Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സൗത്താഫ്രിക്ക വിറച്ചു! പിന്നെ രക്ഷപ്പെട്ടു; ഡച്ച് അട്ടിമറി ഇത്തവണയില്ല

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇത്തവണ വീണ്ടുമൊരു അട്ടിമറി മണത്ത മല്‍സരത്തില്‍ സൗത്താഫ്രിക്കന്‍ ടീം വലിയൊരു ഷോക്കിന്റെ വക്കില്‍ നിന്നും രക്ഷപ്പെട്ടു. കഴിഞ്ഞ ടി20, ഏകദിന ലോകകപ്പുകളില്‍ സൗത്താഫ്രിക്കയുടെ അന്തകരായി ചരിത്രം കുറിച്ച നെതര്‍ലാന്‍ഡ്‌സ് മറ്റൊരു അദ്ഭുത ജയത്തിനു അരികെ വരെയെത്തിയ ശേഷം കീഴടങ്ങുകയായിരുന്നു. നാലു വിക്കറ്റിന്റെ വിജയമാണ് സൗത്താഫ്രിക്കന്‍ ടീം സ്വന്തമാക്കിയത്.

104 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്ക തുടക്കത്തില്‍ 4ന് 12 എന്ന നിലയില്‍ വിറച്ചെങ്കിലും പിന്നീട് തിരിച്ചുവരികയും 18.4 ഓവറില്‍ ആറു വിക്കറ്റിനു ജയം പിടിച്ചെടുക്കുകയും ചെയ്തു. ഡേവിഡ് മില്ലറുടെ (59*) മാച്ച് വിന്നിങ് ഇന്നിങ്‌സാണ് അവരെ കരകയറ്റിയത്. 51 ബോളുകള്‍ നേരിട്ട താരം മൂന്നു ഫോറും നാലു സിക്‌സറുമടിച്ചു. 33 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് മറ്റൊരു പ്രധാന സ്‌കോറര്‍. വേറെയാരും രണ്ടക്കത്തിലെത്തിയില്ല.

SOUH AFRICA

അഞ്ചോവര്‍ ആവുമ്പോഴേക്കും നാലു വിക്കറ്റിനു സൗത്താഫ്രിക്ക 12 റണ്‍സിലേക്കു തകര്‍ന്നടിഞ്ഞിരുന്നു. ഇതോടെ വീണ്ടൊരു ലോകകപ്പില്‍ ഡച്ച് ടീമിനെതിരേ അവര്‍ പരാജയഭീതിയിലാവുകയും ചെയ്തു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സ്റ്റബ്‌സ് - മില്ലര്‍ സഖ്യം സൗത്താഫ്രിക്കയുടെ രക്ഷയ്‌ക്കെത്തി. 65 റണ്‍സാണ് ഈ ജോടി കൂട്ടിച്ചര്‍ത്തത്.

നേരത്തേ ടോസിനു ശേഷം സൗത്താഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ബൗളിങ് തിരഞ്ഞടുക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിനു 103 റണ്‍സെടുക്കാനേ ഡച്ച് ടീമിനു സാധിച്ചുള്ളൂ. നാലാം നമ്പറില്‍ ബാറ്റ് ചെയ്ത സൈബ്രാന്‍ഡ് എംഗെല്‍ബ്രെക്ടാണ് (40) ടീമിന്റെ ടോപ്‌സ്‌കോററായത്. 45 ബോളുകള്‍ നേരിട്ട താരം രണ്ടു ഫോറും ഒരു സിക്‌സറുമടിച്ചു. വാലറ്റത്ത് ലോഗന്‍ വാന്‍ബീക്കാണ് (23) ടീമിനെ 100 കടത്തിയത്. ഇന്ത്യന്‍ വംശജനായ വിക്രംജീത്ത് സിങ് (12), ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (10) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.

ഒരു ഘട്ടത്തില്‍ ഡച്ച് ടീം ആറു വിക്കറ്റിനു 48 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു. 100 റണ്‍സ് തികയ്ക്കുമോയെന്നു പോലും അപ്പോള്‍ സംശയമായിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ എംഗെല്‍ബ്രെക്ട് - വാന്‍ബീക്ക് ജോടി 54 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിക്കുകയായിരുന്നു. 20ാം ഓവറില്‍ ടീം ടോട്ടല്‍ 102ല്‍ വച്ചാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്.

നാലു വിക്കറ്റുകള്‍ പിഴുത ഓട്ട്‌നീല്‍ ബാര്‍ട്ട്മാനാണ് ഡച്ച് ടീമിനെ എറിഞ്ഞിട്ടത്. അദ്ദേഹത്തിന്റെ നാലു വിക്കറ്റുകളില്‍ മൂന്നും 20ാം ഓവറിലായിരുന്നു. മാര്‍ക്കോ യാന്‍സണ്‍ മൂന്നു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയപ്പോള്‍ ആന്‍ട്രിച്ച് നോര്‍ക്കിയ രണ്ടു വിക്കറ്റുകളും വീഴ്ത്തി.

NETHERLANDS

നേരത്തേ ഇതേ ഗ്രൗണ്ടില്‍ നടന്ന കളിയില്‍ മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയെ തകര്‍ത്തുവിടാന്‍ സൗത്താഫ്രിക്കന്‍ ടീമിനായിരുന്നു. ബൗളര്‍മാര്‍ അരങ്ങുവാണ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കയെ വെറും 77 റണ്‍സില്‍ എറിഞ്ഞിട്ട സൗത്താഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തുകയും ചെയ്തു. പേസര്‍ ആന്‍ട്രിച്ച് നോര്‍ക്കിയയാണ് കളിയിലെ താരമായത്.

നെതര്‍ലാന്‍ഡ്‌സാവട്ടെ ഡെല്ലാസിലായിരുന്നു ആദ്യ ഗ്രൂപ്പ് മല്‍സരം കളിച്ചത്. ആവേശകരമായ മല്‍സരത്തില്‍ നേപ്പാളിനെ ആറു വിക്കറ്റിനു ഡച്ച് ടീം തുരത്തുകയായിരുന്നു. ഈ മല്‍സത്തിലും വലിയൊരു സ്‌കോറൊന്നും പിറന്നില്ല. 106 റണ്‍സിനാണ് നേപ്പാള്‍ കളിയില്‍ കൂടാരംകയറിയത്. നെതര്‍ലാന്‍ഡ്‌സ് 18.4 ഓവറില്‍ നാലു വിക്കറ്റുകള്‍ നഷ്ടത്തില്‍ വിജയ റണ്‍സ് കുറിക്കുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഹെന്‍ട്രിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍.

നെതര്‍ലാന്‍ഡ്‌സ്- മൈക്കല്‍ ലെവിറ്റ്, മാക്സ് ഒഡൗഡ്, വിക്രംജിത് സിംഗ്, സിബ്രാന്‍ഡ് ഏംഗല്‍ബ്രെക്റ്റ്, സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ബാസ് ഡി ലീഡെ, തേജ നിദാമാനുരു, ലോഗന്‍ വാന്‍ ബീക്ക്, ടിം പ്രിംഗിള്‍, പോള്‍ വാന്‍ മീക്കെറന്‍, വിവിയന്‍ കിങ്മ.

Story first published: Saturday, June 8, 2024, 16:12 [IST]
Other articles published on Jun 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+