ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ കളിക്കണമെന്നത് ലോകമെമ്പാടമുള്ള മലയാളികളുടെയും ആരാധകരുടെയും ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതോടെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാവാന്‍ പോവുകയാണ്. സീനിയര്‍ ടീമിനൊപ്പം സഞ്ജുവിന്റെ കന്നി ഐസിസി ടൂര്‍ണമെന്റ് കൂടിയാണിത്. ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയ ശേഷമുള്ള സഞ്ജുവിന്റെ പ്രതികരണം എങ്ങനെ ആയിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ആദ്യകാല കോച്ചായ ബിജു ജോര്‍ജ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേക്കാളും കേരളാ ക്രിക്കറ്റിനെക്കുറിച്ചായിരുന്നു സഞ്ജു തന്നോടു സംസാരിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ക്രിക്കറ്റിലേക്കുള്ള യാത്രയില്‍ സഞ്ജുവിനെ ആദ്യമായി പരിശീലിപ്പിച്ച കോച്ച് കൂടിയാണ് ബിജു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിലും അദ്ദേഹം നേരത്തേ പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതാ ടീമിന്റെ ഫീല്‍ഡിങ് കോച്ചായിരുന്നു ബിജു ജോര്‍ജ്.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഞാന്‍ കുറച്ചു മിനിറ്റുകള്‍ സഞ്ജുവുമായി സംസാരിച്ചിരുന്നു. പക്ഷെ അവനു ലോകകപ്പ് ടീമിലെ സെലക്ഷനേക്കാള്‍ കേരളാ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാനായിരുന്നു താല്‍പ്പര്യം.
ആഭ്യന്തര ക്രിക്കറ്റിലെ വരാനിരിക്കുന്ന സീസണില്‍ കേരളത്തിനു ഒരു ട്രോഫിയെങ്കിലും വിജയിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചാണ് സഞ്ജു പറഞ്ഞ്. ദേശീയ തലത്തില്‍ നമ്മുടെ ടീം കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ചാല്‍ അതു ഇവിടെ നിന്നും കൂടുതല്‍ കുട്ടികളെ ക്രിക്കറ്റിലേക്കു വരാന്‍ പ്രേരിപ്പിക്കുമെന്നും സഞ്ജു അഭിപ്രായപ്പെട്ടതായി ബിജു ജോര്‍ജ് വെളിപ്പെടുത്തി.
കുട്ടിക്കാലം മുതല്‍ വളരെയധികം കഠിനാധ്വാനിയാണ് സഞ്ജുവെന്നും ഇതിന്റെ ഫലമാണ് ഇപ്പോള്‍ അദ്ദേഹത്തെ തേടിയെത്തി കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ക്കു പിന്നിലെന്നും ബിജു പറയുന്നു. മഴയായാലും വെയില്‍ ആയാലും സഞ്ജുവും അവന്റെ സഹോദരന്‍ സാലിയും എല്ലായ്‌പ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലെ നെറ്റ്‌സില്‍ പരിശീലനത്തിന് എത്താറുണ്ടായിരുന്നു.
കനത്ത മഴയുള്ള ഒരു ദിവസം സഞ്ജു പരിശീലനത്തിന് എത്തിയത് ഇപ്പോഴും ഓര്‍മയുണ്ട്. പരിശീലനം നടക്കുന്ന സ്ഥലത്തു നിന്നും 25 കിമി അകലെയുള്ള വിഴിഞ്ഞത്തായിരുന്നു അവന്‍ താമസിച്ചത്. അതുകൊണ്ടു തന്നെ കാലാവസ്ഥ പ്രതികൂലമായതിനാല്‍ സഞ്ജു പരിശീലനത്തിനു എത്തില്ലെന്നാണ് കരുതിയത്. ആ ഒരു പ്രായത്തില്‍ പോലും സഞ്ജുവിന്റെ ദൃഢനിശ്ചയം മറ്റൊരു തലത്തിലായിരുന്നെന്നും ബിജു ജോര്‍ജ് വിശദമാക്കി.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിക്കൊണ്ടിരിക്കുന്ന മിന്നുന്ന പ്രകടനമാണ് ഈ ലോകകപ്പില്‍ റിഷഭ് പന്തിനോടൊപ്പം വിക്കറ്റ് കീപ്പറായി സഞ്ജുവിനും ലോകകപ്പ് ടീമില്‍ ഇടം നേടിക്കൊടുത്തത്. കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ തുടങ്ങിയവരെല്ലാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മല്‍സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ റോയല്‍സിനായി റണ്‍സ് വാരിക്കൂട്ടി സഞ്ജു ഇവരെയെല്ലാം ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു.
ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ സഞ്ജു ഇപ്പോള്‍ നാലാംസ്ഥാനത്തുണ്ട്. ഏറ്റവുമധികം റണ്ണെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്. 11 മല്‍സരങ്ങളില്‍ നിന്നും 67.28 ശരാശരിയില്‍ 163.54 സ്‌ട്രൈക്ക് റേറ്റില്‍ 471 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.
ഐപിഎല്‍ കരിയറിലാദ്യമായി 500 റണ്‍സെന്ന മാന്ത്രിക സംഖ്യക്കു തൊട്ടരികിലാണ് അദ്ദേഹം. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് സഞ്ജു ഇത്തവണ സ്വന്തം പേരില്‍ കുറിച്ചിട്ടുള്ളത്. ലോകകപ്പില്‍ റിഷഭിനെ പിന്തള്ളി ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.