ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ ടീമെന്നു വിളിക്കപ്പെടുന്ന സൗത്താഫ്രിക്ക ഇത്തവണത്തെ ടി20 ലോകകപ്പില്‍ സ്വപ്‌നതുല്യമായ പ്രകടനവുമായി കപ്പിനു കൈയെത്തുംദൂരത്ത് എത്തിയിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായി ഒരു ലോകകപ്പില്‍ അവര്‍ ഫൈനലില്‍ ഇടം നേടി. ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന പ്രോട്ടീസ് ടീമിന്റെ ഫൈനല്‍ പ്രവേശനം. ഇതോടെ ഈ കിരീടവും സൗത്താഫ്രിക്ക തന്നെ നേടുമെന്നു ഉറപ്പായിരിക്കുകയാണ്. ഇതു എന്തുകൊണ്ടാണെന്നറിയാം.
ഐസിസി ടൂര്‍ണമെന്റുകളുടെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഒരിക്കല്‍പ്പോലും ഫൈനലില്‍ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ടീമാണ് സൗത്താഫ്രിക്ക. ഇതാണ് അവര്‍ ഇത്തവണയും ചാംപ്യന്‍മാരാവുമെന്നതിന്റെ പ്രധാന കാരണം. ഒരു തവണയാണ് സൗത്താഫ്രിക്കന്‍ ടീം ഐസിസി ഫൈനല്‍ കളിച്ചിട്ടുള്ളത്. അതില്‍ കിരീടമുയര്‍ത്തുകയും ചെയ്തു. ഇത്തവണയും അതു തന്നെ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

1998ലെ ഐസിസി നോക്കൗട്ട് ട്രോഫിയിലാണ് സൗത്താഫ്രിക്ക നേരത്തേ കലാശപ്പോരാട്ടം കളിച്ചിട്ടുള്ളത്. അതില്‍ ചാംപ്യന്‍മാരാവാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിരുന്ന രാജ്യങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഐസിസി സംഘടിപ്പിച്ച ആദ്യത്തെ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. ഈ ടൂര്‍ണമെന്റാണ് പിന്നീട് ചാംപ്യന്‍സ് ട്രോഫിയായി മാറിയത്. ബംഗ്ലാദേശില്‍ നടന്ന ടൂര്‍ണമെന്റില്‍ പങ്കെടുത്തത് ഒമ്പതു ടീമുകളായിരുന്നു.
ഏകദിന ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റില്‍ സൗത്താഫ്രിക്കയുള്‍പ്പെടെ ഏഴു ടീമുകള്‍ നേരിട്ടു ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടുകയായിരുന്നു. പ്രാഥമിക റൗണ്ടിലെ ഏക മല്‍സരത്തില്‍ സിംബാബ്‌വെയെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് ക്വാര്‍ട്ടറില്‍ കടക്കുകയും ചെയ്തു. ഒരു കളി പോലും തോല്‍ക്കാതെയാണ് സൗത്താഫ്രിക്ക ടൂര്‍ണമെന്റില്‍ ജേതാക്കളായത്. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ ത്രില്ലിങ് മാച്ചില്‍ രണ്ടു റണ്‍സിനു സൗത്താഫ്രിക്ക മറികടക്കുകയായിരുന്നു.
ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിച്ച ഇന്ത്യയും സെമി ഫൈനലില്‍ കടന്നിരുന്നു. ഇത്തവണ ക്വാര്‍ട്ടറിനു തുല്യമായ സൂപ്പര്‍ എട്ട് മല്‍സരത്തില്‍ ഓസീസിനെ തന്നെ തോല്‍പ്പിച്ചാണ് ഇന്ത്യ സെമി ഫൈനലില്‍ കടന്നത് എന്നൊരു സമാനത കൂടിയുണ്ട്. അന്നു സെമിയില്‍ സൗത്താഫ്രിക്കയുടെ എതിരാളികള്‍ ശ്രീലങ്കയും ഇന്ത്യയുടെ എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസുമായിരുന്നു. സെമിയില്‍ ലങ്കയെ തകര്‍ത്ത് സൗത്താഫ്രിക്ക ഫൈനലിലേക്കും മുന്നേറി.
ഇത്തവണ മറ്റൊരു ഏഷ്യന്‍ ടീമായ അഫ്ഗാനിസ്താനെ തകര്‍ത്താണ് സൗത്താഫ്രിക്കയുടെ ഫൈനല്‍ പ്രവേശനം. ഇന്ത്യക്കു അന്നു ഫൈനലില്‍ കളിക്കാനായില്ല. രണ്ടാം സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനോടു അവര്‍ തോല്‍ക്കുകയായിരുന്നു. ഇത്തവണ സെമിയില്‍ ഇംഗ്ലണ്ടിനോടു ഇന്ത്യ തോല്‍ക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

സൗത്താഫ്രിക്കയും വിന്‍ഡീസും തമ്മിലായിരുന്നു അന്നു കലാശപ്പോരാട്ടം. മൂന്നു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയവുമായി മുന്‍ ഓള്‍റൗണ്ടര്‍ ഹാന്‍സി ക്രോണ്യെ നയിച്ച സൗത്താഫ്രിക്ക കപ്പില്‍ മുത്തമിടുകയും ചെയ്തു. 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സൗത്താഫ്രിക്ക വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റില്‍ ഫൈനലില്‍ കളിക്കാന്‍ പോവുന്നത്. അന്നു ക്രോണ്യെക്കു സാധിച്ച നേട്ടം എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന സൗത്താഫ്രിക്കന്‍ ടീമിനും ആവര്‍ത്തിക്കാന്‍ സാധിച്ചേക്കും.
ഈ ലോകകപ്പില്‍ ഭാഗ്യവും സൗത്താഫ്രിക്കയ്‌ക്കൊപ്പം തന്നെയാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള അവരുടെ അവസാന സൂപ്പര്‍ എട്ട് മല്‍സരവും ചില മല്‍സരങ്ങളില്‍ അവസാന ബോളിലെ ത്രില്ലിങ് ജയങ്ങളും ഇതു ശരിവയ്ക്കുന്നു. വിന്‍ഡീസിനെതിരായ അവസാന സൂപ്പര്‍ എട്ട് മല്‍സരത്തില്‍ മഴ വില്ലനായിരുന്നു. കൂടാതെ ബാറ്റിങില്‍ സൗത്താഫ്രിക്ക പതറുകയും ചെയ്തിരുന്നു. എങ്കിലും അഞ്ചു ബോള്‍ ശേഷിക്കെ മൂന്നു വിക്കറ്റിന്റെ നാടകീയ ജയം നേടിയെടുക്കാന്‍ അവര്‍ക്കു സാധിച്ചു.
കൂടാതെ ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനെതിരേ നാലു റണ്‍സിനും നേപ്പാളിനെതിരേ ഒരു റണ്‍സിനുമാണ് സൗത്താഫ്രിക്ക കഷ്ടിച്ചു രക്ഷപ്പെട്ടത്. സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിനെതിരേ തോല്‍വി മണത്ത ശേഷം ഏഴു റണ്‍സിന്റെ അവിസ്മരണീയ വിജയവും അവര്‍ കൈക്കലാക്കി. ഇവയെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ഈ ലോകകപ്പ് സൗത്താഫ്രിക്കയുടെ പേരില്‍ എഴുതി വയ്ക്കപ്പെട്ടതാണോയെന്നു സംശയിക്കേണ്ടി വരും.