ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ 8ല്‍ സീറ്റ് നേടി മുന്നേറുകയാണ്. ആദ്യത്തെ മൂന്ന് മത്സരത്തിലും തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയെടുത്തത്. അയര്‍ലന്‍ഡിനെയും പാകിസ്താനെയും അമേരിക്കയേയും തകര്‍ത്ത ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാണ് സൂപ്പര്‍ 8ലേക്കെത്തുന്നത്. എന്നാല്‍ സൂപ്പര്‍ എട്ടിനിറങ്ങുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ വേട്ടയാടുന്നുണ്ട്. അതിലൊന്ന് വിരാട് കോലിയുടെ മോശം ഫോമാണ്.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ മൂന്നാം നമ്പറില്‍ നിന്ന് മാറ്റി ഓപ്പണിങ്ങിലാണ് വിരാട് കോലിയെ കളിപ്പിക്കുന്നത്. എന്നാല്‍ ഐപിഎല്ലില്‍ ഓപ്പണറായി കസറുന്നതുപോലെ ഇന്ത്യക്കൊപ്പം ഓപ്പണര്‍ റോളില്‍ തിളങ്ങാന്‍ കോലിക്കാവുന്നില്ല. ആദ്യത്തെ മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് റണ്‍സാണ് കോലി നേടിയത്. ഇതില്‍ അമേരിക്കയ്‌ക്കെതിരേ ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു. കോലിയുടെ ഫോമിനെച്ചൊല്ലി പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
ഇപ്പോഴിതാ കോലിയുടെ മോശം ഫോമിനെക്കുറിച്ചുള്ള ചോദ്യത്തോട് ഇന്ത്യയുടെ മധ്യനിര താരം ശിവം ദുബെ പ്രതികരിച്ചത് വൈറലാവുകയാണ്. 'കോലിയുടെ ഫോമിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആരാണ്. മൂന്ന് മത്സരത്തില്‍ റണ്‍സ് നേടിയില്ലെങ്കില്‍ അടുത്ത മൂന്ന് മത്സരത്തില്‍ സെഞ്ച്വറി നേടാന്‍ കഴിവുള്ള താരമാണ് കോലി. അദ്ദേഹത്തിന്റെ പ്രകടനവും മികവും നമുക്കെല്ലാം അറിയാവുന്നതാണ്' ദുബെ പറഞ്ഞു. വിരാട് കോലി മോശം ഫോമില്‍ കളിക്കുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.
കാരണം കോലി ഓപ്പണിങ്ങില്‍ ഫ്‌ളോപ്പാവുമ്പോള്‍ രോഹിത് ശര്‍മയെ അത് സമ്മര്‍ദ്ദത്തിലാക്കുന്നു. രോഹിത്തും കോലിയും ഓപ്പണിങ്ങില്‍ നിരാശപ്പെടുത്തി മടങ്ങുന്നത് പിന്നാലെയെത്തുന്നവരേയും കാര്യമായി ബാധിക്കുന്നു. കോലി ഒരു ഷോട്ട് കൊണ്ട് പോലും ഫോമിലേക്ക് തിരിച്ചുവരാന്‍ കഴിവുള്ള താരമാണ്. ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനുമാണ്. എന്നാല്‍ നിലവിലെ അദ്ദേഹത്തിന്റെ ഫോം നിരാശപ്പെടുത്തുകയാണ്.

കോലിയെ മൂന്നാം നമ്പറിലേക്ക് ഇന്ത്യ മാറ്റാന്‍ സാധ്യതയുണ്ട്. സൂപ്പര്‍ 8ലേക്കെത്തുമ്പോള്‍ അമേരിക്കയില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസിലേക്ക് മത്സരം മാറും. അങ്ങനെ വരുമ്പോള്‍ കോലിയെ മൂന്നാം നമ്പറിലേക്ക് മാറ്റി ഓപ്പണിങ്ങിലേക്ക് യശ്വസി ജയ്‌സ്വാളിനെ കൊണ്ടുവരാനുള്ള സാധ്യത കൂടുതലാണ്. പക്ഷെ രോഹിത് ശര്‍മ കോലിയെ ഓപ്പണിങ്ങിലേക്ക് പിന്തുണക്കുന്നു. ഓപ്പണിങ്ങില്‍ കോലി തുടരുമെന്നാണ് രോഹിത് ശര്‍മ പറയുന്നത്.
ശിവം ദുബെയുടെ മോശം ഫോം വലിയ ചര്‍ച്ചയായിരുന്നു. ആദ്യത്തെ രണ്ട് മത്സരത്തിലും ദുബെ ഫ്‌ളോപ്പായപ്പോള്‍ സഞ്ജു സാംസണെ കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടവര്‍ ഏറെയാണ്. എന്നാല്‍ അമേരിക്കയ്‌ക്കെതിരേ നിര്‍ണ്ണായക പ്രകടനത്തോടെ ദുബെ മാച്ച് വിന്നറായി. വെസ്റ്റ് ഇന്‍ഡീസിലെ പിച്ചിലേക്കെത്തുമ്പോള്‍ ദുബെക്ക് ടീമില്‍ പ്രധാനപ്പെട്ട റോളാണുള്ളത്. കാരണം സ്പിന്‍ പിച്ചാണ് വിന്‍ഡീസിലേത്. ദുബെ സ്പിന്നിനെ നന്നായി നേരിടുന്ന താരമാണ്.
അതുകൊണ്ടുതന്നെ ദുബെയില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിക്കുന്നു. തന്റെ മോശം ഫോമിനെക്കുറിച്ച് ദുബെ തന്നെ തുറന്ന് പറഞ്ഞു. 'ഫോമിന്റെ പേരില്‍ ഞാന്‍ അല്‍പ്പം പ്രയാസപ്പെട്ടെങ്കിലും എന്റെ പദ്ധതികളില്‍ വിശ്വസിച്ചു. എന്നാല്‍ ഒരു സമയത്തും സമ്മര്‍ദ്ദം തോന്നിയില്ല. ടീമിലെ പരിശീലകരും നായകന്‍ രോഹിത് ശര്‍മയുമെല്ലാം വലിയ പിന്തുണയാണ് നല്‍കിയത്. ഇവിടെ ബാറ്റ് ചെയ്യാന്‍ പ്രയാസമാണ്. നിന്റെ സിക്‌സര്‍ പറത്താനുള്ള കഴിവില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോകാനാണ് അവര്‍ പറഞ്ഞത്' ദുബെ കൂട്ടിച്ചേര്‍ത്തു.
വരുന്ന മത്സരങ്ങളിലും ദുബെ പ്ലേയിങ് 11ല്‍ സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ഒന്നോ രണ്ടോ ഓവര്‍ ചെയ്യാനും ദുബെക്ക് സാധിക്കും. ഇടം കൈയനാണെന്നതും ദുബെക്ക് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ദുബെക്ക് വലിയ പിന്തുണ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നല്‍കുമെന്ന കാര്യം ഉറപ്പാണ്.