ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറാന്‍ വമ്പനടിക്കാരനായ ബാറ്ററും സീം ബൗളിങ് ഓള്‍റൗണ്ടറുമായ ശിവം ദുബെയ്ക്കു സാധിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്. സിഎസ്‌കെയ്ക്കായി കഴിഞ്ഞ ഐപിഎല്ലിലെ സ്‌ഫോടനാത്മക ഇന്നിങ്‌സുകളാണ് ദുബെയ്ക്കു ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിക്കൊടുത്ത്. ബൗളിങില്‍ സിഎസ്‌കെ വേണ്ടത്ര ഉപയോഗിച്ചില്ലെങ്കിലും ലോകകപ്പില്‍ ബൗളിങിലും തിളങ്ങാന്‍ താരത്തിനാവുമെന്നാണ് ഫ്‌ളെമിങിന്റെ അഭിപ്രായം.
മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിനോടാണ് ദുബെയെ ഫ്‌ളെമിങ് താരതമ്യം ചെയ്തിരിക്കുന്നത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൗളിങിനെക്കുറിച്ചാണ് ദുബെ സംസാരിക്കുന്നതെങ്കില്‍ അവന്‍ കപില്‍ ദേവിനെപ്പോലെയാണ്. ബൗളിങില്‍ ദുബെ വളരെ കഠിനമായി തന്നെ പ്രയത്‌നിക്കുന്നുണ്ട്.

ഐപിഎല്ലിലുടനീളം ബൗളിങില്‍ അവന്‍ ശരിക്കും അധ്വാനിച്ചിരുന്നു. ഓള്‍റൗണ്ടറുടെ റോള്‍ വഹിക്കാവുന്ന ഒരുപാട് പേര്‍ ഞങ്ങള്‍ക്ക് (സിഎസ്‌കെ) ഉണ്ടായിരുന്നു. ഇംപാക്ട് പ്ലെയര്‍ നിയമമുള്ളതിനാല്‍ തന്നെ ഓള്‍റൗണ്ടറുടെയോ, നന്നായി ബാറ്റ് ചെയുന്ന പാര്‍ട്ട്‌ടൈം ബൗളറുടെയോ റോള്‍ കുറയുകയും ചെയ്യുന്നു. ഇതു അല്‍പ്പം നാണക്കേട് തന്നെയാണെന്നും ഫ്‌ളെമിങ് വിശദമാക്കി.
പക്ഷെ ദുബെ അവന്റെ ബൗളിങ് തുടര്‍ന്നു കൊണ്ടിരുന്നു. ശരിയായ സാഹചര്യങ്ങളില്‍ അവന്റെ ബൗളിങ് അപകടം വിതച്ചേക്കാം. അല്‍പ്പം സ്ലോയിട്ടുള്ള സാഹചര്യങ്ങളില്‍ ദുബെയുടെ കട്ടറുകളും വേഗതയിലെ വ്യത്യാസവുമെല്ലാം ബാറ്റര്‍മാര്‍ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ബൗളിങില്‍ ഇന്ത്യക്കായി തന്റെ ഭാഗം നിര്‍വഹിക്കാന്‍ അവനു സാധിക്കും. ദുബെയ്ക്കു ആ ജോലി നിര്‍വഹിക്കാനുള്ള ശേഷിയുമുണ്ട്, അതിനു വേണ്ടി നന്നായി പ്രയത്‌നിക്കുകയും ചെയ്തിട്ടുണ്ടെന്നും ഫ്‌ളെമിങ് വിലയിരുത്തി.
ദുബെയുടെ പവര്‍ ഹിറ്റിങ് മികവിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ഇന്ത്യന്‍ ടീം ദുബെയെ ലോകകപ്പില്‍ എങ്ങനെ ഉപയോഗിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങള്‍. മധ്യ ഓവറുകളില്‍ റണ്‍റേറ്റ് അതിവേഗത്തില്‍ ഉയര്‍ത്താനുള്ള ദുബെയുടെ ശേഷി കാരണം എതിര്‍ ടീമുകള്‍ക്കു ഗെയിം പ്ലാനില്‍ മാറ്റം വരുത്തേണ്ടി വരികയും ചെയ്യും.
ദുബെ നല്ലൊരു ഫിനിഷറായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. വളരെ മികച്ച സാങ്കേതിക മികവും പവര്‍ഹിറ്റിങ് ശേഷിയും അവനുണ്ട്. ലോകകപ്പില്‍ ഇന്ത്യയുടെ ഗെയിം ചേഞ്ചറായി മാറാന്‍ ദുബെയ്ക്കു സാധിക്കുമെന്നും ഫ്‌ളെമിങ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീമിനു വേണ്ടി ഇതിനകം 21 ടി20കളിലാണ് ദുബെ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 276 റണ്‍സും എട്ടു വിക്കറ്റുളും നേടുകയും ചെയ്തു. 9.86 ഇക്കോണമി റേറ്റിലാണ് താരം ഇത്രയും വിക്കറ്റുകള്‍ നേടിയത്. വിരാട് കോലി ക്യാപ്റ്റനായിരിക്കെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം ദുബെ പിന്നീട് ടീമിനു പുറത്താവുകയായിരുന്നു. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കായി കളിച്ചെങ്കലും 2021ല്‍ സിഎസ്‌കെയിലെത്തിയതോടെയാണ് സമയം തെളിഞ്ഞത്.
കഴിഞ്ഞ നാലു സീസണുകളിലും സിഎസ്‌കെയ്ക്കായി സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനമാണ് ദുബെ നടത്തിയത്. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ കൈകാര്യം ചെയ്യാനുള്ള ദൗത്യം മുന്‍ നായകന്‍ എംഎസ് ധോണി നല്‍കിയത് താരത്തിന്‍റെ കരിയര്‍ തന്നെ മാറ്റുകയായിരുന്നു. പിന്നീട് ദുബെ്ക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിഎസ്‌കെയുടെ തുറുപ്പുചീട്ടായി അദ്ദേഹം മാറുകയും ചെയ്തു. 289 റണ്‍സ്, 418, 296 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്നു സീസണുകളില്‍ ദുബെയുടെ ബാറ്റിങ് പ്രകടനം.