Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ടി20യില്‍ ഇനിയില്ല! ഇതു അവസാനത്തേത്; കപ്പുമായി പടിയിറങ്ങി കിങ് കോലി

ബാര്‍ബഡോസ്: ഇന്ത്യക്കൊപ്പം ടി20 ലോകകപ്പില്‍ കിരീടം ചൂടിയതിനു പിന്നാലെ ഈ ഫോര്‍മാറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏഴു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയത്തിനു ശേഷം സംസാരിക്കവെയാണ് കോലി വികാരധീനനായി ഭാവിയെക്കുറിച്ച് സംസാരിച്ചത്. ടൂര്‍ണമെന്റില്‍ നേരത്തേ കളിച്ച മല്‍സരങ്ങളിലെല്ലാം ബാറ്റിങില്‍ നിരാശപ്പെടുത്തിയെങ്കിലും ഫൈനലില്‍ അദ്ദേഹം ക്ഷീണം തീര്‍ക്കുകയായിരുന്നു.

59 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറുമടക്കം 76 റണ്‍സാണ് കോലി അടിച്ചെടുത്തത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. അവാര്‍ഡ് ഏറ്റു വാങ്ങിയ ശേഷം സംസാരിക്കവെയാണ് ടി20യില്‍ ഇതു തന്റെ അവസാന മല്‍സരമാണെന്നു കോലി പറഞ്ഞത്.

VIRAT KOHLI

ഇതു എന്റെ അവസാനത്തെ ടി20 ലോകകപ്പാണ്. യഥാര്‍ഥത്തില്‍ ഞങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിച്ച നേട്ടവും ഇതു തന്നെയായിരുന്നു. അവിസ്മരണീയമായ മല്‍സരം തന്നെയായിരുന്നു ഇത്. നിങ്ങള്‍ക്കു റണ്ണൊന്നുമെടുക്കാന്‍ കഴിയില്ലെന്നു ഒരു ദിവസം തോന്നുമെന്നാണ് ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ഞാന്‍ രോഹിത്തിനോടു പറഞ്ഞത്. ഇതില്‍ നിങ്ങള്‍ പുറത്തു കടക്കുകയും ചിലതു സംഭവിക്കുകയും ചെയ്യും. ദൈവം മഹാനാണ്. ഞാന്‍ തലകുനിക്കുന്നു, ടീമിനു ഏറ്റവും ആവശ്യമായ സമയത്തു എനിക്കു ജോലി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ നന്ദിയും പറയുന്നതായി കോലി വ്യക്തമാക്കി.

ഇന്ത്യക്കു വേണ്ടി എന്റെ അവസാനത്തെ ടി20 മല്‍സരമായിരിക്കും ഇത്. ഞാന്‍ കളിച്ച അവസാനത്തെ ടി20 ലോകകപ്പും ഇതു തന്നെയാണ്. ഞാന്‍ ഇതു പരമാവധി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നു, ഇതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഐസിസി ടൂര്‍ണമെന്റ് ജയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു, കപ്പുയര്‍ത്താന്‍ ആഗ്രഹിച്ചുവെന്നും കോലി പറഞ്ഞു.

ROHIT SHARMA VIRAT KOHLI

ടി20യില്‍ ഇന്ത്യയുടെ അടുത്ത തലമുറ വരേണ്ട സമയമാണിത്. രണ്ടു വര്‍ഷത്തെ സൈക്കിളാണിത്. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ചില അദ്ഭുതപ്പെടുത്തുന്ന താരങ്ങളുണ്ട്. ടി20 ഫോര്‍മാറ്റില്‍ അവര്‍ ടീമിനെ മുന്നോട്ടു നയിക്കുകയും അദ്ഭുതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അവര്‍ അതു ചെയ്യുന്നത് ഐപിഎല്ലില്‍ നമ്മള്‍ കാണുകയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യന്‍ പതാക അവര്‍ ഉയര്‍ത്തിപ്പിടിക്കുമെന്നതില്‍ എനിക്കു സംശയവുമില്ല. ടീമിനെ ഇവിടെ നിന്നും അവര്‍ മുന്നോട്ടു തന്നെ കൊണ്ടു പോവുകയും ചെയ്യുമെന്നും കോലി കൂട്ടിച്ചേര്‍ത്തു.

കോലിയുടെ അന്താരാഷ്ട്ര ടി20 കരിയറെടുക്കുകയാണെങ്കില്‍ 125 മല്‍സരങ്ങളിലാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. ഇവയില്‍ 117 ഇന്നിങ്‌സുകളില്‍ നിന്നും 48.69 ശരാശരിയില്‍ 4188 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. 137.04 സ്‌ട്രൈക്ക് റേറ്റോടെയാണിത്. 38 ഫിഫ്റ്റികളും ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരേയാണ് ഓപ്പണറായി ഇറങ്ങി കോലി കന്നി സെഞ്ച്വറി കണ്ടെത്തിയത്.

Story first published: Sunday, June 30, 2024, 1:38 [IST]
Other articles published on Jun 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+