ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ പോരാട്ടം അഞ്ചാം തീയ്യതിയാണ് ആരംഭിക്കുന്നത്. അയര്‍ലന്‍ഡാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും ക്രിക്കറ്റ് ലോകവും ഒരുപോലെ ഉറ്റുനോക്കുന്നത് ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിലേക്കാണ്. 9ാം തീയ്യതി ന്യൂയോര്‍ക്കിലാണ് മത്സരം നടക്കുന്നത്. ഈ മത്സരം ഇരു കൂട്ടര്‍ക്കും അഭിമാന പ്രശ്‌നമാണ്. വൈകാരികമായ മത്സരമായതിനാല്‍ ജയത്തില്‍ കുറഞ്ഞൊന്നും ഇരു ടീമും ചിന്തിക്കുന്നില്ല.
ഇരു ടീമിന്റേയും കരുത്തും ദൗര്‍ബല്യവും തിരിച്ചറിഞ്ഞ് തന്ത്രങ്ങള്‍ മെനയുന്ന സമയമാണിത്. ഇപ്പോഴിതാ ഇന്ത്യക്ക് നിര്‍ണ്ണായക ഉപദേശം നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ പേസറും ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗവുമായ ശ്രീശാന്ത്. ഇന്ത്യ ജസ്പ്രീത് ബുംറക്ക് ആദ്യ ഓവര്‍ നല്‍കണമെന്നാണ് ശ്രീശാന്ത് പറയുന്നത്. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു. 'ആദ്യ ഓവറില്‍ത്തന്നെ ഇന്ത്യ ബുംറക്ക് ഓവര്‍ നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ബാബറിനേയും റിസ്വാനേയും പുറത്താക്കാന്‍ ബുംറക്ക് സാധിക്കും.
അര്‍ഷ്ദീപ് ആദ്യ ഓവര്‍ എറിഞ്ഞാല്‍ പ്രയാസപ്പെടാനാണ് സാധ്യത. പാകിസ്താന്റെ ദൗര്‍ബല്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പാകിസ്താന്‍ ആക്രമണത്തിലേക്ക് കടന്നാല്‍ പിടിച്ചുകെട്ടുക പ്രയാസമായിരിക്കും. ബൗളര്‍മാരെയെല്ലാം തല്ലിപ്പറത്തും. അതുകൊണ്ടുതന്നെ പവര്‍പ്ലേയ്ക്കുള്ളില്‍ വിക്കറ്റ് നേടിയെടുക്കേണ്ടതായുണ്ട്. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള മത്സരം അതി ശക്തമായിരിക്കും. ആദ്യ ഓവറില്‍ ഇന്ത്യ വിക്കറ്റ് നേടുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്' ശ്രീശാന്ത് പറഞ്ഞു.
ഇത്തവണത്തെ പാകിസ്താന്റെ ബാറ്റിങ് നിരയാണ് അല്‍പ്പം ദുര്‍ബലം. ബാബര്‍ ആസമും മുഹമ്മദ് റിസ്വാനും തുടക്കത്തിലേ മടങ്ങിയാല്‍ പാകിസ്താന്‍ പ്രയാസപ്പെടുമെന്നുറപ്പ്. അതുകൊണ്ടുതന്നെ ഇന്ത്യ ആഗ്രഹിക്കുന്നത് ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നേടുകയെന്നതാണ്. അര്‍ഷ്ദീപ് സിങ് ഇടം കൈയന്‍ പേസറാണ്. ടി20 ലോകകപ്പില്‍ ബാബര്‍ ആസമിനെ ഡെക്കിന് പുറത്താക്കിയ ബൗളറാണ് അര്‍ഷ്ദീപ് സിങ്. ഈ മികവില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിക്കുന്നു.

ഇത്തവണ ന്യൂബോളില്‍ അര്‍ഷ്ദീപ് ആദ്യ ഓവറിലെത്താനാണ് സാധ്യത. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ കസറാന്‍ അര്‍ഷ്ദീപിന് സാധിച്ചിരുന്നു. ന്യൂബോളില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്താന്‍ അര്‍ഷ്ദീപിന് സാധിച്ചിരുന്നു. ഇന്ത്യ രണ്ട് പേസര്‍മാരെ മാത്രമാവും പേസ് നിരയിലേക്ക് പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ബുംറക്കൊപ്പം അര്‍ഷ്ദീപ് സിങ് വരുമ്പോള്‍ മുഹമ്മദ് സിറാജ് അവസരത്തിനായി കാത്തിരിക്കേണ്ടി വന്നേക്കും.
മൂന്നാം പേസറായി ഹാര്‍ദിക് പാണ്ഡ്യയെയാവും ഇന്ത്യ പരിഗണിക്കുക. മൂന്ന് സ്പിന്നര്‍മാരെ ടീമിലേക്കെത്തിക്കാന്‍ സാധ്യതയുണ്ട്. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കൊപ്പം അക്ഷര്‍ പട്ടേല്‍ വന്നാല്‍ ബൗളിങ്ങിനോടൊപ്പം ബാറ്റിങ്ങിലും അത് കരുത്ത് പകരും. ഇന്ത്യയുടെ ബാറ്റിങ് നിരയിലാണ് എല്ലാ പ്രതീക്ഷയും. വിരാട് കോലിയും രോഹിത് ശര്‍മയും അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്. ഇവര്‍ ഓപ്പണിങ്ങിലേക്കെത്തുമോയെന്നതാണ് അറിയേണ്ടത്.
മൂന്നാം നമ്പറില്‍ റിഷഭ് പന്തിനെ കളിപ്പിച്ചേക്കും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കും. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യകുമാറിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. സ്ഥിരതയോടെ കളിക്കാന്‍ സൂര്യകുമാറിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. റിഷഭ് പന്ത് ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ശിവം ദുബെയുടെ ഫോം ആശങ്കയുണ്ടാക്കുന്നു.
സന്നാഹ മത്സരത്തിലും തിളങ്ങാന്‍ ദുബെക്ക് സാധിച്ചില്ല. ഇന്ത്യ ദുബെയെ പ്ലേയിങ് 11ലേക്ക് പരിഗണിക്കാനാണ് സാധ്യത. ദുബെ ടീമിലെത്തിയാല്‍ അധികമായി ഒരു ബൗളറെക്കൂടിയാണ് ഇന്ത്യക്ക് ലഭിക്കുന്നത്. അവസാനമായി നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ പകരം വീട്ടാനുറച്ചാവും ഇത്തവണ പാകിസ്താന്‍ ഇറങ്ങുക. വാശിയേറിയ പോരാട്ടം തന്നെ ഇത്തവണ ഉണ്ടാകുമെന്നുറപ്പാണ്.