ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെ ടി20 ലോകകപ്പും നടക്കാന്‍ പോവുകയാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഐപിഎല്ലിലെ പ്രകടനം സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ യുവതാരങ്ങളെല്ലാം ശ്രദ്ധേയ പ്രകടനം നടത്തിയ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നത് വലിയ ചോദ്യമാണ്.
ഇതിനോടകം 10 താരങ്ങളുടെ സ്ഥാനം ഉറപ്പായിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവരാനുണ്ട്. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ഇന്ത്യ റിസര്‍വ് താരങ്ങളായി പരിഗണിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. അഞ്ച് താരങ്ങളെയാവും ഇന്ത്യ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. ഇതില്‍ ആരൊക്കെയാണ് ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം.
സഞ്ജു സാംസണെ ഇന്ത്യ റിസര്‍വ് താരമായാവും പരിഗണിക്കുകയെന്നാണ് വിവരം. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ ക്യാപ്റ്റനെന്ന നിലയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്തുന്നു. മൂന്ന് അര്‍ധ സെഞ്ച്വറിയടക്കം ബാറ്റ്‌സ്മാനെന്ന നിലയില്‍ കത്തിക്കയറാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. മൂന്നാം നമ്പറിലാണ് രാജസ്ഥാനായി സഞ്ജു ബാറ്റ് ചെയ്യുന്നത്. എന്നാല്‍ ഇത്തവണയും സഞ്ജുവിന്റെ സ്ഥിരത പ്രശ്‌നമാണ്.
ടി20 ലോകകപ്പില്‍ സഞ്ജു ഇടം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ സഞ്ജുവിനെക്കാള്‍ മുന്‍തൂക്കം റിഷഭ് പന്തിനും കെ എല്‍ രാഹുലിനുമുണ്ട്. റിഷഭ് പന്തിന് ഫിറ്റ്‌നസില്ലാത്ത പക്ഷം സഞ്ജുവിന് വിളി ലഭിച്ചേക്കും. അല്ലാത്ത പക്ഷം സഞ്ജു റിസര്‍വ് താരങ്ങളുടെ പട്ടികയിലാവും ഉള്‍പ്പെടാനാണ് സാധ്യത. ഇന്ത്യക്കായി ടി20 ഫോര്‍മാറ്റില്‍ കളിച്ചപ്പോഴൊന്നും സഞ്ജുവിന് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല.

കെ എല്‍ രാഹുല്‍ ഫോമിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജുവിന് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായിരിക്കുകയാണ്. എന്തായാലും റിസര്‍വ് താരമായെങ്കിലും സഞ്ജുവിന് അവസരം ലഭിക്കുമോയെന്നത് കാത്തിരുന്ന് കാണാം. രണ്ടാമത്തെ താരം തിലക് വര്‍മയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ തിലക് വര്‍മയാണ്. മധ്യ നിരയില്‍ തകര്‍ത്തടിക്കാന്‍ കഴിവുള്ള താരമാണ് തിലക് വര്‍മ. എന്നാല്‍ ഇന്ത്യക്കായി ടി20 കളിച്ചപ്പോഴൊന്നും കാര്യമായ പ്രകടനം നടത്താന്‍ തിലകിന് സാധിച്ചിട്ടില്ല.
എന്നാല്‍ ഇന്ത്യന്‍ ടീമില്‍ വലിയ ഭാവിയുള്ള താരമാണ് തിലക്. അതുകൊണ്ടുതന്നെ റിസര്‍വ് താരങ്ങളുടെ പട്ടികയിലേക്ക് തിലകിനെ ഉള്‍പ്പെടുത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം. ഈ സീസണില്‍ കാര്യമായ ഇംപാക്ട് സൃഷ്ടിച്ചിട്ടില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. മൂന്നാമത്തെ താരം ശുബ്മാന്‍ ഗില്ലാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ശുബ്മാന്‍ ഗില്‍ ഉള്‍പ്പെടാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്ത് നായകനായ ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റിനെതിരേ പലപ്പോഴും വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഓപ്പണറായി ഇന്ത്യ രോഹിത് ശര്‍മയേയും യശ്വസി ജയ്‌സ്വാളിനേയും കളിപ്പിക്കാനാണ് സാധ്യത. വിരാട് കോലിയെ ഓപ്പണറാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്. അങ്ങനെ വരുമ്പോള്‍ ശുബ്മാന്‍ ഗില്‍ റിസര്‍വ് താരമായി ഒതുക്കപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍. മറ്റൊരു താരം ടി നടരാജനാണ്. ഫിറ്റ്‌നസുണ്ടെങ്കില്‍ നടരാജനെ ഇന്ത്യ റിസര്‍വ് താരമായി പരിഗണിച്ചേക്കും.
ഡെത്തോവറില്‍ തുടര്‍ച്ചയായി യോര്‍ക്കറുകളെറിയാന്‍ കഴിവുള്ള താരമാണ് നടരാജന്‍. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ് നടരാജന്‍. അതുകൊണ്ടുതന്നെ ഇന്ത്യ അദ്ദേഹത്തെ വീണ്ടും തിരിച്ചുവിളിക്കാന്‍ സാധ്യതയുണ്ട്. മുഹമ്മദ് സിറാജെല്ലാം തല്ലുകൊള്ളികളാവുമ്പോള്‍ നടരാജന്‍ ഇന്ത്യന്‍ ടീമിലുള്ളത് ടീമിന് കരുത്താവും. സീനിയര്‍ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരേയും ഇന്ത്യ റിസര്‍വ് താരമായി പരിഗണിക്കാനാണ് കൂടുതല്‍ സാധ്യത.