ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രാര്‍ഥനകള്‍ ഒടുവില്‍ യാഥാര്‍ഥ്യമാവുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഒരവസരം പോലും ഇനിയും ലഭിക്കാതെ പുറത്തിരിക്കുന്ന സഞ്ജു സാംസണിനെ ഒടുവില്‍ കളിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ടീം മാനേജ്‌മെന്റ്. ഇതിനകം നടന്ന മല്‍സരങ്ങളില്‍ വന്‍ ഫ്‌ളോപ്പായി മാറിയ ശിവം ദുബെയ്ക്കു പകരം അഞ്ചാം നമ്പര്‍ സഞ്ജുവിനു നല്‍കാനാണ് ടീം മാനേജ്‌മെന്റിന്റെ നീക്കം. ബംഗ്ലാദേശുമായുള്ള സൂപ്പര്‍ എട്ട് പോരാട്ടത്തിലൂടെ സഞ്ജു ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് വിവരം.
ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇതു സംബന്ധിച്ച് നിര്‍ണായക സൂചനയാണ് നല്‍കിയിട്ടുള്ളതെന്നു റെവ്‌സ്‌പോര്‍ട്‌സാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ നെറ്റ് സെഷനിലെ ചില കാര്യങ്ങളാണ് സഞ്ജു കളിക്കുമെന്നതിന്റെ നിര്‍ണായക സൂചന നല്‍കിയിരിക്കുന്നത്. ബംഗ്ലാദേശുമായുള്ള മല്‍സരത്തിനു മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ നെറ്റ്‌സില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു.

രോഹിത്തിനൊപ്പം ഒരേ നെറ്റില്‍ തന്നെയാണ് സഞ്ജുവും ബാറ്റിങ് പരിശീലനം നടത്തിയത്. അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം സൂക്ഷ്മമായി നിരീക്ഷിച്ച് രോഹിത്തും ദ്രാവിഡും സമീപത്ത് തന്നെയുണ്ടായിരുന്നു. മാത്രമല്ല ബാറ്റിങിനിടെ സഞ്ജുവിനു ചില നിര്‍ദേശങ്ങളും ഇവര്‍ നല്‍കിയിരുന്നു. ബംഗ്ലാദേശുമായുള്ള സൂപ്പര്‍ എട്ട് മല്‍സരത്തില്‍ അദ്ദേഹം പ്ലെയിങ് ഇലവനില്‍ തീര്‍ച്ചയായും ഇടം പിടിക്കുമെന്നാണ് ദ്രാവിഡിന്റെയും രോഹിത്തിന്റെ ഇടപെടല്‍ സൂചിപ്പിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ സഞ്ജു പ്ലെയിങ് ഇലവനിലേക്കു വരികയാണെങ്കില്‍ സ്ഥാനം തെറിക്കുക ദുബെയ്ക്കു തന്നെയയായിരിക്കും. ഈ ലോകകപ്പില നാലു ഇന്നിങ്‌സുകളിലും അദ്ദേഹം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 83 എന്ന മോശം സ്‌ട്രൈക്ക് റേറ്റില്‍ 44 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. അമേരിക്കയുമായുള്ള ഗ്രൂപ്പ് മല്‍സരത്തില്‍ പുറത്താവാതെ നേടിയ 31 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ മികച്ചൊരു ഇന്നിങ്‌സ് പോലും ദുബെയ്ക്കു കളിക്കാനായിട്ടില്ല.
മധ്യ ഓവറുകളില്‍ അനായാസം സിക്‌സറുകള്‍ പായിക്കാന്‍ ശേഷിയുള്ള താരമെന്നു ചൂണ്ടക്കാണിക്കപ്പെടുന്ന അദ്ദേഹത്തിനു 53 ബോളുകള്‍ നേരിട്ട ശേഷം ആകെ നേടാനായത് വെറും രണ്ടു സിക്‌സറുകള്‍ മാത്രമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കസറിയ ശേഷമാണ് ദുബെ ഈ ലോകകപ്പിനു എത്തിയത്. ബാറ്റിങില്‍ ടീമിന്റെ തുറുപ്പുചീട്ടായി അദ്ദേഹം മാറുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലെ ഏറ്റവും വലിയ ഫ്‌ളോപ്പായി ദുബെ മാറിയിരിക്കുകയാണ്.

ലോകകപ്പിനായി ഇന്ത്യന്‍ ടീമിനൊപ്പമെത്തിയ ശേഷം ബാറ്റിങില്‍ ഒട്ടും താളത്തിലല്ല ദുബെ കാണപ്പെടുന്നത്. പേസര്‍മാര്‍ക്കെതിരേയും സ്പിന്നര്‍മാര്‍ക്കെതിരേയും അദ്ദേഹം ഒരുപോലെ തപ്പിത്തടയുകയും ചെയ്തു. ഒട്ടും ആത്മവിശ്വാസത്തിലല്ല ബാറ്റിങില്‍ ടൂര്‍ണമെന്റിലുടനീളം ദുബെയെ കാണുന്നത്. ബൗളിങിന്‍റെ കാര്യമെടുത്താല്‍ ഹാര്‍ദിക് പാണ്ഡ്യ ഉജ്ജ്വല ഫോമിലായതിനാല്‍ ദുബെയെ ഇന്ത്യക്കു ആവശ്യം വന്നിട്ടില്ല. ഒരേയൊരു ഓവര്‍ മാത്രമേ അദ്ദേഹം ഇതിനകം ബൗള്‍ ചെയ്തിട്ടുള്ളൂ,
ഈ കാരണങ്ങളാല്‍ തന്നെ ടീമില്‍ ഇപ്പോള്‍ അധികപ്പറ്റായി മാറിയിരിക്കുകയാണ് ദുബെ. അദ്ദേഹത്തിനു പകരം സഞ്ജുവിനെ പരീക്ഷിക്കാന്‍ ബംഗ്ലാദേശിനെതിരായ മല്‍സരത്തേക്കാള്‍ നല്ലൊരു അവസരം ഇന്ത്യക്കു ഇനി കിട്ടാനില്ല. കാരണം ഈ മല്‍സരത്തിനു ശേഷം സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ അവസാന കളി ഓസ്‌ട്രേലിയക്കെതിരേയാണ്.
അപരാജിത കുതിപ്പ് നടത്തുന്ന ഓസീസിനെ മറികടക്കുക ഇന്ത്യക്കു എളുപ്പമായിരിക്കില്ല. ബംഗ്ലാദേശിനെതിരേ അഞ്ചാം നമ്പറില്‍ തിളങ്ങാനായാല്‍ സഞ്ജുവിനു തീര്‍ച്ചായും ഓസീസിനെതിരേയും സെമി ഫൈനലിലുമെല്ലാം ടീമില്‍ സ്ഥാനം നിലനിര്‍ത്താനും സാധിക്കും.