ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം കിരീട ഫേവറിറ്റുകളിലൊന്നാണെങ്കിലും രണ്ടു വീക്ക്‌നെസുകള്‍ തിരിച്ചടിയായേക്കുമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം കിരീടസാധ്യതയുള്ള ടീമുകളെക്കുറിച്ച് ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ടീമിന്റെ ദൗര്‍ബല്യത്തെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
രോഹിത് ശര്‍മയ്ക്കു കീഴില്‍ വളരെ സന്തുലിതമായ ടീമിനെയാണ് ഈ ലോകകപ്പില്‍ ഇന്ത്യ അണിനിരത്തുന്നത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ ഫൈനല്‍ വരെയെത്താന്‍ ഇന്ത്യക്കായിരുന്നു. സമാനമായൊരു വിജയക്കുതിപ്പാണ് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സ്വപ്‌നം കാണുന്നത്.

ഒരുപാട് പ്രതിഭയുള്ള ടീമാണ് ഇന്ത്യയുടേതെന്നാണ് സ്റ്റൈറിസ് പറയുന്നത്. ഇന്ത്യന്‍ ടീം പ്രതിഭകളാല്‍ സമ്പന്നമാണ്. പക്ഷെ അവര്‍ക്കു ചില വിള്ളലുകളുമുണ്ട്. ഇന്ത്യന്‍ ടീം നന്നായി ഫീല്‍ഡ് ചെയ്യാറില്ല. കൂടാതെ ടീമിന്റെ ബാലന്‍സും ഒരു പ്രശ്‌നമാണെന്നു സ്‌റ്റൈറിസ് വിശദമാക്കി.
ഫോം കണ്ടെത്തുകയാണെങ്കില്‍ ഈ ലോകകപ്പിലെ ഫേവറിറ്റുകളായി നാലോ, അഞ്ചോ ടീമുകളുണ്ടെന്നു ഞാന്‍ കരുതുന്നു. സൗത്താഫ്രിക്ക വളരെ മികച്ച ടീമായാണ് കാണപ്പെടുന്നത്. സാഹചര്യങ്ങള്‍ വളരെയധികം താല്‍പ്പര്യമുണര്‍ത്തുന്നതാണ്. ഇതു വിധി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാവുമെന്നും സ്റ്റൈറിസ് പറഞ്ഞു. നാട്ടില്‍ കളിക്കുന്നതിനാല്‍ വെസ്റ്റ് ഇന്‍ഡീസും മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളും ടൂര്‍ണമെന്റിലെ ശക്തമായ സാന്നിധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതേ ഷോയില്‍ പങ്കെടുത്ത ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സന്‍ സംസാരിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫോമിനെക്കുറിച്ചായിരുന്നു. അത്ര മികച്ച ഫോമിലല്ല രോഹിത് ഈ ലോകകപ്പിനെത്തിയതെങ്കിലും ടൂര്‍ണമെന്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുമെന്നു പ്രതീക്ഷിക്കുന്നതായി വാട്‌സന്‍ പറഞ്ഞു.
ഓസ്ട്രലിയയുടെ സൂപ്പര്‍ താരവും വെറ്ററന്‍ ഓപ്പണറുമായ ഡേവിഡ് വാര്‍ണറുമായാണ് രോഹിത്തിനെ അദ്ദേഹം താരതമ്യം ചെയ്തത്. 2021ലെ ടി20 ലോകകപ്പിനെത്തുമ്പോള്‍ വാര്‍ണര്‍ മികച്ച ഫോമിലായിരുന്നില്ല. പക്ഷെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തിരുന്നു.

ടി20 ലോകകപ്പില്‍ കളിക്കാനെത്തിയപ്പോള്‍ കുറച്ചു മല്‍സരങ്ങള്‍ക്കു ശേഷമായിരുന്നു ഡേവിഡ് വാര്‍ണര്‍ തന്റെ യഥാര്‍ഥ ഫോമിലേക്കെത്തിയത്. ടൂര്‍ണമെന്റിന്റെ പകുതിയില്‍ വച്ചല്ല അതിനു മുമ്പ് തന്നെ അദ്ദേഹം താളം വീണ്ടെടുത്തിരുന്നു. വളരെ മികച്ച ഫോമിലുള്ളപ്പോള്‍ ടി20 ലോകകപ്പിനു പോവുന്നത് എത്ര വലിയ കാര്യമാണന്നു ആളുകള്‍ പറയും.
പക്ഷെ മഹാന്‍മാരായ കളിക്കാര്‍ ശരിയായ സമയത്തു തന്നെ ഫോമിലെത്താനുള്ള വഴി കണ്ടെത്തുകയും ഏറ്റവും മികച്ച കളി പുറത്തെടുക്കുകയും ചെയ്യും. യഥാര്‍ഥ ഫോമിലേക്കു തിരിച്ചെത്തുന്നതിനായി എന്താണ് വേണ്ടതെന്നു രോഹിത് ശര്‍മയ്ക്കു അറിയാമെന്നും വാട്‌സന്‍ വ്യക്തമാക്കി.
എന്നാല്‍ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായി തന്റെ രാജ്യമായ ഓസ്‌ട്രേലിയയെയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. എനിക്കു ഓസ്‌ട്രേലിയയെ മറികടന്നു പോവാന്‍ സാധിക്കില്ല. ഏറ്റവും ആവശ്യമായ സമയത്തു എന്താണ് വേണ്ടതെന്നു അവര്‍ക്കു നന്നായി അറിയാം. ഇന്ത്യന്‍ ടീമിന്റെ കാര്യമെടുത്താല്‍ കാര്യങ്ങള്‍ അനുകൂലമായി വരികയും സ്പിന്നര്‍മാര്‍ ഇപാക്ടുണ്ടാക്കുകയും ചെയ്താല്‍ വലിയൊരു മുന്നേറ്റം നടത്താനുള്ള സാഹചര്യങ്ങളുണ്ടെന്നും വാട്‌സന്‍ അഭിപ്രായപ്പെട്ടു.