. പക്ഷെ സ്‌കോറിങ് അതീവ ദുഷ്‌കരമായ അമേരിക്കന്‍ പിച്ചുകളില്‍ ദുബെ നനഞ്ഞ പടക്കമായി മാറി.
അയര്‍ലാന്‍ഡിനെതിരേ റണ്ണൊന്നുമില്ലാതെ പുറത്താവാതെ നിന്ന അദ്ദേഹം പാക് പടയ്‌ക്കെതിരേ വെറും മൂന്നു റണ്‍സിനും കൂടാരത്തില്‍ തിരിച്ചെത്തി.ബൗളിങിലാവട്ടെ ദുബെ ഇനിയും ഉപയോഗപ്പെട്ടിട്ടുമില്ല. ബാറ്റിങിനൊപ്പം ബൗളിങിലും ഒന്നും ചെയ്യാനില്ലെങ്കില്‍ പിന്നെ അദ്ദേഹമെന്തിനാണ് ടീമില്‍ എന്നതാണ് ചോദ്യം.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ നാലാമത്തെ തലവേദന. ബാറ്റിങിലോ, ബൗളിങിലോ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. അയര്‍ലാന്‍ഡിനെതിരേ ബാറ്റ് ചെയ്യാതിരുന്ന ജഡ്ഡു ഒരോവറില്‍ വിക്കറ്റില്ലാതെ ഏഴു റണ്‍സാണ് വിട്ടുകൊടുത്തത്. പാകിസ്താനെതിരേ ഗോള്‍ഡന്‍ ഡെക്കായ അദ്ദേഹം ബൗളിങില്‍ രണ്ടോവറില്‍ വിക്കറ്റില്ലാതെ 10 റണ്‍സും വഴങ്ങിയിരുന്നു.