ടി20 ലോകകപ്പമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നു കുഴപ്പത്തിലായിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്. ടൂര്‍ണമെന്റിനെ തീര്‍ത്തും അവഗണിക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനം നടത്തിയ പരാഗിനെതിരേ ആഞ്ഞടിക്കുകയും ചെയ്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളറും മലയാളിയുമായ ശ്രീശാന്ത്. പരാഗിന്റെ പേരെടുത്തു പരാമര്‍ശിക്കാതെയാണ് ശ്രീയുടെ രൂക്ഷവിമര്‍ശനം.
ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പ് ഭാരത് ആര്‍മിയെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടായ്മുടെ ചാനലില്‍ സംസാരിക്കവെ പരാഗ് പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ആരൊക്കെയാവും ഈ ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന നാലു ടീമുകളെന്നു തിരഞ്ഞെടുക്കാമോയെന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ് താരത്തോടുള്ള ചോദ്യം.

നാലു ടീമുകളെ പ്രവചിക്കുകയാണെങ്കില്‍ അതൊരു പക്ഷപാതപരമായ ഉത്തരമായിരിക്കും. പക്ഷെ വളരെ സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാന്‍ ഈ ലോകകപ്പ് കാണാന്‍ പോലുമാഗ്രഹിക്കുന്നില്ല. ഏറ്റവും അവസാനം ആരു ജയിക്കുമെന്നു മാത്രമേ ഞാന്‍ കാണുകയുള്ളൂ, അതില്‍ ഞാന്‍ സന്തോഷവാനുമായിരിക്കും. എന്നാല്‍ ഞാന്‍ ലോകകപ്പില്‍ കളിക്കുകയാണെങ്കില്‍ ടോപ്പ് ഫോറിലെത്തുന്ന ടീമുകളെക്കുറിച്ചും മറ്റുമെല്ലാം ചിന്തിക്കുമെന്നുമാണ് പരാഗ് പറഞ്ഞത്.
താരത്തിന്റെ ഈ മറുപടി ശ്രീശാന്തിനെ മാത്രമല്ല ആരാധകരെയും ക്ഷുഭിതരാക്കിയിരുന്നു. ധാര്‍ഷ്ട്യത്തോടെയുള്ള പരാഗിന്റെ ഈ മറുപടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. ഇന്ത്യയുടെ ലോകപ്പ് നേട്ടത്തിനു തൊട്ടു മുന്‍പാണ് ഒട്ടും പ്രൊഫഷണല്ലാത്ത പരാഗിന്റെ ഈ വാക്കുകളില്‍ ശ്രീശാന്ത് രോഷം പ്രകടിപ്പിച്ചത്. കരിയറില്‍ എന്തൊക്കെ തന്നെ തിരിച്ചടികള്‍ നേരിട്ടാലും യുവതാരങ്ങള്‍ അവയെല്ലാം മറന്ന് ദേശീയ ടീമിനെ പിന്തുണയ്ക്കുകയും രാജ്യസ്‌നേഹം പ്രകടിപ്പിക്കുകയും വേണമെന്നു അദ്ദേഹം ആവശ്യപ്പെടുന്നു.
ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ലോകകപ്പ് ഫൈനലിന്റെ കമന്ററിക്കിടെയാണ് പരാഗിന്റെ പേരെടുത്ത് പറയാതെ ശ്രീശാന്ത് വിമര്‍ശിച്ചത്. ലോകകപ്പിനുള്ള ടീമിലേക്കു തിരഞ്ഞെടുക്കപ്പെടാത്തതു കാരണം മല്‍സരങ്ങളൊന്നും കാണില്ലെന്നാണ് ചില യുവതാരങ്ങള്‍ പറഞ്ഞത്.
എനിക്കു പറയാനുള്ളത് നിങ്ങള്‍ ആദ്യം ദേശഭക്തനാവുകയെന്നതാണ്. കൂടാതെ നിങ്ങള്‍ ക്രിക്കറ്റ് പ്രേമി ആയിരിക്കുകയും വേണം. പക്ഷെ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത് ആരാണോ അവരെ ഹൃദയവും മനസ്സും പാഷനും കൊണ്ട് പിന്തുണയ്ക്കുകയും വേണമെന്നും ശ്രീ ആവശ്യപ്പെട്ടു.

അതേസമയം, ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കുവേണ്ടി അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് അസ്സമില്‍ നിന്നുള്ള സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ പരാഗ്. ഇതാദ്യമായാണ് അദ്ദേഹം ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ യുവനിര അഞ്ചു ടി20കളാണ് സിംബാബ്‌വെയില്‍ കളിക്കുക.
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് പരാഗിനു ആദ്യമായി ദേശീയ ടീമില്‍ നേടിക്കൊടുത്തത്. മുന്‍ സീസണുകളിലെല്ലാം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയതിന്റെ ക്ഷീണം 22 കാരന്‍ ഇത്തവണ തീര്‍ക്കുകയായിരുന്നു.
റോയല്‍സ് മധ്യനിരയിലെ ഏറ്റവും വിശ്വസ്തനായ ബാറ്ററായി പരാഗ് മാറുകയും ചെയ്തു. നാലാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം 15 മല്‍സരങ്ങളില്‍ നിന്നും 149.22 സ്‌ട്രൈക്ക് റേറ്റില്‍ അടിച്ചെടുത്തത് 573 റണ്‍സാണ്. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.