ലോകകപ്പ് ചരിത്രമെടുത്താല്‍ ടീം സെലക്ഷനില്‍ ഓരോ കാലത്തും ഇന്ത്യയുടെ ഭാഗത്തു നിന്നും മണ്ടത്തരങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇത്തവണ ടി20 ലോകകപ്പിലും ഇന്ത്യ അങ്ങനെയൊരു അബദ്ധം കാണിച്ചിട്ടുണ്ട്. അതാണ് വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയുടെ സെലക്ഷന്‍. ബാറ്റിങില്‍ അദ്ദേഹം തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം ക്രീസ് വിട്ടത്.
ഹാര്‍ദിക് പാണ്ഡ്യയുടെ പുറത്താവലിനു ശേഷം 18ം ഓവറിലാണ് ശിവം ദുബെ ക്രീസിലെത്തിയത്. പക്ഷെ ക്രിസ് ജോര്‍ഡന്‍ എറിഞ്ഞ ഓവറില്‍ അദ്ദേഹം വന്നതും പോയതും കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. ഓഫ്സ്റ്റംപിന് പുറത്ത് ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളാണ് ജോര്‍ഡന്‍ പരീക്ഷിച്ചത്. എന്തു ചെയ്യണമെന്നറിയാതെ ബാറ്റ് താഴേക്കു കൊണ്ടുവന്ന ദുബെയ്ക്കു പാളി. ബാറ്റില്‍ എഡ്ജായ അദ്ദേഹത്തെ സിംപിള്‍ ക്യാച്ചിലൂടെ ജോസ് ബട്‌ലര്‍ മടക്കുകയായിരുന്നു.

ടൂര്‍ണമെന്റിലെ ഏഴു മല്‍സരങ്ങളിലും ദുബെ ഇതിനകം കളിച്ചുകഴിഞ്ഞു. പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല. 21.2 ശരാശിരിയില്‍ 106 സ്‌ട്രൈക്ക് റേറ്റില്‍ 106 റണ്‍സ് മാത്രമാണ് ദുബെയുടെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 34 റണ്‍സുമാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി നടത്തിയ പ്രകടനമാണ് അദ്ദേഹത്തെ ലോകകപ്പ് ടീമിലെത്തിച്ചത്. സ്ഥിരം ഫിനിഷറായ റിങ്കു സിങിനെ തഴഞ്ഞാണ് ദുബെയെ ലോകകപ്പ് സ്‌ക്വാഡില്‍ സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയത്.
ഇതുപോലെയൊരു വന്‍ മണ്ടത്തരം 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യന്‍ സെലക്ടര്‍മാര്‍ കാണിച്ചിരുന്നു. ലോകകപ്പിനു തൊട്ടുമുമ്പുള്ള ചില മല്‍സരങ്ങളില്‍ ക്ലിക്കായില്ലെന്ന കാരണത്താല്‍ ഉറപ്പായും ടീമില്‍ വേണ്ടിയിരുന്ന മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡുവിനെ സെലക്ടര്‍ തഴയുകയായിരുന്നു. പകരം ഒട്ടും അനുഭവസമ്പത്തില്ലാത്ത മീഡിയം പേസ് ഓള്‍റൗണ്ടറായ വിജയ് ശങ്കറിനെ കളിപ്പിക്കുകയായിരുന്നു.
സെലക്ഷന്‍ കമ്മിറ്റിയുടെ ഈ നീക്കം വന്‍ ഫ്‌ളോപ്പാവുകയും വിജയ് ടൂര്‍ണമെന്റില്‍ തികഞ്ഞ പരാജയമായി മാറുകയും ചെയ്തു. അന്നു വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് സെലക്ഷന്‍ കമ്മിറ്റിക്കു നേരിടേണ്ടി വന്നത്.
ഈ ലോകകപ്പില്‍ അതേ അബദ്ധമാണ് മറ്റൊരു സെലക്ഷന്‍ കമ്മിറ്റിയും കാണിച്ചത്. ലോകകപ്പിനു മുമ്പ് വരെ ഫിനിഷറായി ടീമില്‍ സ്ഥാനമുറപ്പിച്ച താരമായിരുന്നു റിങ്കു. 15 ടി20കളില്‍ നിന്നും 89 എന്ന കിടിലന്‍ ശരാശരിയില്‍ 176.23 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 356 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

പക്ഷെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല ഒറ്റക്കാരണം കൊണ്ടു മാത്രം റിങ്കുവിനെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. പകരം സ്പിന്നര്‍മാര്‍ക്കെതിരേയുള്ള പ്രഹരശേഷി മാത്രം പരിഗണിച്ച് ദുബെയെ സ്‌ക്വാഡിലുള്‍പ്പെടുത്തുകയും ചെയ്തു. പക്ഷെ ഇതു എത്ര മാത്രം വലിയ മണ്ടത്തരമാണെന്നു ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞു.
നിലവില്‍ റിസര്‍വ് ലിസ്റ്റിലുള്ള റിങ്കു ഇന്ത്യന്‍ ടീമിനൊപ്പം തന്നെയുണ്ട്. 15 അംഗ ടീമിലെ ഏതെങ്കിലുമൊരു താരം പുറത്തായാല്‍ മാത്രമേ റിങ്കുവിനെ പ്രധാന ടീമിലേക്കു കൊണ്ടുവരാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. ഇനി അതിനുള്ള സാധ്യത ഇല്ലെന്നു തന്നെ പറയേണ്ടി വരും. എങ്കിലും ഇന്ത്യന്‍ ലോകകപ്പിന്റെ ചരിത്രത്തിലെ മറ്റൊരു മോശം തീരുമാനമായി ദുബെയെ ഉള്‍പ്പെടുത്തിയത് എക്കാലവും ചൂണ്ടിക്കാണിക്കപ്പെടുമെന്ന കാര്യമുറപ്പാണ്.