ടി20 ലോകകപ്പില്‍ സൗത്താഫ്രിക്കയെയും തീര്‍ത്ത് കപ്പുയര്‍ത്താനുള്ള പടയൊരുക്കത്തിലാണ് ടീം ഇന്ത്യ. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ഇരുടീമുകളും മുഖാമുഖം വരുമ്പോള്‍ തീപാറുന്ന പോരാട്ടം തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രതീക്ഷിക്കാം. ശനിയാഴ്ച രാത്രി എട്ടു മണി മുതല്‍ ബാര്‍ബഡോസിലാണ് കലാശപ്പോരാട്ടം നടക്കാനിരിക്കുന്നത്. ഈ മല്‍സരത്തില്‍ തീര്‍ച്ചയായും ഇന്ത്യന്‍ ഇലവനില്‍ ഉള്‍പ്പെടുത്തേണ്ട ഒരു താരമുണ്ട്, അതു മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ്.
ടൂര്‍ണമെന്റില്‍ ഇന്ത്യ ഇതിനകം കളിച്ച ഏഴിന്നിങ്‌സുകളിലും സഞ്ജുവിനു അവസരം ലഭിച്ചിട്ടില്ല. പക്ഷെ സൗത്താഫ്രിക്കയുമായുള്ള ഫൈനലില്‍ അദ്ദേഹം ടീമില്‍ ആവശ്യമാണ്. ഇന്ത്യയുടെ തുറുപ്പുചീട്ടായി സഞ്ജുവിനു മാറാനും സാധിക്കും. ഇന്ത്യന്‍ താരങ്ങളില്‍ സൗത്താഫ്രിക്കയെ ഭയപ്പെടുന്ന ബാറ്റര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഇതിനുള്ള കാരണമെന്താണെന്നു നോക്കാം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന്റെ കരിയറെടുത്താല്‍ അദ്ദേഹത്തിനു വളരെ മികച്ച റെക്കോര്‍ഡാണ് സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ളത്. ടി20യല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇനിയും കളിച്ചിട്ടില്ലെങ്കിലും ഏകദിനത്തില്‍ പലപ്പോഴും അവരെ വെള്ളം കുടിപ്പിക്കാന്‍ മലയാളി താരത്തിനു സാധിച്ചിട്ടുണ്ട്. സഞ്ജുവിന്റെ കരിയറിലെ ഏക അന്താരാഷ്ട്ര സെഞ്ച്വറി പിറന്നത് സൗത്താഫ്രിക്കയുമായുള്ള ഏകദിനത്തിലാണ്. കൂടാതെ അദ്ദേഹത്തിന്റെ മുന്ന് ഫിഫ്റ്റികളിലൊന്നും അവര്‍ക്കെതിരേ തന്നെയായിരുന്നു.
സൗത്താഫ്രിക്കയ്‌ക്കെതിരേ ആറു മല്‍സരങ്ങളിലായി അഞ്ചു ഏകദിന ഇന്നിങ്‌സുകളിലാണ് സഞ്ജു കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 119 എന്ന ഗംഭീര ശരാശരിയില്‍ 238 റണ്‍സ് അദ്ദേഹം അടിച്ചെടുക്കുകയും ചെയ്തു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഇത്രയും മികച്ച റെക്കോര്‍ഡ് അദ്ദേഹത്തിനു മറ്റൊരു ടീമിനുമെതിരേയില്ല.
2022ല്‍ സൗത്താഫ്രിക്കന്‍ ടീം ഇന്ത്യന്‍ പര്യടനത്തിനെത്തിയപ്പോഴാണ് ലഖ്‌നൗവില്‍ നടന്ന കളിയില്‍ സഞ്ജു അപരാജിത ഫിഫ്റ്റി കുറിച്ചത്. റണ്‍ചേസില്‍ ബാറ്റിങ് ലൈനപ്പിലെ മറ്റുള്ളവര്‍ ഫ്‌ളോപ്പായപ്പോള്‍ അദ്ദേഹം ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു. പുറത്താവാതെ 86 റണ്‍സാണ് സഞ്ജു അന്നു നേടിയത്. പക്ഷെ കളിയില്‍ ഇന്ത്യ പൊരുതിത്തോല്‍ക്കുകയായിരുന്നു. എങ്കിലും സഞ്ജുവിന്റെ ഈ ഇന്നിങ്‌സ് അന്നു ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു.

അതിനു ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹം കന്നി സെഞ്ച്വറി കുറിച്ചത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ നിര്‍ണായകമായ അവസാന കളിയിലാണ് കെഎല്‍ രാഹുല്‍ നയിച്ച ഇന്ത്യക്കു വേണ്ടി സഞ്ജു സെഞ്ച്വറി കണ്ടെത്തിയത്. 108 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഈ മല്‍സരത്തില്‍ ജയിച്ച് ഇന്ത്യ 2-1നു പരമ്പരയും കൈക്കലാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനായിരുന്നു.
ടി20യില്‍ സൗത്താഫ്രിക്കയുമായി ഇനിയും കളിച്ചിട്ടില്ലെങ്കിലും ഏകദിനത്തില്‍ അവര്‍ക്കെതിരേയുള്ള റെക്കോര്‍ഡ് തീര്‍ച്ചയായും സഞ്ജുവിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തുമെന്നുറപ്പാണ്. ഇതു ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.
പക്ഷെ സൂപ്പര്‍ എട്ടിലും സെമിയിലുമെല്ലാം ഒരേ ഇലവനെ തന്നെ പരീക്ഷിച്ച ഇനി ഫൈനലിലും ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യത തീരെ കുറവാണ്. വിന്നിങ് കോമ്പിനേഷന്‍ നിലനിര്‍ത്താനായിരിക്കും ഏതൊരു ക്യാപ്റ്റനെയും പോലെ രോഹിത് ശര്‍മയും ആഗ്രഹിക്കുക.
അതുകൊണ്ടു തന്നെ ഫൈനലില്‍ സഞ്ജുവിനെ പരീക്ഷിക്കാനുള്ള സാധ്യതയും തീരെ കുറവാണ്. ഇനി സഞ്ജു അപ്രതീക്ഷിതമായി ടീമിലെത്തിയാല്‍ സ്ഥാനം നഷ്ടമാവുക ശിവം ദുബെയ്ക്കായിരിക്കും.