ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നാളെ അയര്‍ലന്‍ഡിനെതിരേ നടക്കാന്‍ പോവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് പല കാരണങ്ങളാല്‍ പ്രധാനപ്പെട്ടതാണ്. രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും അവസാന ടി20 ലോകകപ്പായിരിക്കും ഇത്. ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കപ്പ് വളരെ പ്രധാനപ്പെട്ടതാണ്.
മധ്യനിരയില്‍ ഇത്തവണ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് ദുബെ. ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ദുബെ മീഡിയം പേസറെന്ന നിലയിലും ടീമിന് ഉപകാരിയാണ്. റിങ്കു സിങ്ങിനെ റിസര്‍വ് താരമായി ഒതുക്കിയാണ് ദുബെയെ ഇന്ത്യ 15 അംഗ ടീമിലേക്കെത്തിച്ചത്. സിഎസ്‌കെയിലേക്കെത്തിയ ശേഷമാണ് ദുബെയുടെ കരിയര്‍ മാറിയത്. എംഎസ് ധോണിയുടെ ഉപദേശത്തിന് കീഴിലാണ് ദുബെയുടെ ഈ മാറ്റം. ഇപ്പോഴിതാ ധോണി നല്‍കിയ ഉപദേശം കരിയര്‍ മാറ്റിയതിനെക്കുറിച്ച് ദുബെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

'മഹിഭായിയുടെ ഉപദേശം തിരിച്ചുവരവില്‍ വളരെ നിര്‍ണ്ണായകമായിട്ടുണ്ട്. ധോണിയെപ്പോലൊരു ഇതിഹാസ താരം നമ്മുടെ പ്രകടനം വിലയിരുത്തുകയും ഉപദേശം നല്‍കുകയും ചെയ്യുന്നത് ഏതൊരു താരത്തിന്റേയും പ്രകടനം മാറ്റിമറിക്കും. ധോണി പോസിറ്റീവായി പറയുമ്പോള്‍ അത് ആത്മധൈര്യം ഉയര്‍ത്തും. ധോണിയുടെ ചെറിയ ഉപദേശം പോലും എന്റെ ക്രിക്കറ്റിനെ വളരെയധികം മാറ്റിയിട്ടുണ്ട്' ദുബെ പറഞ്ഞു. ഒരു സമയത്ത് അടുത്ത യുവരാജെന്ന് വിലയിരുത്തപ്പെട്ട താരമാണ് ദുബെ.
എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കി മോശം ഫോമില്‍ തുടര്‍ന്നതോടെ ടീമില്‍ നിന്ന് പുറത്തായി. പിന്നീട് ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കായെല്ലാം ഐപിഎല്‍ കളിച്ചെങ്കിലും നിരാശപ്പെടുത്തി. എന്നാല്‍ സിഎസ്‌കെയിലേക്കെത്തിയതോടെ തലവര മാറി. സിഎസ്‌കെയ്ക്കായി 41 മത്സരത്തില്‍ നിന്ന് 1103 റണ്‍സാണ് ദുബെ നേടിയത്. 34ന് മുകളില്‍ ശരാശരിയും 159ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും ദുബെക്കുണ്ട്. ഇതില്‍ എട്ട് അര്‍ധ സെഞ്ച്വറികളുമുണ്ട്.
സിഎസ്‌കെയില്‍ ദുബെയെ മധ്യനിര താരമായാണ് ഉപയോഗിക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ദുബെക്ക് മിടുക്കുണ്ട്. ഡെത്തോവറില്‍ വലിയ പ്രകടനം നടത്താന്‍ ദുബെക്ക് സാധിക്കുന്നുണ്ട്. ഈ മികവില്‍ വിശ്വസിച്ചാണ് ഇന്ത്യ ദുബെയെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ താരത്തിന് സാധിക്കാതെ പോയാല്‍ ഇന്ത്യയെ അത് കാര്യമായി ബാധിക്കുമെന്നുറപ്പാണ്.
ദുബെയുടെ ബൗളിങ് പ്രകടനത്തിലും ഇന്ത്യ പ്രതീക്ഷവെക്കുന്നു. ഇപ്പോഴിതാ ദുബെ തന്റെ ബൗളിങ്ങിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ്. 'ഐപിഎല്ലില്‍ ഒരു ഓവറാണ് ഞാന്‍ പന്തെറിഞ്ഞത്. ഒരു വിക്കറ്റ് വീഴ്ത്തി വലിയ ഇംപാക്ട് ഉണ്ടാക്കാനായി. ഇപ്പോള്‍ നെറ്റ്‌സില്‍ എന്റെ ബൗളിങ് മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും സാഹചര്യത്തില്‍ ആവശ്യം വന്നാല്‍ ആ സമയത്ത് മാനസികമായി തയ്യാറായിരിക്കണം.
ഓള്‍റൗണ്ടറെന്ന നിലയില്‍ ഏത് സമയത്തും തിളങ്ങാന്‍ തയ്യാറായി ഇരിക്കാനാണ് രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും പറഞ്ഞത്. ഏത് സമയത്തും 2-3 ഓവര്‍ എറിയാന്‍ താന്‍ തയ്യാറാണെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്' ദുബെ പറഞ്ഞു. ഇത്തവണ ഓള്‍റൗണ്ടറെന്ന നിലയില്‍ ദുബെയില്‍ നിന്ന് ഇന്ത്യ വലിയ പ്രകടനം പ്രതീക്ഷിക്കുന്നു. മികവ് കാട്ടാന്‍ ദുബെക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. ബൗളറെന്ന നിലയില്‍ ദുബെയെ കാര്യമായി ഉപയോഗിച്ചേക്കില്ല.
എന്നാല്‍ സ്പിന്നിനെ തുണക്കുന്ന അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും പിച്ചില്‍ ദുബെയുടെ ബാറ്റിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. എന്നാല്‍ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ശേഷം ദുബെ നടത്തിയ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതായിരുന്നു എന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്.