ഗയാന: ഇന്ത്യന്‍ റണ്‍മെഷീനും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയെ വച്ചുള്ള പരീക്ഷണം വീണ്ടുമൊരിക്കല്‍ക്കൂടി ദുരന്തത്തില്‍ കലാശിച്ചു. ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി ആറു മല്‍സരങ്ങളില്‍ ഓപ്പണറായി ഫ്‌ളോപ്പായിട്ടും പാഠംപഠിക്കാതെ വീണ്ടും പരീക്ഷണം തുടര്‍ന്ന ഇന്ത്യക്കു ഒരിക്കല്‍ക്കൂടി തിരിച്ചടിയാണ് നേരിട്ടത്. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലിലും ബാറ്റിങില്‍ കോലി വീണ്ടും ദുരന്തമായി തീര്‍ന്നു. ഒമ്പതു ബോളില്‍ ഒരു സിക്‌സറടക്കം ഒമ്പതു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം മടങ്ങി.
ഇടംകൈയന്‍ സീമര്‍ റീസ്സ് ടോപ്പ്‌ലെയുടെ ബോളില്‍ കോലി ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. 2022ലെ കഴിഞ്ഞ ലോകകപ്പിലെ ടോപ്‌സ്‌കോററായിരുന്ന അദ്ദേഹത്തിനു ഇത്തവണ 100 റണ്‍സ് പോലും ഇനിയും തികയ്ക്കാനാട്ടില്ല. ഏഴു മല്‍സരങ്ങളില്‍ നിന്നും 10.71 എന്ന ദയനീയ ശരാശരിയില്‍ 100 സ്‌ട്രൈക്ക് റേറ്റില്‍ നേടാനായത് 75 റണ്‍സ് മാത്രമാണ്. 37 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

മുന്‍ മല്‍സരങ്ങളിലേതു പോലെ ഈ കളിയിലും തീര്‍ത്തും നിരുത്തരവാദപരമായ ഷോട്ട് കളിച്ചാണ് കോലി വിക്കറ്റ് വലിച്ചെറിഞ്ഞത്. പിച്ചിന്റെ സ്വഭാവമോ, ബോളിന്റെ ലൈനോ, ലെങ്‌ത്തോ പരിഗണിക്കാതെ തീര്‍ത്തും അലക്ഷ്യമായി ബാറ്റ് വീശുന്ന കോലിയെയാണ് ഈ മല്‍സരത്തിലും കണ്ടത്. മുന്‍ മല്‍സരങ്ങളില്‍ തനിക്കേറ്റ തിരിച്ചടികളില്‍ നിന്നും അദ്ദേഹം യാതൊന്നും പഠിച്ചിട്ടില്ലെന്നാണ് ഈ കളിയിലെയും പുറത്താവല്‍ തെളിയിക്കുന്നത്.
ആദ്യ രണ്ടോവറിനിടെ തന്നെ രണ്ടു തവണ കോലി ബീറ്റ് ചെയ്യപ്പെട്ടിരുന്നു. ടോപ്പ്‌ലേയെറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ രക്ഷപ്പെടല്‍. ക്രീസിനു പുറത്തേക്കിറങ്ങി കോലി പ്രഹരിക്കാന്‍ ശ്രമിച്ചെങ്കിലും ബോള്‍ കണക്ടായില്ല. ലെഗ് സ്റ്റംപിനു തൊട്ടിരികില്‍ കൂടിയാണ് ഈ ബോള്‍ കടന്നുപോയത്. ആദ്യത്തെ മൂന്നു ബോളിലും കോലിക്കു അക്കൗണ്ട് തുറക്കാനായില്ല.
ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ ബോളിലും കോ ബീറ്റ് ചെയ്യപ്പെട്ടു. ഒരിക്കല്‍ക്കൂടി ക്രീസിനു പുറത്തേക്കിറങ്ങിയാണ് അദ്ദേഹം അഗ്രസീവ് ഷോട്ടിനു തുനിഞ്ഞത്. പക്ഷെ ബോള്‍ കണക്ട് ചെയ്യാന്‍ കോലിക്കായില്ല. അടുത്ത ബോള്‍ ഓണ്‍സൈഡിലേക്കു കളിച്ച് അദ്ദേഹം അക്കൗണ്ട് തുറന്നു.
