മുംബൈ: ടി20 ലോകകപ്പിനായുള്ള പടയൊരുക്കം ടീമുകളെല്ലാം ആരംഭിച്ചുകഴിഞ്ഞു. ജൂണ്‍ 1നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇത്തവണ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് എല്ലാ ടീമുകള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് ടി20 ലോകകപ്പിനെ കാണുന്നത്. ഇത്തവണ രോഹിത് ശര്‍മക്ക് കീഴിലാവും ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. ഇന്ത്യ ചില നിര്‍ണ്ണായക പരീക്ഷണങ്ങള്‍ ടി20 ലോകകപ്പ് ടീമില്‍ വരുത്തുമെന്നാണ് വിവരം.
യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനായി വിരാട് കോലിയെ തഴഞ്ഞേക്കുമെന്നാണ് വിവരം. സ്ലോ പിച്ചിലെ കോലിയുടെ ബാറ്റിങ് കണക്കുകള്‍ മോശമാണെന്ന് വിലയിരുത്തിയാണ് അദ്ദേഹത്തെ ഇന്ത്യ തഴയാന്‍ തയ്യാറെടുക്കുന്നത്. കോലിയെ ഇന്ത്യ ടി20 ലോകകപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ ടീമിനെയത് പ്രതികൂലമായി ബാധിക്കുമെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ കോലിയുടെ വിടവ് നികത്താന്‍ കെല്‍പ്പുള്ള മികച്ച യുവതാരങ്ങള്‍ ഇന്ത്യക്കുണ്ട്.
കോലിക്ക് പകരം ടി20യില്‍ മൂന്നാം നമ്പറില്‍ കസറാന്‍ ശേഷിയുള്ള ഇന്ത്യയുടെ യുവ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം റുതുരാജ് ഗെയ്ക് വാദാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനം നടത്തുന്ന താരമാണ് റുതുരാജ്. അടുത്ത സിഎസ്‌കെ നായകനെന്നടക്കം ഇതിനോടകം വിലയിരുത്തപ്പെടുന്നവനാണ് റുതുരാജ്. ക്ലാസിക് താരമായ റുതുരാജിന് നിലവില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമില്ല.
ഇന്ത്യന്‍ ടീമിലിടം പിടിച്ചാലും പ്ലേയിങ് 11ലേക്ക് റുതുരാജ് എത്തിയേക്കില്ല. എന്നാല്‍ കോലി കളിക്കാതിരുന്നാല്‍ മൂന്നാം നമ്പറില്‍ കസറാന്‍ റുതുരാജിന് ശേഷിയുണ്ട്. കോലിയെപ്പോലെ ആംഗര്‍ റോളില്‍ സ്‌കോര്‍ ഉര്‍ത്താന്‍ റുതുരാജിനാവും. ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരമല്ല റുതുരാജ്. എന്നാല്‍ നിലയുറപ്പിച്ചാല്‍ വലിയ ഇന്നിങ്‌സ് കളിക്കാന്‍ കഴിവുള്ളവനാണ് റുതുരാജ്. അതുകൊണ്ടുതന്നെ കോലി കളിക്കാതിരുന്നാല്‍ പകരം റുതുരാജിനെ പരിഗണിക്കാം.

മറ്റൊരു താരം ശുബ്മാന്‍ ഗില്ലാണ്. നിലവില്‍ ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ പ്ലേയിങ് 11ലേക്ക് ശുബ്മാന്‍ ഗില്ലിനെ പരിഗണിക്കാന്‍ സാധ്യതയില്ല. കാരണം ഓപ്പണറായി യശ്വസി ജയ്‌സ്വാള്‍ വളര്‍ന്നു. ഇതോടെ ബാക്കപ്പായി ഗില്ലിന് മാറേണ്ടി വന്നിരിക്കുകയാണ്. എന്നാല്‍ കോലിക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ശുബ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാം. കോലിയെപ്പോലെ തന്നെ ക്ലാസിക് ശൈലിയില്‍ കളിക്കുന്ന താരമാണ് ശുബ്മാന്‍ ഗില്‍.
ടി20യില്‍ സെഞ്ച്വറി പ്രകടനമടക്കം നടത്തിയുള്ള ഗില്‍ നിലയുറപ്പിച്ച ശേഷം കത്തിക്കയറുന്ന ബാറ്റ്‌സ്മാനാണ്. സ്ഥിരതയോടെ കളിക്കാന്‍ കഴിവുള്ള ഗില്‍ കോലിയുടെ അഭാവം നികത്താന്‍ ശേഷിയുള്ളവനാണ്. മൂന്നാമത്തെ താരം സഞ്ജു സാംസണാണ്. മലയാളി ക്രിക്കറ്റ് താരം രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. മൂന്നാം നമ്പറില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിക്കും. സ്പിന്നര്‍മാരെ നന്നായി നേരിടാന്‍ സഞ്ജുവിന് കഴിവുണ്ട്.
സ്ലോ പിച്ചുകളിലെ സഞ്ജുവിന്റെ പ്രകടനങ്ങളെല്ലാം വളരെ മികച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് സഞ്ജുവിനേയും പരിഗണിക്കാവുന്നതാണ്. കുറഞ്ഞ പന്തുകളില്‍ നിന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ സഞ്ജുവിന് കഴിവുണ്ട്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഇത്തവണ കസറാനായാല്‍ സഞ്ജുവിന് കോലിയുടെ സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട്. വമ്പനടിക്കാരനായ സഞ്ജു ഐപിഎല്ലില്‍ തിളങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യക്കായി ടി20യില്‍ ഫ്‌ളോപ്പാണ്.
എന്നാല്‍ മൂന്നാം നമ്പറില്‍ അവസരം ലഭിച്ചാല്‍ കടന്നാക്രമിക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് കോലിയുടെ പകരക്കാരനായി പരിഗണിച്ചാലും അത്ഭുതപ്പെടാനാവില്ല. രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും സഞ്ജുവിനെ പിന്തുണച്ചാല്‍ കോലിക്ക് പകരക്കാരനായി സഞ്ജു എത്തിയേക്കും. വരുന്ന ഐപിഎല്ലിലെ താരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.