Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: റിഷഭിനെക്കാള്‍ ബെസ്റ്റ് സഞ്ജുവോ? കീപ്പറാവേണ്ടത് ആര്? നിര്‍ദേശിച്ച് ടോം മൂഡി

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍മാരായി ടീമിലിടം നേടിയത് റിഷഭ് പന്തും സഞ്ജു സാംസണുമാണ്. ഇടം കൈയന്‍ വിക്കറ്റ് കീപ്പറായി റിഷഭ് ടീമിലേക്കെത്തിയപ്പോള്‍ ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് സഞ്ജു സാംസണിന് വിളി ലഭിക്കുന്നത്. കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരെയെല്ലാം മറികടന്നാണ് സഞ്ജുവും റിഷഭും ലോകകപ്പ് ടീമിലേക്കെത്തിയത്.

ഇവരില്‍ ആര്‍ക്കാവും ഇന്ത്യ പ്ലേയിങ് 11ല്‍ അവസരം നല്‍കുകയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇടം കൈയനെന്ന നിലയിലും മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയിലും റിഷഭിനാണ് മുന്‍തൂക്കം. എന്നാല്‍ സഞ്ജുവിനെ പൂര്‍ണ്ണമായും തഴയുകയെന്നത് അദ്ദേഹത്തോട് കാട്ടുന്ന അനീതിയാവും. ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സ്ഥാനം അര്‍ഹിക്കുന്ന വിക്കറ്റ് കീപ്പര്‍ ആരാണെന്ന കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് ടോം മൂഡി.

'തീര്‍ച്ചയായും റിഷഭ് പന്തിന് മുന്‍തൂക്കമുണ്ട്. ഇടം കൈയനാണെന്നതും മധ്യനിരയില്‍ ബാറ്റ് ചെയ്ത് അനുഭവസമ്പത്തുണ്ടെന്നതും അവന് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. മധ്യനിരയില്‍ അഞ്ചാം നമ്പറെന്നത് വളരെ പ്രധാനപ്പെട്ട പൊസിഷനായാണ് കാണുന്നത്. മധ്യ ഓവറുകളില്‍ നിര്‍ണ്ണായക റോള്‍ റിഷഭിനുണ്ട്. മധ്യനിരയില്‍ ഇടം കൈയന്‍മാര്‍ കുറഞ്ഞാല്‍ എതിര്‍ ബൗളിങ് ടീമിന് കാര്യങ്ങള്‍ എളുപ്പമാവും. ടീമിന്റെ സംതുലിതാവസ്ഥക്ക് റിഷഭ് മധ്യനിരയില്‍ വേണം.

സഞ്ജു സാംസണ്‍ മൂന്നാം നമ്പര്‍ താരമാണ്. ടോപ് ഓഡര്‍ സ്‌പെഷ്യലിസ്റ്റായ സഞ്ജുവിന് മധ്യനിരയില്‍ കാര്യങ്ങള്‍ പ്രയാസകരമായിരിക്കും' മൂഡി പറഞ്ഞു. ഇന്ത്യയുടെ വിക്കറ്റ് കീപ്പറെക്കുറിച്ച് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണെന്നും അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്നുമാണ് അഗാര്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

sanju samson

കാര്‍ അപകടത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ റിഷഭ് ശക്തമായ തിരിച്ചുവരവാണ് ഇത്തവണത്തെ ഐപിഎല്ലിലൂടെ നടത്തിയത്. നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായുമെല്ലാം ശ്രദ്ധേയ പ്രകടനം നടത്താന്‍ റിഷഭിന് സാധിച്ചു. നേരത്തെ തന്നെ മധ്യനിരയില്‍ ബാറ്റ് ചെയ്ത് റിഷഭിന് അനുഭവസമ്പത്തുണ്ട്. ഡല്‍ഹിക്കായും മധ്യനിരയിലാണ് റിഷഭ് ബാറ്റ് ചെയ്യുന്നത്. സമ്മര്‍ദ്ദ ഘട്ടങ്ങളിലും പ്രയാസമുള്ള പിച്ചിലും കസറാന്‍ റിഷഭിന് അസാധ്യ മികവുണ്ട്.

എന്നാല്‍ സഞ്ജു പൊതുവേ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ്. രാജസ്ഥാനൊപ്പവും മൂന്നാം നമ്പറിലാണ് സഞ്ജു കസറുന്നത്. അഞ്ചാം നമ്പറിലേക്കും ആറാം നമ്പറിലേക്കുമെല്ലാം ബാറ്റിങ് പൊസിഷന്‍ മാറ്റുമ്പോള്‍ സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമാവും. എന്നാല്‍ നിലവിലെ സഞ്ജുവിന്റെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുക എളുപ്പമല്ല. അതുകൊണ്ടാണ് സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

സഞ്ജു ലോകകപ്പില്‍ ഒരു മത്സരമെങ്കിലും കളിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. റിഷഭിന് ഏതെങ്കിലും മത്സരത്തില്‍ വിശ്രമം അനുവദിക്കാത്ത പക്ഷം സഞ്ജുവിന് കരക്കിരുന്ന് കളി കാണേണ്ടി വരും. ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയതിന് പിന്നാലെ കളിച്ച ആദ്യ മത്സരത്തില്‍ സഞ്ജു ഡെക്കിനാണ് പുറത്തായത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പിന്തുണയും റിഷഭിനാണ്. സഞ്ജുവിന് മധ്യനിരയില്‍ അവസരം ലഭിച്ചാല്‍ തിളങ്ങാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

എന്തായാലും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനെച്ചൊല്ലി ഇപ്പോഴും ശക്തമായ വിമര്‍ശനം നടക്കുകയാണ്. പല താരങ്ങളുടേയും ടീമിലെ സ്ഥാനം സ്വജനപക്ഷപാതമാണെന്ന ആരോപണവും ശക്തമാണ്. മോശം ഫോമിലുള്ള ശുബ്മാന്‍ ഗില്ലിനെ റിസര്‍വ് താരമായി പരിഗണിച്ചപ്പോള്‍ റുതുരാജ് ഗെയ്ക്‌വാദും റിയാന്‍ പരാഗും തഴയപ്പെട്ടു. റിങ്കു സിങ്ങിനെ റിസര്‍വ് താരമാക്കിയതിനെതിരേയും ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്.

Story first published: Friday, May 3, 2024, 10:25 [IST]
Other articles published on May 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+