അടുത്ത ഓവറിലെ രണ്ടാമത്തെ ബോളില്‍ ടോപ്പ്‌ലേയ്‌ക്കെിരേ കോലി കിടിലനൊരു സിക്‌സര്‍ പായിച്ചു. സ്റ്റംപ് ലക്ഷ്യമിട്ടെത്തിയ ഫുള്‍ ലെങ്ത്ത് ബോള്‍ മിഡ് വിക്കറ്റിനു മുകളിലൂടെ കോലി സിക്‌സറിലേക്കു പായിക്കുകയായിരുന്നു. അടുത്ത ബോളില്‍ അദ്ദേഹം ഡബിളുമെടുത്തു.
നാലാമത്തെ ബോളില്‍ കോലിയുടെ കുറ്റിയും തെറിച്ചു. ഗുഡ് ലെങ്ത്ത് ഏരിയയില്‍ പിച്ച് ചെയ്ത ബോളിനെ കോലി ലെഗ് സൈഡിലേക്കു മാറി മിഡ് വിക്കറ്റിനു മുകളിലൂടെ കളിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ബോളിന്റെ മൂവ്‌മെന്റ് കണക്കുകൂട്ടല്‍ തെറ്റിച്ചു. ബോള്‍ കണക്ട് ചെയ്യാന്‍ കോലിക്കു സാധിക്കാതെ പോയതോടെ ലെഗ് സ്റ്റംപില്‍ പതിക്കുകയുമായിരുന്നു. ഇതോടെ സ്വന്തം ഷോട്ടിനെ പഴിച്ച് കോലിക്കു വീണ്ടും തലയാട്ടി ക്രീസ് വിടേണ്ടി വരികയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ കോലിയുടെ ഫ്‌ളോപ്പ് ഷോയില്‍ നിരാശയും രോഷവുമാണ് ആരാധകര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. വിരാട് കോലിയെക്കൊണ്ട് ആരാണ് ഈ ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യിക്കാന്‍ തീരുമാനിച്ചത്? എത്രയും പെട്ടെന്നു അവരെയാണ് പുറത്താക്കേണ്ടത്. ആറു ഇന്നിങ്‌സുകളില്‍ ഫ്‌ളോപ്പായിട്ടും അദ്ദേഹത്തെക്കൊണ്ട് ഇതു പറ്റില്ലെന്നു ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനു മനസിലായില്ലേയെന്നും ആരാധകര്‍ തുറന്നടിക്കുന്നു.
വിരാട് കോലീ എന്താണിത്? മുതിര്‍ന്ന ബാറ്ററെന്ന നിലയില്‍ നിങ്ങള്‍ക്കു കുറച്ചുകൂടി ഉത്തരവാദിത്വമുണ്ട്. പക്ഷെ ഈ ലോകകപ്പിലെ ഒരു കളിയില്‍പ്പോലും നിങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് ചെയ്തിട്ടില്ല. ഇംഗ്ലണ്ടിനോടു തോറ്റ് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായാല്‍ ആരാധകര്‍ നിങ്ങളോടു പൊറുക്കില്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു.
വിരാട് കോലിയുടെ സ്ഥാനത്തു സഞ്ജു സാംസണാണ് തുടര്‍ച്ചയായി ഏഴു കളിയില്‍ ഫ്‌ളോപ്പാവുന്നതെങ്കില്‍ എന്തു സംഭവിക്കും? അദ്ദേഹത്തോടു നിങ്ങള്‍ ക്ഷമിക്കുമോ? ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ സഞ്ജുവിനെ എല്ലാവരും പ്രേരിപിച്ചേനെ. കോലിക്കാണെങ്കില്‍ ഫോം ആവുന്നതു വരെ അവസരം കിട്ടിക്കൊണ്ടേയിരിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.