ബാര്‍ബഡോസില്‍ നടന്ന ത്രില്ലറില്‍ സൗത്താഫ്രിക്കയെ വീഴ്ത്തി ഇന്ത്യ ലോക ചാപ്യന്‍മാരായി രണ്ടു ദിവസം പിന്നിട്ടിട്ടും ഫൈനലിലെ ക്യാച്ചുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമാണ്. കളിയിലെ ടേണിങ് പോയിന്റായി മാറിയ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചുമായി ബന്ധപ്പെട്ടാണ് വാദപ്രതിവാദങ്ങള്‍ മുറുകുന്നത്. ബൗണ്ടറി ലൈനനിന് തൊട്ടരികില്‍ വച്ച് ഡേവിഡ് മില്ലറെ പിടികൂടിയപ്പോള്‍ സൂര്യയുടെ കാല്‍ അതില്‍ ടച്ച് ചെയ്തിട്ടുണ്ടെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറും ക്യാപ്റ്റനുമായിരുന്ന ഷോണ്‍ പൊള്ളോക്ക്.
സൂര്യയുടെ ക്യാച്ചില്‍ അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്നും അതു ശരിക്കും ക്യാച്ച് തന്നെയാണന്നും പൊള്ളോക്ക് ചൂണ്ടിക്കാണിക്കുന്നു. ആ ക്യാച്ചില്‍ ഒരു കുഴപ്പവുമില്ല. ശരിക്കും അത് ക്യാച്ച് തന്നെയാണ്. ക്യാച്ചെടുക്കുമ്പോള്‍ ബൗണ്ടറി ലൈന്‍ നീങ്ങിയിട്ടില്ല. സൂര്യകുമാര്‍ യാദവിന്റെ കാല്‍ അതിനു മുകളിലുമായിരുന്നില്ല. വളരെ മികച്ച കഴിവ് തന്നെയാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചതെന്നും പൊള്ളോക്ക് വ്യക്തമാക്കി.

ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 20ാമത്തെ ഓവറിലെ ആദ്യത്തെ ബോളിലായിരുന്നു ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാറാടിച്ച സൂര്യയുടെ കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ച്. അവസാന ഓവറില്‍ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സാണ്. അതുകൊണ്ടു തന്നെ വമ്പന്‍ ഷോട്ട് കളിക്കാന്‍ മില്ലര്‍ നിര്‍ബന്ധിതനായി തീരുകയായിരുന്നു. ഒരു വൈഡ് ഫുള്‍ ടോസാണ് ഹാര്‍ദിക് എറിഞ്ഞത്. ബോളിന്‍റെ ലൈനിലേക്കു വന്ന മില്ലര്‍ ആഞ്ഞുവീശുകയും ചെയ്തു.
ലോങ് ഓഫിനു മുകളിലൂടെ ബോള്‍ സിക്‌സറിലെത്തുമെന്നാണ് പ്രതീക്ഷിച്ചത്. മികച്ച ടൈമിങ്ങുള്ള ഷോട്ട് കൂടിയായിരുന്നു അത്. പക്ഷെ പെട്ടെന്നാണ് തന്റെ ഇടതു വശത്തേക്കു ഓടിക്കയറിയ സൂര്യ ബൗണ്ടറി ലൈനിനു തൊട്ടിരികില്‍ വച്ച് ക്യാച്ചെടുത്തത്. തനിക്കു നിയന്ത്രണം നഷ്ടപ്പെട്ടേക്കാമെന്നു മനസ്സിലായതോടെ സൂര്യ ബോള്‍ മുകളിലേക്ക് എറിഞ്ഞ് ബൗണ്ടറി ലൈനിനു പുറത്തേക്കും പെട്ടെന്നു തന്നെ അകത്തേക്കും ചാടിയ ശേഷം ബോള്‍ കൈയ്ക്കുള്ളിലൊതുക്കി.
ഇതു ക്യാച്ചാണോ, സിക്‌സറാണോയെന്ന കാര്യത്തില്‍ സംശയം വന്നതോടെ തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയായിരുന്നു. ക്യാച്ചെടുക്കുമ്പോള്‍ സൂര്യയുടെ ഷൂസ് ബൗണ്ടറി ലൈനില്‍ എവിടെയും സ്പര്‍ശിച്ചിട്ടില്ലെന്നു വ്യത്യസ്ത ആംഗിളുകളില്‍ നിന്നും പരിശോധിച്ച ശേഷം അംപയര്‍ അതു ഔട്ടാണെന്നും വിധിക്കുകയായിരുന്നു. ഇന്ത്യ വിജയവും ലോക കിരീടവും ഉറപ്പിച്ച നിമിഷം കൂടിയായിരുന്നു ഇത്.

പക്ഷെ ഫൈനലിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ഈ ക്യാച്ചുമായി ബന്ധപ്പെട്ട് വിവാദം കത്തുകയും ചെയ്തു. സൗത്താഫ്രിക്കന്‍ ആരാധകരാണ് ഈ ക്യാച്ചിനെതിരേ ആദ്യം രംഗത്തുവന്നത്. ക്യാച്ചെടുക്കവെ സൂര്യയുടെ ഷൂസിന്റെ മുന്‍ഭാഗം ബൗണ്ടറി ലൈനില്‍ ചെറുതായി സ്പര്‍ശിച്ചിട്ടുണ്ടെന്നും പക്ഷെ തേര്‍ഡ് അംപയര്‍ ഇതു സൂക്ഷ്മമായി പരിശോധിക്കാതെ ക്യാച്ച് വിധിക്കുകയായിരുന്നുവെന്നുമാണ് അവര്‍ തുറന്നടിച്ചത്.
ഏഴു റണ്‍സിന്റെ ആവേശകരമായ ജയത്തോടെയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ലോക കിരീടത്തില്‍ മുത്തമിട്ടത്. സൗത്താഫ്രിക്കയ്ക്കു അവസാനത്തെ 30 ബോളില്‍ 30 റണ്‍സ് മാത്രം മതിയെന്നിരിക്കെയാണ് ഉജ്ജ്വല ബൗളിങിലൂടെ അവരെ ഇന്ത്യ തളച്ചത്. 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്കയ്ക്കു എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.