ടി20 ലോകകപ്പില്‍ പോരാട്ടങ്ങള്‍ നിര്‍ണായകമായ മൂന്നാം റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. സൂപ്പര്‍ എട്ടിലെത്തുന്ന ടീമുകള്‍ ആരൊക്കൊവുമെന്നു ഈ ഗ്രൂപ്പ് കഴിയുന്നതോടെ കൂടുതല്‍ വ്യക്തത ലഭിക്കുകയും ചെയ്യും. 20 ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റില്‍ ഒരേയൊരു ടീം മാത്രമാണ് ഇതിനകം സൂപ്പര്‍ എട്ടില്‍ കടന്നിരിക്കുന്നത്. അതു സൗത്താഫ്രിക്കയാണ്.
ശേഷിച്ച 19 ടീമുകളുടെയും സൂപ്പര്‍ 8 സാധ്യത എങ്ങനെയാണ്? ഓരോ ഗ്രൂപ്പിലെയും ടീമുകളുടെ സാധ്യത നമുക്കു പരിശോധിക്കാം. ഗ്രൂപ്പ് എയില്‍ രണ്ടു ടീമുകള്‍ സൂപ്പര്‍ എട്ടിനു ഒരു ചുവട് മാത്രം അകലെയാണിത്. ഇന്ത്യയു അമേരിക്കയുമാണിത്. രണ്ടു ജയങ്ങളോടെ നാലു പോയിന്‍റുമായി ഇന്ത്യയാണ് തലപ്പത്ത്. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു കുതിക്കും.

നാലു പോയിന്റ് തന്നെയുള്ള അമേരിക്കയാണ് രണ്ടാംസ്ഥാനത്ത്. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിക്കഴിഞ്ഞ അവര്‍ക്കു ബാക്കിയുള്ള രണ്ടു കളിയില്‍ ഒന്നില്‍ ജയിച്ചാല്‍ സൂപ്പര്‍ എട്ടിലെത്താം. ഇന്ത്യ, അയര്‍ലാന്‍ഡ് എന്നിവരുമായാണ് അമേരിക്കയുടെ ശേഷിച്ച കളികള്‍.
രണ്ടു മല്‍സരത്തില്‍ നിന്നും ഓരോ ജയവും തോല്‍വിയുമടക്കം രണ്ടു പോയിന്റുള്ള കാനഡയാണ് മൂന്നാമത്. അമേരിക്കയോടു തോറ്റ അവര്‍ അയര്‍ലാന്‍ഡിനെ വീഴ്ത്തിയിരുന്നു. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ജയിച്ചാല്‍ കാനഡയ്ക്കു സൂപ്പര്‍ എട്ടില്‍ കടക്കാം. ഇന്ത്യ, പാകിസ്താന്‍ എന്നിവരാണ് എതിരാളികള്‍.
കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ പാകിസ്താനും അയര്‍ലാന്‍ഡുമാണ് ഗ്രൂപ്പിലെ അവസാന രണ്ടു സ്ഥാനക്കാര്‍. ശേഷിച്ച രണ്ടു മല്‍സങ്ങളിലൊന്നില്‍ തോറ്റാല്‍ ഇവര്‍ പുറത്താവും. ശേഷിച്ച രണ്ടു കളിയും ജയിച്ചാലും മറ്റു മല്‍സരഫലങ്ങളെ ആശ്രയിച്ചാവും ഈ ടീമുകളുടെ സാധ്യത.
ഗ്രൂപ്പ് ബിയില്‍ തലപ്പത്ത് സ്‌കോട്ട്‌ലാന്‍ഡാണ്. അഞ്ചു പോയിന്റാണ് അവര്‍ക്കുള്ളത്. ഇംഗ്ലണ്ടുമായുള്ള കളി ഉപേക്ഷിക്കപ്പെപ്പോള്‍ നമീബിയ, ഒമാന്‍ എന്നിവരെ തോല്‍പ്പിക്കാന്‍ അവര്‍ക്കു സാധിച്ചു. ഇനി ഓസ്‌ട്രേലിയയെ അട്ടിമറിക്കാനായാല്‍ സ്‌കോട്ടിഷ് ടീമിനു സൂപ്പര്‍ എട്ടിലേക്കു മുന്നോറാം.
കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച ഓസീസാണ് ഗ്രൂപ്പില്‍ രണ്ടാമത്. ശേഷിച്ച രണ്ടു കളിയില്‍ ഒന്നില്‍ ജയിച്ചാല്‍ ഓസീസ് സൂപ്പര്‍ എട്ടിലെത്തും. നമീബിയയാണ് ഗ്രൂപ്പില്‍ മൂന്നാമത്. രണ്ടു പോയിന്റാണ് അവര്‍ക്കുള്ളത്. ഒന്നില്‍ ജയിച്ച നമീബിയ മറ്റൊന്നില്‍ തോല്‍ക്കുകയും ചെയ്തു. ഓസീസ്, ഇംഗ്ലണ്ട് എന്നിവരുമായുള്ള രണ്ടു മല്‍സരവും ജയിച്ചാല്‍ അവര്‍ സൂപ്പര്‍ എട്ട് കളിക്കും.
നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് നാലാമതാണ്. ഒരു പോയിന്റ് മാത്രമേ അവര്‍ക്കുള്ളൂ. സ്‌കോട്ട്‌ലാന്‍ഡിനെതിരായ ആദ്യ കളി മഴയെടുത്തപ്പോള്‍ ഓസീസിനു തോല്‍ക്കുകയും ചെയ്തു. നമീബിയ, ഒമാന്‍ എന്നിവര്‍ക്കെതിരേ ജയിക്കുന്നതിനൊപ്പം മറ്റു മല്‍സരഫലങ്ങളും ഇനി ഇംഗ്ലണ്ടിനു അനുകൂലമാവണം. കളിച്ച മൂന്നു മല്‍സരങ്ങളും തോറ്റ ഒമാനാണ് അവസാന സ്ഥാനത്ത്. അവര്‍ ഇതിനകം ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു.
ഗ്രൂപ്പ് സിയില്‍ തലപ്പത്ത് അഫ്ഗാനിസ്താനാണ്. കളിച്ച രണ്ടു മല്‍സരങ്ങളിലും മികച്ച ജയം കൊയ്യാന്‍ അവര്‍ക്കായിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ്, പാപ്പുവ ന്യൂ ഗ്വിനി എന്നിവരുമായുള്ള അടുത്ത മല്‍സരങ്ങളിലൊന്നില്‍ ജയിച്ചാല്‍ അഫ്ഗാന്‍ സൂപ്പര്‍ എട്ടില്‍ കടക്കും. രണ്ടു കളിയില്‍ നിന്നും നാലു പോയിന്റോടെ വിന്‍ഡീസാണ് രണ്ടാമത്. സൂപ്പര്‍ എട്ടിലെത്താന്‍ അവര്‍ക്കു ഇനിയൊരു ജയം മാത്രം മതി.

ഉഗാണ്ടയാണ് രണ്ടു കളിയില്‍ നിന്നും രണ്ടു പോയിന്റുമായി മൂന്നാമത്. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ജയിച്ചാല്‍ അവര്‍ക്കു സൂപ്പര്‍ 8 പ്രതീക്ഷയുണ്ട്. ഏക മല്‍സരം തോറ്റ ന്യൂസിലാന്‍ഡാണ് അവസാന സ്ഥാനക്കാര്‍. ശേഷിച്ച മൂന്നു കളിയും ജയിച്ചാല്‍ കിവികള്‍ സൂപ്പര്‍ എട്ടില്‍ കടക്കും.
ഗ്രൂപ്പ് ഡിയില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചാണ് സൗത്താഫ്രിക്ക സൂപ്പര്‍ എട്ടിലെത്തിയത്. ഈ ഗ്രൂപ്പില്‍ നിന്നും ഇനിയൊരു ടീമിനു കൂടി മാത്രമാണ് യോഗ്യത ലഭിക്കുക. ബംഗ്ലാദേശ് (2), നെതര്‍ലാന്‍ഡ്‌സ് (2) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. രണ്ടു കളിയില്‍ നിന്നും ഓരോ ജയമാണ് അവര്‍ക്കുള്ളത്. ശേഷിച്ച രണ്ടു മല്‍സരങ്ങളും ജയിച്ചാല്‍ ഇവരിലൊരു ടീം സൂപ്പര്‍ എട്ടിലെത്തും.
കളിച്ച ഏക മല്‍സരം തോറ്റ നേപ്പാളും രണ്ടിലും പരാജയപ്പെട്ട ശ്രീലങ്കയുമാണ് അവസാന രണ്ടു സ്ഥാനങ്ങളില്‍. ശേഷിച്ച മൂന്നു മല്‍സരും ജയിച്ചാല്‍ നേപ്പാളിനു പ്രതീക്ഷയുണ്ട്. എന്നാല്‍ ലങ്കയ്ക്കു ഇനിയുള്ള രണ്ടു മല്‍സരവും ജയിച്ചാലും മറ്റു ഫലങ്ങള്‍ കൂടി അനുകൂലമായാല്‍ മാത്രമേ സൂപ്പര്‍ എട്ട് സാധ്യതയുള്ളൂ