നോര്‍ത്ത്‌സൗണ്ട്: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ത്യ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ത്യ അവസാന മത്സരത്തിലെ പ്ലേയിങ് 11 തുടരുമെന്നാണ് രോഹിത് പറഞ്ഞത്. ഇതോടെ സഞ്ജു സാംസണ്‍ വീണ്ടും തഴയപ്പെട്ടിരിക്കുകയാണ്.
ബംഗ്ലാദേശിനെതിരേ സഞ്ജു കളിക്കുമെന്ന സൂചനയാണ് വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും നല്‍കിയത്. ഇതിന് ശേഷം ഇന്നലെ നെറ്റ്‌സില്‍ രണ്ടര മാസത്തോളമാണ് സഞ്ജു പരിശീലിച്ചത്. സഞ്ജുവിന്റെ പരിശീലന വീഡിയോ വൈറലായതോടെ സഞ്ജു ബംഗ്ലാദേശിനെതിരേ ടീമില്‍ ഉണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഇന്ത്യ സഞ്ജുവിനെ വീണ്ടും തഴഞ്ഞ് വിജയം തുടരുന്ന പ്ലേയിങ് 11നുമായി മുന്നോട്ട് പോവുകയാണ്.
സഞ്ജു സാംസണെ വഞ്ചിക്കുന്ന നിലപാടാണ് രോഹിത് ശര്‍മയും ദ്രാവിഡും സ്വീകരിക്കുന്നത്. അമേരിക്കയ്‌ക്കെതിരായ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ശിവം ദുബെ ബാക്കി മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പായിരുന്നു. എന്നിട്ടും ദുബെയെ രോഹിത് പിന്തുണച്ചപ്പോള്‍ അര്‍ഹതയുണ്ടായിട്ടും സഞ്ജു സാംസണ്‍ പ്ലേയിങ് 11ന് പുറത്തിരിക്കുകയാണ്. സഞ്ജു സാംസണിന് ഇനി ടി20 ലോകകപ്പില്‍ കളിക്കാന്‍ സാധിക്കുമെന്ന് കരുതാനാവില്ല. കാരണം അടുത്ത മത്സരം ഓസ്‌ട്രേലിയക്കെതിരേയാണ്.
സൂപ്പര്‍ പോരാട്ടത്തില്‍ നേരിട്ട് സഞ്ജുവിനെ കളിപ്പിക്കില്ല. പിന്നീട് സെമി നടക്കുമ്പോഴും സഞ്ജുവിനെ പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല. ടൂര്‍ണമെന്റിലുടെനീളം കരക്കിരുന്ന് കളി കാണാനാണ് സഞ്ജുവിന് വിധിയെന്ന് പറയാം. രോഹിത് ശര്‍മയാണ് സഞ്ജുവിന്റെ വരവിന് വിലങ്ങ് തടിയാവുന്നത്. ദുബെയെ ഓള്‍റൗണ്ടറെന്ന നിലയില്‍ രോഹിത് പിന്തുണക്കുന്നു. ബൗളറെന്ന നിലയിലും ദുബെയെ ഉപയോഗിക്കാന്‍ രോഹിത് ആഗ്രഹിക്കുന്നു.

എന്നാല്‍ ടൂര്‍ണമെന്റില്‍ ഓവര്‍ നല്‍കിയത് വളരെ വിരളമായാണ്. എന്നിട്ടും ദുബെയുടെ മികവിനെ വാഴ്ത്തി വീണ്ടും രോഹിത് അവസരം നല്‍കുമ്പോള്‍ മികവുണ്ടായിട്ടും സഞ്ജു വീണ്ടും കരക്കിരിക്കുകയാണ്. ശ്രീശാന്തിന് ശേഷം ഇന്ത്യക്കായി ലോകകപ്പ് കളിക്കുന്ന മലയാളി താരമെന്ന നേട്ടത്തിലെത്താനുള്ള അവസരമായിരുന്നു സഞ്ജുവിനെ കാത്തിരുന്നത്. എന്നാല്‍ ഇതിനുള്ള അവസരം രോഹിത് ശര്‍മ കാരണം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പറയാം.
സഞ്ജു ആരാധകരെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരാശ പങ്കുവെക്കുകയാണ്. ഫീല്‍ഡറെന്ന നിലയില്‍ പോലും ഉപയോഗമില്ലാത്ത താരമാണ് ദുബെ. ഓള്‍റൗണ്ടറെന്ന് വിളിക്കാന്‍ സാധിക്കാത്ത താരമാണ് ദുബെ. പന്തെടുക്കുമ്പോഴെല്ലാം തല്ലുവാങ്ങുന്നു. ഇത്തരത്തിലുള്ള താരത്തിനായി സഞ്ജുവിനെ തഴയുന്നത് അനീതിയാണെന്നാണ് ആരാധക പക്ഷം. സഞ്ജുവിന് അവസരം നല്‍കിയാല്‍ തിളങ്ങുമെന്നും എന്നാല്‍ അവസരം തഴയുന്നത് മറ്റ് ചിലരുടെ പ്രത്യേക താല്‍പര്യംകൊണ്ടാണെന്നും ആരാധകര്‍ പറയുന്നു.
എന്തായാലും സഞ്ജുവിനെ തഴഞ്ഞത് തീര്‍ത്തും നിരാശപ്പെടുത്തുന്ന കാര്യമാണ്. മികച്ച മുന്നൊരുക്കമാണ് മത്സരത്തിന് മുന്നോടിയായി സഞ്ജു നടത്തിയത്. അവസരം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് സഞ്ജുവിനെ വീണ്ടും അവഗണിച്ചിരിക്കുകയാണ്. മോശം ഫോമിലായിരുന്നിട്ടും വിരാട് കോലിയെ ഓപ്പണിങ്ങില്‍ തുടരാന്‍ ഇന്ത്യ അനുവദിച്ചിരിക്കുകയാണ്. 7 മാത്രമാണ് കോലിയുടെ ശരാശരി.
യശ്വസി ജയ്‌സ്വാളിനെപ്പോലെ പയറ്റിത്തെളിഞ്ഞ ഓപ്പണറുണ്ടായിട്ടും കോലിയെ വീണ്ടും ഓപ്പണിങ്ങില്‍ തുടരാന്‍ അനുവദിച്ചിരിക്കുകയാണ്. സഞ്ജുവിനെപ്പോലെ തന്നെ ഒരു അവസരം പോലും നല്‍കാതെ ജയ്‌സ്വാളും തഴയപ്പെടുകയാണ്. ഇന്ത്യയുടെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കാവുന്ന ജയ്‌സ്വാളിനെ ഒതുക്കിയതിന് പിന്നിലും രോഹിത്തിന്റെ മണ്ടത്തരമാണ്. എന്തായാലും ഇന്ത്യ യുവതാരങ്ങളെ തഴയുന്നത് തീര്‍ത്തും നിരാശപ്പെടുത്തുന്ന കാര്യമാണെന്ന് പറയാം.
പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (c), വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ
ബംഗ്ലാദേശ്- തന്‍സിദ് ഹസന്‍, ലിറ്റന്‍ ദാസ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (c), തൗഹിദ് ഹൃദോയി, ഷക്കീബ് അല്‍ ഹസന്‍, മഹമ്മൂദുല്ല, ജാക്കര്‍ അലി, റിഷാദ് ഹൊസൈന്‍, മെഹതി ഹസന്‍, തന്‍സിം ഹസന്‍ സക്കീബ്, മുസ്തഫിസുര്‍ റഹ്‌മാന്‍