ഈ സീസണിലെ ഐപിഎല്ലിലെ താരോദയമായി മാറിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ മധ്യനിര ബാറ്റര്‍ ശശാങ്ക് സിങ്. അവിശ്വസനീയ ബാറ്റിങ് പ്രകടനങ്ങിലൂടെ ടീമിന്റെ ഹീറോയായിരിക്കുകയാണ് അദ്ദേഹം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ കഴിഞ്ഞ ദിവസം പഞ്ചാബ് റണ്‍ചേസില്‍ ലോക റെക്കോര്‍ഡിട്ടപ്പോള്‍ ശശാങ്കും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
262 റണ്‍സ് പഞ്ചാബ് അനായാസം ചേസ് ചെയ്ത കളിയില്‍ പുറത്താവാതെ 68 റണ്‍സാണ് താരം അടിച്ചെടുത്തത്. വെറും 28 ബോളുകളില്‍ നിന്നാണിത്. എട്ടു കൂറ്റന്‍ സിക്‌സറുകളും രണ്ടു ഫോറുകളും ശശാങ്കിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പേസ്, സ്പിന്‍ ബൗളര്‍മാരെ അനായാസം അടിച്ചുപറത്താനുള്ള ശേഷിയാണ് അദ്ദേഹത്തെ അപകടകാരിയാക്കുന്നത്.

ഈ സീസണില്‍ നേരത്തേയും ചില മല്‍സരങ്ങളിലും ഫിനിഷറായി ശശാങ്ക് കസറിയിരുന്നു. ഒമ്പതു മല്‍സരങ്ങളിലാണ് അദ്ദേഹം ടീമിനായി ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 65.75 ശരാശരിയില്‍ 182.63 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 263 റണ്‍സ് ശശാങ്ക് നേടിക്കഴിഞ്ഞു. സീസണില്‍ കളിച്ച നാല് ഇന്നിങ്‌സുകളിലൊഴികെ ശേഷിച്ച അഞ്ചിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
ഡല്‍ഹി കാപ്പിറ്റല്‍സുമായുള്ള ആദ്യ മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കുമായാണ് ശശാങ്കിന്റെ തുടക്കം. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരൂവുമായുള്ള അടുത്ത കളിയില്‍ തന്റെ പ്രഹരശേഷി അദ്ദേഹം ലോകത്തിനു കാണിച്ചുകൊടുത്തു. വെറും എട്ടു ബോളില്‍ 21 റണ്‍സാണ് കളിയില്‍ ശശാങ്ക് വാരിക്കൂടിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അടുത്ത കളിയില്‍ ഏഴു ബോളില്‍ ഒമ്പതു റണ്‍സെടുക്കാനേ ആയുള്ളൂ. നാലാമത്തെ മല്‍സരത്തില്‍ ശശാങ്ക് ആദ്യത്തെ ഐപിഎല്‍ ഫിഫ്റ്റി കുറിച്ചു. ഡിസിക്കെതിരേയായിരുന്നു ഇത്. 29 ബോളില്‍ 61 റണ്‍സാണ് താരം അടിച്ചെടുത്തത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ 25 ബോളില്‍ 46 റണ്‍സും ശശാങ്ക് സ്‌കോര്‍ ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനെതിരേ അദ്ദേഹം ക്ലിക്കായില്ല. ഒമ്പതു ബോളില്‍ ഒമ്പതു റണ്‍സ് മാത്രമേ നേടാനായുള്ളൂ. മുംബൈ ഇന്ത്യന്‍സിനെതിരേ ശശാങ്ക് വീണ്ടും മിന്നിച്ചു. 25 ബോളില്‍ 41 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ പക്ഷെ അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്തായി. 12 ബോളില്‍ നേടിയത് എട്ടു റണ്‍സ് മാത്രം. അതിനു ശേഷമാണ് കെകെആറിനെതിരേ കഴിഞ്ഞ ദിവസം ശശാങ്ക് സംഹാര താണ്ഡവമാടിയത്.
ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഫിനിഷര്‍ റോളിലേക്കു ഫേവറിറ്റ് റിങ്കു സിങാണ്. പക്ഷെ ഐപിഎല്ലില്‍ കെകെആറിനൊപ്പം അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. ഏഴിന്നിങ്‌സുകളില്‍ നിന്നും 22.40 ശരാശരിയില്‍ 157.74 സ്‌ട്രൈക്ക് റേറ്റില്‍ വെറും 112 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. റിങ്കുവിനു പകരം ലോകകപ്പില്‍ ഫിനിഷറായി ശശാങ്കിനെ ഇന്ത്യന്‍ ടീമിലെടുക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍.

ശശാങ്ക് സിങിനെ ടി20 ലോകകപ്പില്‍ ഉള്‍പ്പെടുത്തണം. ബിസിസിഐയും ജയ് ഷായും അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചേ തീരൂ. നമുക്കു ലോകകപ്പ് നേടിത്തരാന്‍ ശേഷിയുള്ള താരമാണ് ശശാങ്ക്. ഫിനിഷറുടെ റോളില്‍ അദ്ദേഹം ഉറപ്പായും ടീമില്‍ ആവശ്യമാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.
റിങ്കു സിങിനേക്കാള്‍ ഒരുപടി മുകളിലാണ് ശശാശ് സിങെന്നു പറയേണ്ടി വരും. എത്ര അനായാസമായിട്ടാണ് അദ്ദേഹം ഷോട്ടുകള്‍ പായിക്കുന്നത്. ഇത്രയും എളുപ്പത്തില്‍ സിക്‌സറുകളടിക്കുന്ന താരങ്ങളെ അധികം കാണാന്‍ കഴിയിയില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.