ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുമെന്നു താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇതിനായി നടത്തിയ തയ്യാറെടുപ്പുകള്‍ എന്തൊക്കെ ആയിരുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു സഞ്ജു. കരിയറിലാദ്യമായാണ് ഒരു ഐസിസി ടൂര്‍ണമെന്റില്‍ സീനിയര്‍ ടീമിലേക്കു അദ്ദേഹത്തിനു നറുക്കുവീണത്. റിഷഭ് പന്താണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.
ഇത്തവണത്തെ ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കായിരുന്നു ഇന്ത്യന്‍ ടീമില്‍ ഏറ്റവും വാശിയേറിയ മല്‍സരം നടന്നത്. ജിതേഷ് ശര്‍മ, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ എന്നിവരും ലോകകപ്പ് ടിക്കറ്റിനായി രംഗത്തുണ്ടായിരുന്നു. ഐപിഎല്ലിലെ പ്രകടനമാണ് ലോകകപ്പ് സെലക്ഷനിലേക്കുള്ള മാനദണ്ഡമായി സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചത്. ഐപിഎല്ലിനു മുമ്പ് വരെ ജിതേഷായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുകയെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. പക്ഷെ ഐപിഎല്ലിലെ പ്രകടനം താരത്തെ പിന്നോട്ടടിപ്പിച്ചു.

രാജസ്ഥാന്‍ റോയല്‍സിനായി കരിയര്‍ ബെസ്റ്റ് പ്രകടനത്തോടെയാണ് ലോകകപ്പ് ടിക്കറ്റ് സഞ്ജു പിടിച്ചുവാങ്ങിയത്. 15 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം അടിച്ചെടുത്തത് 531 റണ്‍സാണ്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. 2013 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ടെങ്കിലും ഒരു സീസണില്‍ 500 പ്ലസ് റണ്‍സും ഇത്രയുമധികം ഫിഫ്റ്റികളും സഞ്ജു നേടിയത് ഇതാദ്യമായാണ്.
മുന്‍ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ പക്വതയുള്ള ഇന്നിങ്‌സുകളാണ് ഇത്തവണ സഞ്ജു കളിച്ചതെന്നു കാണാം. നേരത്തേയുള്ള സീസണുകളില്‍ ക്രീസിലെത്തിയ ശേഷം ഉടന്‍ തന്ന റിസ്‌ക്കി ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഇതു പലപ്പോഴും പുറത്താവലുകളിലേക്കു നയിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ സഞ്ജു ഈ ശൈലി പൂര്‍ണമായും മാറ്റി. തുടക്കത്തില്‍ സിംഗിളുകളെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും പിച്ചിന്‍റെ സ്വഭാവം മനസ്സിലാക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. മോശം ബോളുകളില്‍ മാത്രമേ സഞ്ജു വലിയ ഷോട്ടുകള്‍ക്കു ശ്രമിക്കുകയും ചെയ്തുള്ളൂ.
ലോകകപ്പ് സെലക്ഷനെക്കുറിച്ച് വളരെ വികാരധീനനായാണ് സഞ്ജു സംസാരിച്ചത്. എന്നെ സംബന്ധിച്ച് ഇതു വളരെ വൈകാരികമായ കാര്യം തന്നെയാണ്. യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കുമെന്ന് ഞാന്‍ അധികം പ്രതീക്ഷിച്ചിരുന്നില്ല. സത്യസന്ധമായി പറയുകയാണെങ്കില്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിനു അടുത്തല്ലെന്നു എനിക്കറിയാമായിരുന്നു. ഈ ഐപിഎല്ലില്‍ എന്തെങ്കിലും സ്‌പെഷ്യലായി ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ എനിക്കു അതിനു സാധിക്കൂയെന്നും ബോധ്യമുണ്ടായിരുന്നതായി സഞ്ജു വ്യക്തമാക്കി.
അതിനു വേണ്ടി ഞാന്‍ എടുത്ത തീരുമാനം ഫോണ്‍ ഉപേക്ഷിക്കുകയെന്നതായിരുന്നു. ഒരുപാട് തീരുമാനങ്ങള്‍ എനിക്കു എടുക്കേണ്ടിയിരുന്നു. അതിനു വേണ്ടി ഫോണ്‍ പൂര്‍ണമായി വേണ്ടെന്നു വയ്ക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട്- മൂന്നു മാസങ്ങളായി എന്റെ ഫോണ്‍ ഓഫായിരുന്നു. എനിക്കു പൂര്‍ണമായും ഗെയിമില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നു.

ക്രീസിലെത്തിയ ശേഷം ടീമിനു വേണ്ടി ഏറ്റവും നന്നായി പെര്‍ഫോം ചെയ്ത് മല്‍സരങ്ങള്‍ വിജയിപ്പിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയെടുക്കാന്‍ അതു തന്നെ സഹായിക്കുമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 ടീമിനു വേണ്ടി ലോകകപ്പില്‍ കളിക്കണമെങ്കില്‍ സ്‌പെഷ്യലായി എന്തെങ്കിലും കൂടിയേ തീരൂ. എന്നില്‍ അതുണ്ടെന്നു അറിയാമായിരുന്നു. സ്വന്തം കഴിവില്‍ വിശ്വസിക്കുകയാണ് വേണ്ടിയിരുന്നത്. കാര്യങ്ങള്‍ മാറുമെന്നും വിശ്വസിക്കേണ്ടിയിരുന്നു.
സ്വന്തം പ്രതിഭയോടു നീതി പുലര്‍ത്താന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ വേദിയില്‍ രാജ്യത്തിനും ഞാന്‍ ഏറെ പ്രയോജനപ്പെടുമെന്ന് അറിയാമായിരുന്നു. ഞാന്‍ അതിനു തയ്യാറാണ്. രാജ്യത്തിനു വേണ്ടി മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുമെനന്നു കരുതുന്നതായും സഞ്ജു പറഞ്ഞു.