ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയ ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ ആവേശ ജയം നേടിയെടുത്തിരിക്കുകയാണ് ഇന്ത്യ. അവസാന ഓവര്‍ വരെ പോരാട്ടം നിറഞ്ഞുനിന്ന മത്സരത്തില്‍ 6 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പാകിസ്താന് 7 വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തിയപ്പോഴും ബൗളിങ് നിര അവസരത്തിനൊത്ത് ഉയരുകയായിരുന്നു.
ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയും മിന്നിച്ചു. ഇപ്പോഴിതാ രോഹിത്തിന്റെ നായക മികവിനെ എല്ലാവരും പ്രശംസിക്കവെ വലിയ വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. ബൗളര്‍മാരെ ഉപയോഗിച്ചതില്‍ രോഹിത്തിന് പിഴവ് സംഭവിച്ചുവെന്നാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടുന്നത്.
'തുടക്കത്തിലേ തന്നെ ബാബര്‍ അസമിനേയും മുഹമ്മദ് റിസ്വാനേയും പുറത്താക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അവരുടെ മധ്യനിരയെ വലിയ സമ്മര്‍ദ്ദത്തിലേക്കെത്തിക്കാന്‍ സാധിക്കുമായിരുന്നു. ബുംറക്ക് ആദ്യ ഓവര്‍ തന്നെ നല്‍കണമായിരുന്നു. അല്ലാതെ മൂന്നാമത്തെ ഓവര്‍ അല്ല. അവന്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ബൗളറാണ്. അവനെ കാത്ത് നിര്‍ത്താനാവില്ല' ഗവാസ്‌കര്‍ പറഞ്ഞു. എന്നാല്‍ ബുംറയെ വളരെ കൃത്യമായി ഉപയോഗിക്കാന്‍ രോഹിത്തിനായി.
അഹമ്മദിനേയും പുറത്താക്കി പാകിസ്താനെ തകര്‍ത്തത് ബുംറയാണ്. തന്റെ റോള്‍ കൃത്യമായി ചെയ്യാന്‍ ബുംറക്ക് സാധിച്ചു. എല്ലാ ബൗളര്‍മാരേയും കൃത്യമായി ഉപയോഗപ്പെടുത്തിയ രോഹിത് 119 എന്ന ചെറിയ സ്‌കോര്‍ പ്രതിരോധിക്കുകയും ചെയ്തു. നായകനെന്ന നിലയില്‍ രോഹിത്തിന്റെ മികവ് അടയാളപ്പെടുത്തുന്ന വിജയം തന്നെയാണിതെന്ന് നിസംശയം പറയാം.

സ്പിന്നര്‍മാര്‍ക്ക് കാര്യമായി പിന്തുണ ലഭിക്കാതെ വന്നപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്ക് നാല് ഓവര്‍ നല്‍കുകയും കൃത്യമായി പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യാന്‍ രോഹിത്തിനായി. ബാറ്റിങ്ങിനിറങ്ങി ഫ്‌ളോപ്പായെങ്കിലും നായകനെന്ന നിലയില്‍ രോഹിത്തിന് കൈയടിക്കണം. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. രോഹിത് 13 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ഇതിഹാസ താരം വിരാട് കോലി 4 റണ്‍സാണ് നേടിയത്.
റിഷഭ് പന്ത് 31 പന്തില്‍ 42 റണ്‍സാണ് അടിച്ചെടുത്തത്. 6 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു റിഷഭിന്റെ പ്രകടനം. മൂന്നാം നമ്പറില്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം റിഷഭ് മുതലാക്കുന്നുണ്ട്. പക്ഷെ വമ്പനടിക്കാരനായ സൂര്യകുമാര്‍ യാദവ് ഫ്‌ളോപ്പ് ഷോ തുടരുകയാണ്. 7 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. ശിവം ദുബെ 3 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 7 റണ്‍സും നേടിയപ്പോള്‍ രവീന്ദ്ര ജഡേജ ഗോള്‍ഡന്‍ ഡെക്കായി. പാകിസ്താന്‍ ബൗളര്‍മാരെ ഇന്ത്യ നിസാരമായി കണ്ടെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
പാകിസ്താന്റെ ബൗളര്‍മാര്‍ കരുത്തുറ്റതാണ്. ഇവരുടെ മികവ് മനസിലാക്കി ബാറ്റ് ചെയ്യാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അഹങ്കാരം കാട്ടിയെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഗവാസ്‌കര്‍ പറഞ്ഞു. പാകിസ്താനെ തോല്‍പ്പിച്ചതോടെ ഇന്ത്യ സൂപ്പര്‍ 8ന് തൊട്ടടുത്തെത്തി. എന്നാല്‍ വരുന്ന മത്സരങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ബാറ്റിങ് കരുത്ത് ശക്തമാക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം തിരിച്ചടി നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.
എന്തായാലും പാകിസ്താനെ തോല്‍പ്പിച്ച് വീണ്ടും അഭിമാനം കാക്കാന്‍ ഇന്ത്യക്കായി. തോറ്റിരുന്നെങ്കില്‍ അത് വലിയ നാണക്കേടായി മാറുമായിരുന്നു. അമേരിക്കയോട് അട്ടിമറി നേരിട്ട പാകിസ്താന്‍ ഇന്ത്യയോടും തോറ്റതോടെ ടീമിന്റെ സൂപ്പര്‍ 8 സാധ്യതകളും മങ്ങിയിരിക്കുകയാണ്.ഗ്രൂപ്പു ഘട്ടത്തില്‍ത്തന്നെ പാകിസ്താന്‍ പുറത്താവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.