ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരിക്കുകയാണ് അച്ഛന്‍ സാംസണ്‍ വിശ്വനാഥ്. ഇതാദ്യമായാണ് സീനിയര്‍ ടീമിനു വേണ്ടി സഞ്ജു ഒരു ഐസിസി ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറെടുക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിയ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനമാണ് അദ്ദേഹത്തെ ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്‌ക്വാഡിലെത്തിച്ചത്. വര്‍ഷങ്ങളായുള്ള തന്റെ കാത്തിരിപ്പിനാണ് ലോകകപ്പ് സ്‌കാഡില്‍ സഞ്ജു ഇടം നേടിയതിലൂടെ അവസാനമായിരിക്കുന്നതെന്നു സാംസണ്‍ വിശ്വനാഥ് വ്യക്തമാക്കി.
2013 മുതല്‍ ഈയൊരു മുഹൂര്‍ത്തത്തിനു വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. ഇപ്പോള്‍ അവന്‍ (സഞ്ജു) ആദ്യ കടമ്പ കടക്കുകയും ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഇടം നേടുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കുകയെന്നതാണ് അടുത്ത സ്റ്റെപ്പ്. അതിനു ശേഷം അവന്റെ ബാറ്റില്‍ നിന്നും റണ്ണൊഴുകുകയും വേണം. അതു സംഭവിക്കുകയാണെങ്കില്‍ താന്‍ വളരെയധികം സന്തോഷവാനാവുമെന്നും സാംസണ്‍ വിശ്വനാഥ് മനസ്സ്തുറന്നു.

ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍ ആയിരുന്ന അദ്ദേഹം സന്തോഷ് ട്രോഫിയില്‍ നേരത്തേ ഡല്‍ഹിക്കായി കളിച്ചിട്ടുള്ള ഫുട്‌ബോളര്‍ കൂടിയാണ്. എന്നാല്‍ ജോലിയില്‍ നിന്നും വിആര്‍എസ് എടുത്ത സാംസണ്‍ വിശ്വനാഥ് പിന്നീട് മക്കളെ ക്രിക്കറ്റര്‍മാരാക്കുന്നതായി ഡല്‍ഹി വിട്ട് തിരുവനന്തപുരത്തേക്കു മാറുകയായിരുന്നു.
എന്റെ രണ്ടു മക്കളും ക്രിക്കറ്റ് കളിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ ജോലി വിട്ടത്. ഞാന്‍ ഏറെ നാളായി കാത്തിരുന്ന ആ നിമിഷമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. സഞ്ജു എല്ലായ്‌പ്പോഴും ടീമിനു വേണ്ടിയാണ് കളിക്കാറുള്ളതെന്നും സ്വയം തനിക്കു വേണ്ടി കളിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ വരെ കണ്ട സഞ്ജുവിനെയല്ല ഇത്തവണ കാണുന്നതെന്നും ബാറ്റിങ് സമീപനത്തില്‍ അവന്‍ വലിയൊരു മാറ്റം കൊണ്ടുവന്നതായും സാംസണ്‍ വിശ്വനാഥ് പറയുന്നു.
എല്ലാ ബോളും സിക്‌സറിലേക്കു അടിക്കാനായിരുന്നു സഞ്ജു നേരത്തേ ശ്രമിച്ചിരുന്നത്. പക്ഷെ ഈ സീസണില്‍ തികച്ചും വ്യത്യസ്തനായൊരു സഞ്ജുവിനെയാണ് നമ്മള്‍ കാണുന്നത്. ഇനി രാജ്യത്തിനു വേണ്ടിയും അവന്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. സഞ്ജു കഠിനാധ്വാനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവന്‍ പെര്‍ഫോം ചെയ്യുന്നതു കാണാന്‍ നമ്മളെല്ലാം കാത്തിരിക്കുകയാണെന്നും സാംസണ്‍ വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.

2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സഞ്ജു ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ ഇതിനകം കളിച്ചുകഴിഞ്ഞു. ടി20യില്‍ 25 മല്‍സരങ്ങളില്‍ 22 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 133.1 സ്‌ട്രൈക്ക് റേറ്റില്‍ 374 റണ്‍സെടുക്കുകയും ചെയ്തു. ഒരു ഫിഫ്റ്റിയുള്‍പ്പെടെയാണിത്. അയര്‍ലാന്‍ഡിനെതിരേയായിരുന്നു സഞ്ജുവിന്റെ ഏക ഫിഫ്റ്റി.
ടി20യെ അപക്ഷിച്ച് ഏകദിനത്തില്‍ കൂടുതല്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. 16 ഏകദിനങ്ങളില്‍ നിന്നും 56.67 ശരാശരിയില്‍ 510 റണ്‍സ് സഞ്ജു നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഏകദിനത്തില്‍ അദ്ദേഹം നേടുകയും ചെയ്തു.
അതേസമയം, ഈ സീസണിലെ ഐപിഎല്ലില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും മികച്ച ശരാശരിയും സ്ട്രൈക്ക് റേറ്റും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളെല്ലാം നേടിയത് സഞ്ജുവാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 385 റണ്‍സാണ്. 77 ശരാശരിയും 161.08 സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും അദ്ദേഹം നേടി.