ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആവേശ പോരാട്ടങ്ങള്‍ സൂപ്പര്‍ എട്ടിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഗ്രൂപ്പ് എയില്‍ നിന്ന് മൂന്ന് ജയം നേടിയാണ് ഇന്ത്യ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചത്. ഒരു മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ പ്രകടനം ശരാശരിയായിരുന്നു.
ബാറ്റിങ് നിരയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് അല്‍പ്പം സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതായിരുന്നു. ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാര്‍ ഇന്ത്യക്കുണ്ടായി. ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ സൂര്യകുമാര്‍ യാദവ് മൂന്നാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അമേരിക്കയ്‌ക്കെതിരേ ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ സൂര്യകുമാറിന് സാധിച്ചു. ഒന്നാം നമ്പര്‍ ടി20 താരമെന്ന നിലയില്‍ സൂര്യയില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കുന്നു.
ഇപ്പോഴിതാ ആദ്യ മത്സരങ്ങളിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ നിന്ന് എങ്ങനെയാണ് ഫോമിലേക്കെത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. 'കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ഞാനായിരുന്നു ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍. ടീമിനാവശ്യമുള്ളതുപോലെ പിച്ചിന്റെ സ്വഭാവം അനുസരിച്ച് ബാറ്റ് ചെയ്യാന്‍ സാധിക്കണം. അതിനാണ് ഞാന്‍ ശ്രമിച്ചത്. നമ്മുടെ ശൈലി മനസിലാക്കുന്ന ബൗളര്‍മാരും പിച്ചിന് തീരെ വേഗവുമില്ലാതെ വരുമ്പോള്‍ ബാറ്റ്‌സ്മാന്‍ ബുദ്ധിപൂര്‍വ്വം കളിക്കുക മാത്രമാണ് ചെയ്യേണ്ടത്.
സാഹചര്യത്തിനനുസരിച്ച് ശൈലി മാറ്റണം. നോണ്‍സ്‌ട്രൈക്കിലെ താരത്തോട് സംസാരിച്ചുകൊണ്ട് കൃത്യമായ പദ്ധതികളോടെ മുന്നോട്ട് പോകണം. ശാന്തതയോടെ ഇന്നിങ്‌സ് കൊണ്ടുപോകാന്‍ സാധിക്കണം' സൂര്യകുമാര്‍ യാദവ് പറഞ്ഞു. അമേരിക്കയിലെ സാഹചര്യം ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയ പരിചയമുള്ളതല്ല. സൂര്യകുമാര്‍ ആദ്യമായാണ് അമേരിക്കയില്‍ കളിക്കുന്നത്. അതുകൊണ്ടുതന്നെ സൂര്യകുമാറിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല.

പക്ഷെ അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ പിച്ചിന്റെ സ്വഭാവം കൃത്യമായി മനസിലാക്കാന്‍ സൂര്യകുമാറിന് സാധിച്ചു. ഇതോടെ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയുടെ മാച്ച് വിന്നറായി അദ്ദേഹം മാറി. ഇനിയുള്ളത് സൂപ്പര്‍ എട്ട് പോരാട്ടങ്ങളാണ്. ഇതിന് വേദി വെസ്റ്റ് ഇന്‍ഡീസാണ്. സ്പിന്നിനെ തുണക്കുന്ന വിന്‍ഡീസ് പിച്ചില്‍ സൂര്യ എങ്ങനെ ശോഭിക്കുമെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ വിന്‍ഡീസ് പിച്ചിനോട് പൊരുത്തപ്പെടാന്‍ മാനസികമായി തയ്യാറാണെന്ന് സൂര്യ പറഞ്ഞു.
'വിന്‍ഡീസില്‍ കളിക്കുന്നതിനെ സന്തോഷത്തോടെയാണ് കാണുന്നത്. ഇവിടുത്തെ സാഹചര്യം അല്‍പ്പം പ്രയാസമുള്ളതും വെല്ലുവിളി നിറഞ്ഞതുമാണ്. എന്നാല്‍ വിന്‍ഡീസില്‍ കളിച്ചിട്ടുള്ളതിനാല്‍ ഇവിടുത്തെ സാഹചര്യം അറിയാം. അമേരിക്കയിലേക്കാള്‍ മെച്ചപ്പെട്ട പിച്ചാണ് ഇവിടുത്തേത്. പരിശീലന സെക്ഷനിലേതുപോലെ ഇതേ ശൈലിയില്‍ തുടരാനാണ് ആഗ്രഹിക്കുന്നത്' സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു. പരിശീലനത്തിനിടെ സൂര്യക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ അല്‍പ്പ നേരം വിശ്രമിച്ച ശേഷം സൂര്യകുമാര്‍ പരിശീലനം പുനരാരംഭിച്ചിരുന്നു. വിന്‍ഡീസിലെ പിച്ച് സ്പിന്നിന് അനുകൂലമായതിനാല്‍ വ്യത്യസ്തമായ ഷോട്ടുകള്‍ കളിച്ച് റണ്‍സുയര്‍ത്തേണ്ടത് അത്യാവശ്യമാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള താരമാണ് സൂര്യ. അതുകൊണ്ടുതന്നെ സൂപ്പര്‍ എട്ടിലെ സൂര്യയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.
സൂപ്പര്‍ എട്ടില്‍ ഇന്ത്യ ഒരു മാറ്റത്തോടെ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് പേസര്‍മാരുമായാണ് ഇന്ത്യ കളിച്ചത്. എന്നാല്‍ സൂപ്പര്‍ എട്ടില്‍ മുഹമ്മദ് സിറാജിനെ പുറത്തിരുത്തി പകരം ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് കളിച്ചേക്കും. വിന്‍ഡീസിലെ സാഹചര്യത്തില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കുന്നതിനാല്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാനാണ് സാധ്യത. ഇന്ത്യയുടെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്കെല്ലാം മഴ ഭീഷണിയുണ്ട്. അതുകൊണ്ട് തന്നെ എന്താവും വിധിയെന്നത് കണ്ടറിയാം.