ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണിനെ കളിപ്പിക്കരുതെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ താരം ക്രിസ് ശ്രീകാന്ത്. നിലവില്‍ ലോകകപ്പിനുള്ള ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കേു മല്‍സരരംഗത്തുള്ള താരമാണ് സഞ്ജു. ബാക്കപ്പ് വിക്കറ്റ് കീപ്പറായി അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്താനുള്ള സാധ്യതയുമുണ്ട്. അതിവിടെയാണ് സഞ്ജു ടീമില്‍ വേണ്ടെന്നു ശ്രീകാന്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിനുള്ള കാരണം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.
സഞ്ജു സാംസണ്‍ ലോകകപ്പില്‍ കളിക്കാന്‍ പാടില്ല. കാരണം അദ്ദേഹത്തിനു മൂന്നാം നമ്പറിലോ, നാലാം നമ്പറിലോ മാത്രമേ ബാറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. പക്ഷെ ഈ രണ്ടു സ്‌പോട്ടുകളിലും ഒഴിവില്ല. സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഈ സ്‌പോട്ടുകള്‍ റിസര്‍വ് ചെയ്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ സഞ്ജുവിനെ ടീമിനു ആവശ്യവുമില്ല. ഓപ്പണിങ് സ്‌പോട്ടിലേക്കു രോഹിത് ശര്‍മയും വിരാട് കോലിയും സ്ഥാനമുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ലോകകപ്പില്‍ റിഷഭ് പന്തായിരിക്കണം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. കെഎല്‍ രാഹുലിനെ ബാക്കപ്പായും ഉള്‍പ്പെടുത്താമെന്നും ശ്രീകാന്ത് വ്യക്തമാക്കി.

ഇന്ത്യയുടെ മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. 2011ല്‍ അവസാനമായി ഏകദിന ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്മാരായപ്പോള്‍ അന്നത്തെ സ്‌ക്വാഡിനെ തിരഞ്ഞെടുത്തതും അദ്ദേഹത്തിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ്. അതിനിടെ ഇത്തവണ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ സ്റ്റാര്‍ സ്‌പോര്‍ട്‌സിനു വേണ്ടി ശ്രീകാന്ത് തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുകയാണ്.
യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ അദ്ദേഹം തഴഞ്ഞുവെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. കൂടാതെ രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ കസറുന്ന സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെയും ലോകകപ്പ് സ്‌ക്വാഡില്‍ ശ്രീകാന്ത് ഉള്‍പ്പെടുത്തിയില്ല. നായകന്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി കോലിയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. സൂര്യ, ദുബെ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്ലില്‍ ഫ്‌ളോപ്പ് ഷോ തുടരുകയാണെങ്കിലും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ശ്രീകാന്തിന്റെ ടീമിലെ സര്‍പ്രൈസ് താരം തമിഴ്‌നാട്ടില്‍ നിന്നുള്ള ഇടംകൈയന്‍ പേസര്‍ ടി നടരാജനാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഐപിഎല്ലില്‍ ഉജ്ജ്വലമായി പന്തെറിയുന്ന അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കണമെന്നു പലരും ആവശ്യപ്പെട്ടു കഴിഞ്ഞു.
അതേസമയം, ഐപിഎല്ലിലെ ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍മാരുടെ പ്രകടനമെടുത്താല്‍ അക്കൂട്ടത്തില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്ന രണ്ടാമത്തെ താരമാണ് റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു. എട്ടു മല്‍സരങ്ങളില്‍ നിന്നും 62.80 ശരാശരിയില്‍ 152.42 സ്‌ട്രൈക്ക് റേറ്റില്‍ 314 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.
സഞ്ജുവിനു മുകളില്‍ റണ്‍വേട്ടയില്‍ തലപ്പത്തു നില്‍ക്കുന്നത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 48.85 ശരാശരിയില്‍ 342 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ശരാശരിയില്‍ സഞ്ജുവിനു താഴെയാണെങ്കിലും സ്‌ട്രൈക്ക് റേറ്റില്‍ റിഷഭാണ് മുന്നില്‍. 161.32 സ്‌ട്രൈക്ക് റേറ്റ് അദ്ദേഹത്തുണ്ട്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് റിഷഭിന്റെ പേരിലുള്ളത്.