ടറൗബ: ടി20 ലോകകപ്പിലെ ഒന്നാം സെമിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലില്‍. ഒമ്പത് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 11.5 ഓവറില്‍ 56 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 8.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഫൈനലില്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമിയിലെ വിജയിയെ ദക്ഷിണാഫ്രിക്ക നേരിടും.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള അഫ്ഗാനിസ്ഥാന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബാറ്റിങ് നിര കാഴ്ചവെച്ചത്. ഒരു ഘട്ടത്തിലും മികവ് കാട്ടാന്‍ അഫ്ഗാനിസ്ഥാന് സാധിക്കാതെ പോയി. ആദ്യ ഓവറില്‍ത്തന്നെ അഫ്ഗാന്‍ ഓപ്പണിങ് പൊളിഞ്ഞു. റഹ്‌മാനുല്ല ഗുര്‍ബാസിനെ (0) പുറത്താക്കി മാര്‍ക്കോ യാന്‍സനാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പിന്നീട് തുടരെ അഫ്ഗാന് വിക്കറ്റ് നഷ്ടമായി. ഗുല്‍ബാഡിന്‍ നയ്ബിനെ (9) മാര്‍ക്കോ യാന്‍സന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.
പിച്ചിന്റെ ആധിപത്യം മുതലാക്കി മികച്ച ലൈനും ലെങ്തും കാത്താണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ പന്തെറിഞ്ഞത്. നാലാം ഓവര്‍ എറിയാനെത്തിയ കഗിയോ റബാഡ അഫ്ഗാന് ഒരു റണ്‍സ് പോലും വിട്ടുകൊടുക്കാതെയാണ് ഇരട്ട പ്രഹരം നല്‍കിയത്. ഇബ്രാഹിം സദ്രാനെ (5 പന്തില്‍ 2) ക്ലീന്‍ബൗള്‍ഡ് ചെയ്ത റബാഡ ഇതേ ഓവറില്‍ മുഹമ്മദ് നബിയേയും (0) അക്കൗണ്ട് തുറക്കും മുമ്പ് മടക്കി. വീണ്ടുമെത്തിയ യാന്‍സന്‍ ഇത്തവണ നാന്‍ഗയീലിയ ഖറോട്ടിയെ (2) ക്വിന്റന്‍ ഡീകോക്കിന്റെ കൈയിലെത്തിച്ചു.
കൃത്യമായ സമ്മര്‍ദ്ദം നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. അസ്മത്തുല്ല ഒമര്‍സായി (10) ഒരുവശത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആന്റിച്ച് നോക്കിയേ പുറത്താക്കി. പിന്നീട് ഇടം കൈയന്‍ സ്പിന്നറായ തബ്രൈസ് ഷംസി അഫ്ഗാന്‍ വാലറ്റത്തെ ചുരുട്ടിക്കൂട്ടി. കരിം ജന്നത്തിനെ (8) എല്‍ബിയില്‍ കുടുക്കിയ ഷംസി ഇതേ ഓവറില്‍ നൂര്‍ അഹമ്മദിനേയും വിക്കറ്റിന് മുന്നില്‍ കുടുക്കി. നായകന്‍ റാഷിദ് ഖാന്‍ പൊരുതാന്‍ ശ്രമിച്ചു.
എട്ട് റണ്‍സെടുത്ത റാഷിദ് ഖാനെ നോക്കിയേ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇതോടെ അഫ്ഗാന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. നവീന്‍ ഉള്‍ ഹഖിനെ (2) എല്‍ബിയില്‍ കുടുക്കി ഷംസി അഫ്ഗാനെ 11.5 ഓവറില്‍ 56 റണ്‍സില്‍ കൂടാരം കയറ്റി. അഫ്ഗാന്റെ ടി20 ചരിത്രത്തിലെ ഏറ്റവും മോശം ടീം ടോട്ടലാണിത്. ദക്ഷിണാഫ്രിക്കയ്ക്കായി ഷംസിയും മാര്‍ക്കോ യാന്‍സനും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ കഗിസോ റബാഡയും ആന്‍ റിച്ച് നോക്കിയേയും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കവും മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സുള്ളപ്പോള്‍ ക്വിന്റന്‍ ഡീകോക്കിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. എട്ട് പന്തില്‍ ഒരു ഫോറടക്കം അഞ്ച് റണ്‍സെടുത്ത ഡീകോക്കിനെ ഫസല്‍ഹഖ് ഫറൂഖി ക്ലീന്‍ബൗള്‍ഡ് ചെയ്തു. എയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കാനുള്ള അവസരം അഫ്ഗാന്‍ നഷ്ടപ്പെടുത്തി. ബാറ്റിലുരസി വിക്കറ്റ് കീപ്പറുടെ കൈയില്‍ പന്തെത്തിയെങ്കിലും റാഷിദ് ഖാന്‍ റിവ്യൂ ചെയ്യാന്‍ തയ്യാറായില്ല.
പിന്നീട് പിഴവ് വരുത്താതിരുന്ന ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം നേടിയെടുത്തു. റീസ ഹെന്‍ഡ്രിക്‌സ് 25 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 29 റണ്‍സെടുത്തപ്പോള്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം 21 പന്തില്‍ 4 ഫോറടക്കം 23 റണ്‍സോടെ പുറത്താവാതെ നിന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിച്ചെങ്കിലും സെമിയില്‍ നിരാശപ്പെടുത്തി. എങ്കിലും തലയുയര്‍ത്തിത്തന്നെ അഫ്ഗാന് മടങ്ങാം.