ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം അഞ്ചാം തീയ്യതി അയര്‍ലന്‍ഡിനെതിരേ നടക്കാന്‍ പോവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് കരുത്തുകാട്ടാനുള്ള അവസരമാണ് മുന്നിലുള്ളത്. ബംഗ്ലാദേശിനെതിരേ 60 റണ്‍സിന് ജയിച്ച ഇന്ത്യക്ക് അയര്‍ലന്‍ഡിനെതിരേ തകര്‍ത്തടിക്കാനുള്ള അവസരമാണുള്ളത്. എന്നാല്‍ അയര്‍ലന്‍ഡിനെ അത്ര വേഗത്തില്‍ കീഴ്‌പ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചേക്കില്ല.
എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യയുടെ പ്ലേയിങ് 11ലേക്കാണ്. അയര്‍ലന്‍ഡിനെതിരേ വിരാട് കോലി കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടി20 ലോകകപ്പിനായി അമേരിക്കയിലേക്ക് ഒറ്റക്കാണ് കോലി വന്നത്. കൂടാതെ ആദ്യ പരിശീലന സെക്ഷന്‍ കോലിക്ക് നഷ്ടമായിരുന്നു. രണ്ടാം പരിശീലന സെക്ഷനിലും കോലി പങ്കെടുത്തിട്ടില്ല. ഇതോടെ അയര്‍ലന്‍ഡിനെതിരേ കോലി കളിച്ചേക്കില്ലെന്ന അഭ്യൂഹമാണ് ശക്തമാവുന്നത്.
അയര്‍ലന്‍ഡ് താരതമ്യേനെ ദുര്‍ബലരായ നിരയായതിനാല്‍ ഇന്ത്യ യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയേക്കും. അതുകൊണ്ടു തന്നെ സഞ്ജു സാംസണും പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് വിവരം. രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ഓപ്പണറാവുമ്പോള്‍ വിരാട് കോലി മൂന്നാം നമ്പറിലുണ്ടാവില്ല. ഈ റോളിലേക്ക് സഞ്ജു സാംസണെത്തിയേക്കും. നേരത്തെ അയര്‍ലന്‍ഡിനെതിരേ അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സഞ്ജു.
സന്നാഹ മത്സരത്തില്‍ ഫോമിലേക്കെത്താന്‍ സഞ്ജുവിനായിരുന്നില്ല. ബംഗ്ലാദേശിനെതിരേ 6 പന്തില്‍ 1 റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ സ്പിന്നിനെതിരേ മികച്ച റെക്കോഡുള്ള താരമാണ് സഞ്ജു. കൂടാതെ ഐപിഎല്ലില്‍ മികച്ച ഫോമിലാണ് സഞ്ജു കളിച്ചിരുന്നത്. പ്രധാന മത്സരങ്ങളില്‍ സഞ്ജുവിനെ കളിപ്പിക്കാനാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യ സഞ്ജുവിന് ചെറിയ ടീമുകള്‍ക്കെതിരേ അവസരം നല്‍കാനാണ് സാധ്യത കൂടുതല്‍.

സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും റിഷഭ് പന്ത് അഞ്ചാം നമ്പറിലും ഹാര്‍ദിക് പാണ്ഡ്യ ആറാം നമ്പറിലും കളിക്കും. റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവുമ്പോള്‍ സഞ്ജു സാംസണെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി കളിപ്പിക്കാം. ഫീല്‍ഡറെന്ന നിലയിലും സഞ്ജു മിടുക്കനാണ്. ശിവം ദുബെക്ക് ഇന്ത്യ അവസരം നല്‍കിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അവസാന മത്സരങ്ങളിലെല്ലാം ദുബെ നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം പ്ലേയിങ് 11 ഉണ്ടായേക്കില്ല.
അയര്‍ലന്‍ഡിനെതിരേ വിരാട് കോലി കളിക്കാതിരിക്കുന്നതാണ് നല്ലത്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് കോലി. ഇതേ ഫോം ടി20 ലോകകപ്പിലും തുടര്‍ന്നാല്‍ ഇന്ത്യ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. പാകിസ്താനെതിരായ മത്സരത്തില്‍ നേരിട്ട് കോലി ഇറങ്ങുന്നതാണ് കൂടുതല്‍ നന്നാവുക. അയര്‍ലന്‍ഡിനെതിരേ കളിക്കുകയും കോലി ഫ്‌ളോപ്പാവുകയും ചെയ്താല്‍ പാകിസ്താനെതിരേ അത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും.
അതുകൊണ്ടുതന്നെ കോലി പാകിസ്താനെതിരേ കളിക്കാനാണ് കൂടുതല്‍ സാധ്യത. ഇന്ത്യ രണ്ട് സ്പിന്നര്‍മാരെയെ കളിപ്പിക്കുകയുള്ളൂവെന്നാണ് വിവരം. രവീന്ദ്ര ജഡേജക്കൊപ്പം യുസ് വേന്ദ്ര ചഹാല്‍ കളിക്കാനാണ് സാധ്യത. പാകിസ്താനെതിരേ കുല്‍ദീപ് യാദവിനെ നേരിട്ടിറക്കാനാവും പദ്ധതി. ന്യൂയോര്‍ക്കിലെ പിച്ചില്‍ കുല്‍ദീപിന്റെ ബൗളിങ്ങിന്റെ ഗതി എങ്ങനെയെന്ന് പഠിക്കാനുള്ള അവസരം പാകിസ്താന് ഇന്ത്യ നല്‍കിയേക്കില്ല.
ചഹാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് നടത്തിയത്. അയര്‍ലന്‍ഡിനെതിരേ ഏഴ് വിക്കറ്റുമായി മികച്ച പ്രകടനം നടത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ചഹാലിന് അവസരം നല്‍കിയേക്കും. പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കൊപ്പം അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരെയും ഇന്ത്യ കളിപ്പിക്കുമെന്നാണ് വിവരം.
പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് പിച്ചിനെക്കുറിച്ച് പഠിക്കാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. വലിയ ജയം നേടിയെടുത്ത് ആത്മവിശ്വാസം ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.