മുംബൈ: ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ജൂണ്‍ 1 മുതല്‍ 29വരെ നടക്കുന്ന ടി20 ലോകകപ്പിനായുള്ള പടയൊരുക്കം ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. 2013ന് ശേഷം ഐസിസി കിരീടം അലമാരയില്‍ ഇല്ലാത്ത ടീമാണ് ഇന്ത്യ. തട്ടകത്തില്‍ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യ കൈവിട്ടിരുന്നു. അതുകൊണ്ടുതന്നെ ടി20 ലോകകപ്പില്‍ മുത്തമിടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇന്ത്യയെ സംബന്ധിച്ച് താരസമ്പന്നതയാണ് പ്രശ്‌നം. സൂപ്പര്‍ താരങ്ങളുടെ നീണ്ട നിര ഇന്ത്യക്കൊപ്പമുള്ളതിനാല്‍ ആരൊക്കെ ടീമില്‍ ഉണ്ടാവുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. നിലവിലെ ടീമിന്റെ പദ്ധതികള്‍ പ്രകാരം യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാനാണ് സാധ്യത. ടി20യില്‍ മികച്ച റെക്കോഡുള്ള ചില സീനിയര്‍ താരങ്ങളെ ഇന്ത്യ തഴയാനുള്ള സാധ്യതയാണ് കൂടുതല്‍. ഇത്തരത്തില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ലാത്ത അഞ്ച് താരങ്ങളിതാ.
ഒന്നാമത്തെ താരം കെ എല്‍ രാഹുലാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കെ എല്‍ രാഹുലിന്റെ ടി20യിലെ റെക്കോഡുകള്‍ മോശമല്ല. ഓപ്പണറായ രാഹുല്‍ സെഞ്ച്വറിയടക്കം നേടിയിട്ടുണ്ട്. 135ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. എന്നാല്‍ പതിയെ തുടങ്ങി കടന്നാക്രമിക്കുന്നതാണ് രാഹുലിന്റെ രീതി. ഇങ്ങനെ കളിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവുമ്പോള്‍ നിരവധി ബോളുകള്‍ പാഴാവുന്ന അവസ്ഥയുണ്ടാവും. അതുകൊണ്ടുതന്നെ രാഹുലിന്റെ ഈ ശൈലിയോട് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് വലിയ താല്‍പര്യമില്ല.
ഇക്കാരണത്താല്‍ രാഹുല്‍ തഴയപ്പെടുകയാണ്. നിലവില്‍ ഇന്ത്യയുടെ ടി20 പദ്ധതികളില്‍ രാഹുലിന് സ്ഥാനമില്ല. ഇനിയൊരു തിരിച്ചുവരവ് നടത്തുകയെന്നതും രാഹുലിനെ സംബന്ധിച്ച് എളുപ്പമല്ല. വിക്കറ്റ് കീപ്പര്‍ റോളില്‍ യുവതാരങ്ങള്‍ കാത്തിരിക്കവെ രാഹുല്‍ തഴയപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍. രണ്ടാമത്തെ താരം റുതുരാജ് ഗെയ്ക് വാദാണ്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി കളിച്ച് ശ്രദ്ധ നേടിയെടുത്ത താരമാണ് റുതുരാജ്.

ഓപ്പണറായ താരം സെഞ്ച്വറി പ്രകടനമടക്കം കാഴ്ചവെച്ചിട്ടുണ്ട്. കടന്നാക്രമിച്ച് കളിക്കുന്ന താരമല്ലെങ്കിലും മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റില്‍ വലിയ ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ റുതുരാജിന് കഴിവുണ്ട്. ഓപ്പണിങ്ങിലാണ് താരം അവസരം തേടുന്നത്. എന്നാല്‍ ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരെല്ലാം ഉള്ളതിനാല്‍ റുതുരാജിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. ഇഷാന്‍ കിഷനെ ബാക്കപ്പ് ഓപ്പണറായും ഇന്ത്യ പരിഗണിച്ചേക്കും.
ശ്രേയസ് അയ്യരാണ് മറ്റൊരു താരം. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിച്ചിരുന്ന ശ്രേയസിന് നിലവില്‍ ടി20 ലോകകപ്പ് പദ്ധതികളില്‍ ഇടമില്ല. അതിവേഗത്തില്‍ ബാറ്റുചെയ്യാന്‍ ശേഷിയുള്ള താരമല്ല ശ്രേയസ്. ഷോര്‍ട്ട് ബോള്‍ കെണിയില്‍ ശ്രേയസ് നിരവധി തവണ പുറത്തായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ശ്രേയസിനെ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചേക്കില്ല. റിങ്കു സിങ്, തിലക് വര്‍മ, ശിവം ദുബെ എന്നിവര്‍ക്കെല്ലാം അവസരം ലഭിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ശ്രേയസ് തഴയപ്പെട്ടേക്കും.
യുസ് വേന്ദ്ര ചഹാലിനെ ഇന്ത്യ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്. ടി20യില്‍ മികച്ച റെക്കോഡുള്ള സ്പിന്നറാണ് ചഹാല്‍. എന്നാല്‍ കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കാണ് ഇന്ത്യ കൂടുതല്‍ പിന്തുണ നല്‍കുന്നത്. ഇതോടെ ചഹാല്‍ പടിക്ക് പുറത്തായി. ഇനി ചഹാലിന് ടി20 ഫോര്‍മാറ്റിലേക്ക് തിരിച്ചുവരവ് കടുപ്പമാണെന്ന് പറയാം. ലോകകപ്പിലും ചഹാലിന് ഇടം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്.
സഞ്ജു സാംസണാണ് മറ്റൊരാള്‍. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് ടി20യില്‍ ഭേദപ്പെട്ട റെക്കോഡുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടി20 ടീമിനൊപ്പം പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ സഞ്ജുവിനായിട്ടില്ല. ഇന്ത്യ ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരെയാവും ടി20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കുക. അതുകൊണ്ടുതന്നെ സഞ്ജു പുറത്തിരിക്കാനാണ് സാധ്യത കൂടുതല്‍.