Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഫൈനലില്‍ കസറി, മറ്റ് മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പ്! പിഴവ് വെളിപ്പെടുത്തി കോലി

മുംബൈ: ടി20 ലോകകപ്പ് കിരീടം ഇന്ത്യ അലമാരയിലെത്തിച്ചിരിക്കുകയാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം ഇപ്പോഴാണ് ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിടുന്നത്. ആവേശകരമായ ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെയാണ് തോല്‍പ്പിച്ചത്. ഇത്തവണ ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിച്ചാണ് ഇന്ത്യ കിരീടത്തിലേക്കെത്തിയത്. ഒറ്റയാള്‍ പ്രകടനങ്ങളല്ല ഇത്തവണ ഇന്ത്യക്ക് കരുത്തായത്. ഇതാണ് ഇന്ത്യയുടെ കിരീട നേട്ടത്തിന് അടിത്തറയായത്.

ഫൈനലില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം നടത്താനായില്ല. എന്നാല്‍ വിരാട് കോലി അവസരത്തിനൊത്ത് ഉയര്‍ന്ന് ഇന്ത്യയുടെ രക്ഷകനായി മാറി. ഫൈനലിന് തൊട്ട് മുമ്പ് 75 റണ്‍സാണ് കോലി ആകെ നേടിയത്. എന്നാല്‍ ഫൈനലില്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയുടെ നട്ടെല്ലായി മാറാന്‍ കോലിക്ക് സാധിച്ചു. ഫൈനലിലെ താരമായാണ് കോലി തന്റെ അന്താരാഷ്ട്ര ടി20 കരിയറിന് വിരാമമിട്ടത്. ഇപ്പോഴിതാ ലോകകപ്പിലെ തന്റെ പ്രകടനത്തെക്കുറിച്ച് കോലി തുറന്ന് പറഞ്ഞിരിക്കുകയാണ്.

'ടി20 ലോകകപ്പ് ഫൈനല്‍ എനിക്ക് മറക്കാനാവില്ല. കാരണം ഈ ലോകകപ്പിലെ മറ്റ് മത്സരങ്ങളിലൊന്നും തിളങ്ങാന്‍ എനിക്കായിരുന്നില്ല. അതുകൊണ്ടുതന്നെ ഫൈനലിലെങ്കിലും തിളങ്ങണമെന്ന അതിയായ ആഗ്രഹം മനസിലുണ്ടായിരുന്നു. ഞാന്‍ ഇക്കാര്യം രാഹുല്‍ ഭായിയോട് (രാഹുല്‍ ദ്രാവിഡ്) പറയുകയുണ്ടായി. എനിക്ക് എന്നോടും ടീമിനോടും നീതികാട്ടാനായില്ലെന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. എന്നാല്‍ രാഹുല്‍ ഭായി പറഞ്ഞത് സന്ദര്‍ഭം എത്തുമ്പോള്‍ നീ ഫോമിലേക്കെത്തുമെന്നാണ്.

ഫൈനലിന് മുമ്പ് എനിക്ക് വലിയ ആത്മവിശ്വാസം തോന്നുന്നില്ലെന്ന് ഞാന്‍ രോഹിത്തിനോട് പറഞ്ഞിരുന്നു. എന്നാല്‍ ആദ്യത്തെ നാല് പന്ത് മൂന്ന് ബൗണ്ടറി ഞാന്‍ നേടി. ഇതിന് ശേഷം ഞാന്‍ രോഹിത്തിനോട് പറഞ്ഞു എനിക്കീ കളി മനസിലാകുന്നില്ലെന്ന്. ഇതിന് മുമ്പുള്ള ശ്രമങ്ങളെല്ലാം പിഴച്ചുവെങ്കിലും ഇപ്പോള്‍ എല്ലാം അനുകൂലമായി സംഭവിക്കുന്നു' കോലി പറഞ്ഞു. കോലി ഇതിന് മുമ്പ് മൂന്നാം നമ്പറിലാണ് കളിച്ചുകൊണ്ടിരുന്നത്.

virat kohli

എന്നാല്‍ ലോകകപ്പില്‍ കോലിയെ ഓപ്പണറാക്കി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കോലി ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന് വിക്കറ്റ് നഷ്ടമാവുകയാണ് ചെയ്തത്. എന്നാല്‍ ഫൈനലില്‍ ആദ്യ ഓവറില്‍ത്തന്നെ താളം കണ്ടെത്താന്‍ സാധിച്ചത് കോലിക്ക് കരുത്തായി. പിന്നീട് വലിയ ഇന്നിങ്‌സോടെ ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിക്കാന്‍ കോലിക്കായി. വലിയ മത്സരങ്ങളില്‍ ഇന്ത്യക്കായി തിളങ്ങുന്ന താരമാണ് കോലി. ലോകകപ്പ് ഫൈനലിലും കോലിയുടെ ഈ മികവാണ് കണ്ടത്.

കോലി മോശം ഫോമിലായിരുന്നത് ഇന്ത്യയെ പ്രയാസപ്പെടുത്തിയെങ്കിലും രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും അദ്ദേഹത്തിന് വലിയ പിന്തുണ നല്‍കി. ഇതാണ് മികച്ച പ്രകടനം നടത്താന്‍ കോലിക്ക് കരുത്ത് പകര്‍ന്നത്. എന്തായാലും ഫൈനലില്‍ താരമാകാനും ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച് പടിയിറങ്ങാനും കോലിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഫൈനലില്‍ ഒരുവശത്ത് വിക്കറ്റ് വീണപ്പോഴുള്ള മാനസികാവസ്ഥയെക്കുറിച്ചും കോലി തുറന്ന് പറഞ്ഞു.

'ഒരുവശത്ത് വിക്കറ്റ് വീണപ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ കളിക്കാനാണ് ശ്രമിച്ചത്. ടീമിന് എന്നെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കളിച്ചു. എന്നാല്‍ അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ സംഭവിക്കാനുള്ളത് സംഭവിക്കുമെന്ന് മനസിലുറച്ചാണ് കളിച്ചത്. ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്ത് മികച്ച നിലയിലേക്കെത്തിയ ഒരു ഘട്ടത്തില്‍ ടീമിന്റെ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഹാര്‍ദിക് ഒരു വിക്കറ്റ് വീഴ്ത്തിയതോടെ മത്സരത്തിലേക്ക് തിരിച്ചുവന്നു. പിന്നീടുള്ള ഓരോ പന്തിലും ഉന്മേഷം നിറഞ്ഞ് നിന്നു.

ടീമിന് പ്രയാസമുള്ള സാഹചര്യത്തില്‍ ബാറ്റുകൊണ്ട് നിര്‍ണ്ണായക പ്രകടനം നടത്താനായതില്‍ അഭിമാനമുണ്ട്. ആ നിമിഷം എനിക്ക് മറക്കാനാവില്ല. ടീമിനെ പൊരുതാവുന്ന ടോട്ടലിലേക്ക് എത്തിക്കാനായതില്‍ സന്തോഷമുണ്ട്' കോലി കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 6, 2024, 13:46 [IST]
Other articles published on Jul 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+