For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ടീമിലെ ആ 2 പേരെ കണ്ടതോടെ ഞാന്‍ ആകെ മാറി! മിന്നിക്കുമെന്ന് സഞ്ജു

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചാല്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ബിസിസിഐ പുറത്തുവിട്ട പുതിയ വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ആരാധകരുടെ പ്രിയതാരം. കരിയറിലാദ്യമായാണ് സഞ്ജു ഇന്ത്യക്കു വേണ്ടി ഒരു ഐസിസി ടൂര്‍ണമെന്റില്‍ കളിക്കാനൊരുങ്ങുന്നത്. നേരത്തേ അണ്ടര്‍ 19 ലോകകപ്പില്‍ അദ്ദേഹം കളിച്ചിരുന്നെങ്കിലും സീനിയര്‍ ടീമിനൊപ്പം ഒരിക്കലും ഈ ഭാഗ്യമുണ്ടായിട്ടില്ല.

വളരെ വ്യത്യസ്തമായ ഒരു മാനസികാവസ്ഥയോടെയാണ് ടി20 ലോകകപ്പില്‍ കളിക്കാന്‍ താന്‍ ഇവിടെയെത്തിയതെന്നു സഞ്ജു പറയുന്നു. ഐപിഎല്‍ പൂര്‍ണമായി അവസാനിച്ചിരിക്കുകയാണ്. തീര്‍ത്തും വ്യത്യസ്തമായ ഒരു വേദിയാണിത്. ഒരുപാട് പേര്‍ സ്വപ്‌നം കണ്ടയിടത്താണ് നീ ഇപ്പോഴുള്ളതെന്നു ഞാന്‍ എന്നോടു തന്നെ സ്വയം പറഞ്ഞു. അതോടെ ഞാന്‍ മാനസികമായി ഉണരുകയും ചെയ്തു. ഇനിയെന്താണ് ഞാന്‍ ചെയ്യേണ്ടതെന്നു സ്വയം ചോദിക്കുകയും ചെയ്തുവെന്നും സഞ്ജു വ്യക്തമാക്കി.

SANJU SAMSON

എത്രയും പെട്ടെന്ന് ജിം സെഷന്‍ തുടങ്ങേണ്ടിയിരിക്കുന്നു, എത്രയും വേഗം റിക്കവറി നടത്തണം, പരിശീലന സെഷനും ഉടന്‍ നടത്തേണ്ടതുണ്ടെന്നു സ്വയം ഓര്‍മിപ്പിക്കുകയും ചെയ്തു. എനിക്കു സ്വയം പ്രചോദിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അല്ലാതെ തന്നെ വളരെ ഓട്ടോമാറ്റിക്കായി തന്നെ ഞാന്‍ പ്രചോദിപ്പിക്കപ്പെട്ടു. കൂടാതെ ടീമിന്റെ അന്തരീക്ഷത്തിലേക്കു വന്നപ്പോള്‍ അതു എന്നെ കൂടുതല്‍ ഉത്തേജിപ്പിക്കുകയും ചെയ്തു.

രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെയെല്ലാം കാണുമ്പോള്‍ അതു എനിക്കു കൂടുതല്‍ പ്രചോദനവും ഉല്‍സാഹവുമെല്ലാം നല്‍കി. അതിനു ശേഷം എനിക്കു പിറകിലേക്കു നോക്കേണ്ടി വന്നിട്ടില്ല, മുന്നോട്ടു മാത്രമാണ് നോക്കിയത്. സഞ്ജു സാംസണെന്ന എനിക്കു എങ്ങനെ ടീമിനെ കൂടുതല്‍ മല്‍സരങ്ങളില്‍ ജയിക്കാന്‍ സഹായിക്കാമെന്നതിനെ കുറിച്ചാണ് ചിന്തിച്ചതെന്നും സഞ്ജു മനസ്സ് തുറന്നു.

ആരാധകരില്‍ നിന്നും തനിക്കു ലഭിച്ചു കൊണ്ടിരിക്കുന്ന വലിയ പിന്തുണയ്ക്കു അദ്ദേഹം നന്ദി പറയാനും മറന്നില്ല. എവിടെ പോയാലും ആരാധകരില്‍ നിന്നും വലിയ പിന്തുണയും പ്രോല്‍സാഹനവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ടീമിനോടൊപ്പം ആദ്യം തിരുവനന്തപുരത്തേക്കു പോയപ്പോഴാണ് ആരാധകരുടെ പിന്തുണ എന്നെ ശരിക്കും ഞെട്ടിച്ചത്.

വാംഅപ്പിനായി ഗ്രൗണ്ടിലേക്കു വന്നപ്പോള്‍ സ്‌റ്റേഡിയത്തിലെ കാണികള്‍ മുഴുവന്‍ എന്റെ പേര് ആര്‍പ്പുവിളിച്ചുകൊണ്ടിരുന്നു. ടീമിനു വേണ്ടി ഞാന്‍ കളിക്കുന്നില്ലായിരുന്നു. എന്നിട്ടും കാണികള്‍ ഈ തരത്തില്‍ എനിക്കു പിന്തുണ നല്‍കിയപ്പോള്‍ അതു വളരെ വ്യത്യസ്തമായ അനുഭവം തന്നെയായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

SANJU - ROHIT

വളരെയധികം തയ്യാറെടുപ്പ് നടത്തിയ, പരിചസമ്പത്തുള്ള സഞ്ജു സാംസണാണ് ഈ ലോകകപ്പിനായി എത്തിയിരിക്കുന്നത്. 10 വര്‍ഷത്തിനിടെ ഒരുപാട് പരാജയങ്ങള്‍ എനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനിടെ അവിടെയും ഇവിടെയുമായി ചില വിജയങ്ങളും എന്നെ തേടിയെത്തി. നിര്‍ണായകമായ ഈ ടൂര്‍ണമെന്റിനായി വരുന്നതിനു മുമ്പ് ജീവിതവും ക്രിക്കറ്റും എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും സഞ്ജു പറയുന്നു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെയും ലോകകപ്പ് സെലക്ഷനെക്കുറിച്ച് എന്റെ മനസ്സിലുണ്ടായിരുന്നു. അതു യഥാര്‍ഥത്തില്‍ വലിയ കാര്യം തന്നെയാണ്. എന്റെ കരിയറില്‍ സംഭവിച്ചേക്കാവുന്ന ഏറ്റവും നല്ല കാര്യമായിരിക്കും അത്. ഐപിഎല്ലില്‍ മോശമല്ലാത്ത ഒരു സീസണ്‍ ആണെങ്കില്‍ ലോകകപ്പ് ടീമിന്റെ ഭാഗമാവാന്‍ പറ്റുമെന്നു എനിക്കറിയാമായിരുന്നു. അതേസമയത്തു തന്നെ ഇതു വളരെ കടുപ്പമേറിയ കാര്യമാണെന്നും അറിയാമായിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 3, 2024, 20:40 [IST]
Other articles published on Jun 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+