സെന്റ് ലൂസിയ: അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന മലര്‍ത്തിയടിച്ച് ടി20 ലോകകപ്പില്‍ സൗത്താഫ്രിക്ക സെമി ഫൈനലിനു തൊട്ടരികെ. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് രണ്ടിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ഏഴു റണ്‍സിന്റെ നാടകീയ വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്. ഇതോടെ ടൂര്‍ണമെന്റിലെ അപരാജിത റെക്കോര്‍ഡും അവര്‍ കാത്തുസൂക്ഷിച്ചു.
164 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു സൗത്താഫ്രിക്ക നല്‍കിയത്. ഹാരി ബ്രൂക്കിന്റെ (53) ഇടിവെട്ട് ഫിഫ്റ്റിയില്‍ അവര്‍ വീറോടെ പൊരുതിയെങ്കിലും ആറു വിക്കറ്റിനു 156 റണ്ണെടുക്കാനേ ആയുള്ളൂ. 37 ബോളില്‍ ഏഴു ഫോറുള്‍പ്പെട്ടതാണ് ബ്രൂക്കിന്റെ ഇന്നിങ്‌സ്. ലിയാം ലിവിങ്സ്റ്റണ്‍ 17 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം 33 റണ്‍സുമായും കസറി. മറ്റാരും തിളങ്ങിയില്ല.

അവസാന മൂന്നോവറിലാണ് സൗത്താഫ്രിക്ക കളി ജയിച്ചുകയറിയത്. 17 ഓവര്‍ കഴിയുമ്പോള്‍ ഇംഗ്ലണ്ട് 4 വിക്കറ്റിനു 139 റണ്‍സെടുത്തിരുന്നു. ശേഷിച്ച മൂന്നോവറില്‍ 25 റണ്‍സ് മാത്രമേ ജയിക്കാന്‍ വേണ്ടിയിരുന്നുള്ളൂ. പക്ഷെ 17 റണ്‍സ് മാത്രമേ സൗത്താഫ്രിക്ക വഴങ്ങിയുള്ളൂ. രണ്ടു പ്രധാനപ്പെട്ട വിക്കറ്റുകളും ഇതിനിടെ വീഴ്ത്തുകയും ചെയ്തു. കാഗിസോ റബാഡയും കേശവ് മഹാരാജും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട സൗത്താഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തിലാണ് 163 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലിലെത്തിയത്. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ (65) തകര്‍പ്പന്‍ ഫിഫ്റ്റിയും ഡേവിഡ് മില്ലറുടെ (43) ഇന്നിങ്‌സുമാണ് സൗത്താഫ്രിക്കയ്ക്കു കരുത്തായത്. മറ്റാരെയും 20 റണ്‍സ് പോലും തികയ്ക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ അനുവദിച്ചില്ല.
വെറും 38 ബോളിലാണ് ഡികോക്ക് 65 റണ്‍സ് അടിച്ചെടുത്തത്. നാലു വീതം ഫോറും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മില്ലറാവട്ടെ 28 ബോൡ നാലു ഫോറും രണ്ടു സിക്‌സറും പറത്തി. റീസ്സ ഹെന്‍ഡ്രിക്‌സ് (19), ഹെന്‍ട്രിച്ച് ക്ലാസെന്‍ (8), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (1), മാര്‍ക്കോ യാന്‍സണ്‍ (0) എന്നിവരെല്ലാം ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറി.
ഒരു ഘട്ടത്തില്‍ സൗത്താഫ്രിക്ക 180-190 റണ്‍സെങ്കിലും അടിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ അവസാന 10 ഓവറില്‍ ഉജ്ജ്വല ബൗളിങിലൂടെ സൗത്താഫ്രിക്കയെ ഇംഗ്ലണ്ട് വരിഞ്ഞുകെട്ടുകയായിരുന്നു. ആദ്യത്തെ 10 ഓവറില്‍ സൗത്താഫ്രിക്കയുടെ സ്‌കോര്‍ ബോര്‍ഡില്‍ 87 റണ്‍സുണ്ടായിരുന്നു. എന്നാല്‍ അടുത്ത 10 ഓവറില്‍ 76 റണ്‍സ് മാത്രമേ അവര്‍ക്കു സ്‌കോര്‍ ചെയ്യാനായുള്ളൂ.

മികച്ച തുടക്കമാണ് ഡികോക്ക്-ഹെന്‍ഡ്രിക്‌സ് ജോടി സൗത്താഫ്രിക്കയ്ക്കു നല്‍കിയത്. 59 ബോളില്‍ 86 റണ്‍സ് ഈ സഖ്യം ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതില്‍ ഭൂരിഭാഗം റണ്‍സും ഡികോക്കിന്റെ ബാറ്റില്‍ നിന്നായിരുന്നു. ക്രീസിന്റെ മറുഭാഗത്ത് തട്ടിയും മുട്ടിയും ഹെന്‍ഡ്രിക്‌സ് മുന്നോട്ടു പോവുകയായിരുന്നു.
ആറു റണ്‍സിനിടെ രണ്ടു ഓപ്പണര്‍മാരെയും സൗത്താഫ്രിക്കയ്ക്കു നഷ്ടമായി. ഇതോടെ സൗത്താഫ്രിക്കയുടെ സ്‌കോറിങിന്റെ വേഗതയും കുറഞ്ഞു. പിന്നീട് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. ഒടുവില്‍ മില്ലറുടെ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കു കരുത്താതയത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റുകളെടുത്തു.
നേരത്തേ സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ ആതിഥേയരും രണ്ടു തവണ ജേതാക്കളുമായ വെസ്റ്റ് ഇന്‍ഡീസിനെതിരേ ആധികാരിക വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. റണ്‍ചേസില്‍ ഫില്‍ സാള്‍ട്ട് ഇടിവെട്ട് ഫിഫ്റ്റിയുമായി കത്തിക്കയറിയപ്പോള്‍ വിന്‍ഡീസിനെ അവര്‍ എട്ടു വിക്കറ്റിനു കശാപ്പ് ചെയ്യുകയായിരുന്നു. തോല്‍വിയറിയാതെ കുതിച്ച വിന്‍ഡീസ് ടീമിനേറ്റ അപ്രതീക്ഷിത പ്രഹരമായിരുന്നു ഇത്.
മറ്റൊരു മല്‍സരത്തില്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ അമേരിക്കയെയാണ് സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ സൗത്താഫ്രിക്ക തുരത്തിയത്. 18 റണ്‍സിന്റെ വിജയമാണ് എയ്ഡന്‍ മാര്‍ക്രവും സംഘവും സ്വന്തമാക്കിയത്. സൗത്താഫ്രിക്ക നല്‍കിയ 195 റണ്‍സെന്ന വലിയ ടോട്ടലിലേക്കു അമേരിക്ക വീറോടെ പൊരുതിയെങ്കിലും ആറു വിക്കറ്റിനു 176 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.
പ്ലെയിങ് ഇലവന്‍
ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, സാം കറെന്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, റീസ്സ് ടോപ്പ്‌ലേ.
സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റീസ്സ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഹെന്‍ട്രിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്‍ട്രിച്ച് നോര്‍ക്കിയ, ഓട്ട്‌നീല്‍ ബാര്‍ട്ട്മാന്‍.