ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ബാറ്റിങില്‍ ക്ലിക്കാവാതെ തപ്പിത്തടയുന്ന മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലിക്കു ഉപദേശവുമായി മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോന്‍. ഗ്രൂപ്പുഘട്ടത്തില്‍ ഓപ്പണറായാണ് മൂന്നു മല്‍സരങ്ങളിലും കോലി കളിച്ചത്. ഇവയിലെല്ലാം അദ്ദേഹം വന്‍ ഫ്‌ളോപ്പാവുകയും ചെയ്തു. മൂന്നിങ്‌സുകളിലും രണ്ടക്കം തികയ്ക്കാന്‍ കഴിയാതെ പോയ കോലി ഒന്നില്‍ ഗോള്‍ഡന്‍ ഡെക്കുമായിരുന്നു. സൂപ്പര്‍ എട്ടിലെങ്കിലും ഫോം വീണ്ടെടുക്കാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്യവെയാണ് വോനിന്റെ ഉപദേശം.
ബാറ്റിങില്‍ ഒരു അബദ്ധം കോലി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ ക്യാംപിലെ ആരെങ്കിലും ഈ പിഴവ് എന്താണെന്നു പറഞ്ഞ് മനസ്സിലാക്കണമെന്നും വോന്‍ ചൂണ്ടിക്കാട്ടി. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ഗംഭീരമായ ഒരു ഐപിഎല്ലിനു ശേഷമാണ് വിരാട് കോലി ലോകകപ്പിന് എത്തിയിരിക്കുന്നത്. ഐപിഎല്ലില്‍ 200 പ്ലസ് സ്‌കോറുകള്‍ പിറന്ന മല്‍സരങ്ങളില്‍ കളിച്ച ശേഷം പല താരങ്ങളും ലോകകപ്പില്‍ ഇപ്പോള്‍ കളിക്കുന്നതായി നമുക്കു കാണാം. ഐപിഎല്ലിലേത് ഫ്‌ളാറ്റ് പിച്ചുകളും വലിപ്പം കുറഞ്ഞ ബൗണ്ടറികളുമായിരുന്നു.
അതുകൊണ്ടു തന്നെ താരങ്ങള്‍ക്കു വളരെ അനായാസം ഐപിഎല്ലില്‍ ബൗണ്ടറികള്‍ പായിക്കാനും സാധിച്ചിരുന്നു. പക്ഷെ ഈ ലോകകപ്പില്‍ സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. പിച്ചുകള്‍ അത്ര ഫ്‌ളാറ്റല്ല, ബൗണ്ടറികളുടെ ദൈര്‍ഘ്യവും കൂടുതലാണെന്നു വോന്‍ വിലയിരുത്തി.
180 പ്ലസ് സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചായിരുന്നു നമ്മള്‍ ഐപിഎല്ലിന്റെ സമയത്തു പറഞ്ഞുകൊണ്ടിരുന്നത്. ഈ താരങ്ങള്‍ക്കു അതിനു സാധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഇവിടുത്തെ സാഹചര്യങ്ങള്‍ വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്. 160 പ്ലസ് റണ്‍സ് ഇവിടെ വളരെ മികച്ചൊരു ടോട്ടലാണ്. ടി20യിലെ വെടിക്കെട്ട് കഴിഞ്ഞുവെന്നാണ് ഈ ലോകകപ്പ് കണ്ടപ്പോള്‍ നമുക്കു തോന്നിയത്.
കളിക്കാര്‍ മറ്റൊരു തലത്തിലേക്കു മാറുകയും ചെയ്തിട്ടുണ്ട്. ഇംപാക്ട് പ്ലെയര്‍ നിയമവും ഐപിഎല്ലില്‍ വലിയൊരു പങ്കുവഹിച്ചിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഇംപാക്ട് പ്ലെയര്‍ നിയമമില്ല. പിച്ചുകളും കൂടുതല്‍ കടുപ്പമേറിയതാണ്. അതുകൊണ്ടു തന്നെ പഴയ ശൈലിയിലുള്ള വിരാട് കോലിയെ കൊണ്ടുവരണമെന്നും വോന്‍ നിരീക്ഷിച്ചു.
പഴയ വിരാടിനെ നിങ്ങള്‍ക്കറിയാം. 130 സ്‌ട്രൈക്ക് റേറ്റില്‍ ബാ്റ്റ് ചെയ്തു കൊണ്ടിരുന്ന ഒരു വിരാട് നേരത്തേയുണ്ടായിരുന്നു. ഈ തരത്തിലുള്ള പിച്ചുകളില്‍ ആ ശൈലിയിലുള്ള താരത്തിനാണ് കൂടുതല്‍ മൂല്യമെന്നും വോന്‍ ചൂണ്ടിക്കാട്ടി.

കരീബിയയിലെ പിച്ചുകള്‍ ഫ്‌ളാറ്റാണ്. 220 റണ്‍സെന്നത് ഒരു നല്ല സ്‌കോര്‍ തന്നെയായിരിക്കും. കഴിഞ്ഞ രണ്ടാഴ്ചകളില്‍ കണ്ടതു പോലെയുളള പിച്ചുകളാണെങ്കില്‍ നിങ്ങള്‍ 180 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യണം. വിരാട് കോലി ഈ ലോകകപ്പില്‍ കളിച്ച മൂന്ന് ഇന്നിങ്‌സുകളിലും ഓഫ് സ്റ്റംപിനു പുറത്തുകൂടി പോയ ബോളിലാണ് പുറത്തായത്.
ഇതാണ് ടി20യുടെ സ്വഭാവം. ഷോട്ടുകള്‍ക്കായി നിങ്ങള്‍ക്കു തുനിയേണ്ടതായി വരും. കോലി ബാറ്റ് ചെയ്യുമ്പോള്‍ ഫോര്‍ത്ത് സ്റ്റംപിന് ലൈനില്‍ ആയിരിക്കും അവര്‍ ബൗള്‍ ചെയ്യുന്നത്. ഐപിഎല്ലില്‍ വളരെ അഗ്രസീവായാണ് വിരാട് ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. അതേ രീതിയില്‍ തന്നെയാണ് ലോകകപ്പിലും അദ്ദേഹം കളിക്കാന്‍ ശ്രമിക്കുന്നത്.
എന്നാല്‍ തന്റെ പഴയ ശൈലിയില്‍ കളിക്കണമെന്നു ഇന്ത്യന്‍ ക്യാംപിലെ ആരെങ്കിലും വിരാടിനോടു പറയേണ്ടതുണ്ട്. നിങ്ങള്‍ ഗ്ലൂ ആവുകയാണെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ 150-160 റണ്‍സിലെത്തും. വിരാട് ഈ ഗ്ലൂ ആയി മാറിയാല്‍ ഇന്ത്യക്കു എല്ലായ്‌പ്പോഴും ഈ നമ്പറിലേക്കു എത്താന്‍ സാധിക്കുമെന്നും വോന്‍ വിശദമാക്കി.