ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം മുറുകുകയാണ്. വിവിധ പൊസിഷനുകളിലേക്ക് ഒന്നിലേറെ താരങ്ങളാണ് ലോകകപ്പ് ടിക്കറ്റ് കാത്തിരിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മിന്നുന്ന പ്രകടനം നടത്തുന്ന സഞ്ജു സാംസണും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ റണ്‍വേട്ടില്‍ അദ്ദേഹം ഏറെ മുന്നില്‍ കയറിയിരിക്കുകയാണ്. റോല്‍സിനു വേണ്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്താണ് സഞ്ജു കസറുന്നത്. ഇതോടെ ലോകകപ്പില്‍ മൂന്നാമനായി അദ്ദേഹത്തെ കളിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നു കഴിഞ്ഞു.
എന്നാല്‍ നിലവില്‍ ഈ റോളില്‍ ഫേവറിറ്റ് മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയാണ്. ലോകകപ്പില്‍ കോലിക്കു ടീമില്‍ ഇടം ലഭിക്കില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി റണ്‍വേട്ട നടത്തി കുതിക്കുകയാണ് അദ്ദേഹം. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് കോലി. ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ സ്ഥാനമര്‍ഹിക്കുന്നത് ഇവരില്‍ ആരാണ്? ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം.

ടി20യില്‍ തന്റെ കാലം കഴിഞ്ഞുവെന്നു പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തവര്‍ക്കുള്ള മറുപടിയാണ് ഐപിഎല്ലിലൂടെ കോലി നല്‍കിക്കൊണ്ടിരിക്കുന്നത്. ആര്‍സിബി ടീം തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്കു കൂപ്പുകുത്തുകയാണെങ്കിലും കോലിയുടെ പ്രകടനത്തിന്റെ ഗ്രാഫ് മുകളിലേക്കു തന്നെയാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 105.33 ശരാശരിയില്‍ 146.29 സ്‌ട്രൈക്ക് റേറ്റില്‍ 316 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
ക്രീസിന്റെ മറുഭാഗത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോഴും ആങ്കറുടെ റോള്‍ ഏറ്റെടുത്ത് കോലി ടീമിനെ രക്ഷിക്കുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. പക്ഷെ അദ്ദേഹത്തിന്റെ മോശം സ്‌ട്രൈക്ക് റേറ്റ് ഒരു പോരായ്മയാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടി കോലി പലപ്പോഴും ഇന്നിങ്‌സ് സ്ലോയാക്കുന്നതായും ഇവര്‍ ആരോപിക്കുന്നു.
പക്ഷെ കോലിയുടെ അനുഭവസമ്പത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വില കുറച്ചു കാണാന്‍ സാധിക്കില്ല. ലോകകപ്പ് പോലെയൊരു വലിയ വേദയില്‍ അനുഭവസമ്പത്തിന്റെ പ്രാധാന്യം ഏറെ വലുതാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നു ടീമിനെ കരകയറ്റണമെങ്കില്‍ ഇതു ഏറെ പ്രധാനവുമാണ്. 2022ലെ അവസാനത്തെ ടി20 ലോകകപ്പില്‍ കോലി ഇതു പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.

അതേസമയം, സഞ്ജുവിന്റെ കാര്യമെടുത്താല്‍ മൂന്നാംനമ്പറില്‍ ഇന്ത്യയുടെ മാച്ച് വിന്നറായി മാറാന്‍ തനിക്കു സാധിക്കുമെന്നാണ് ഐപിഎല്ലില്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 82 ശരാശരിയില്‍ 157.69 സ്‌ട്രൈക്ക് റേറ്റില്‍ 146 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. റണ്‍സ്, ശരാശരി എന്നിവയില്‍ കോലിക്കു പിന്നിലാണെങ്കിലും സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജുവാണ് ബെസ്റ്റ്. ടി20യെന്ന ക്രിക്കറ്റിലെ അതിവേഗ ഫോര്‍മാറ്റില്‍ സ്‌ട്രൈക്ക് റേറ്റിനു വലിയ പ്രാധാന്യമുള്ളത്.
അതിവേഗത്തില്‍ റണ്‍സ് അടിച്ചെടുക്കാന്‍ സാധിക്കുന്നവര്‍ക്കു ഈ ഫോര്‍മാറ്റില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെ സഞ്ജുവിനെപ്പോലെയൊരാള്‍ ടീമില്‍ ആവശ്യവുമാണ്. പക്ഷെ കോലിയെ ഓവര്‍ടേക്ക് ചെയ്ത് അദ്ദേഹത്തിനു പ്ലെയിങ് ഇലവനിലേക്കു വരാന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്. അനുഭവസമ്പത്ത് കുറവാണെന്നതും കോലിയെപ്പോലെ ആശ്രയിക്കാവുന്ന ബാറ്ററല്ലെന്നതും സഞ്ജുവിനു തിരിച്ചടിയാണ്.