ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലെങ്കിലും താന്‍ ഇപ്പോഴും ഏറെ സന്തോഷവാനാണെന്നു ആരാധകര്‍ക്കു കാണിച്ചു തന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണ്‍. ഇന്ത്യന്‍ സംഘത്തേടൊപ്പം വളരെ ഹാപ്പിയായാണ് അദ്ദേഹം കാണപ്പെട്ടത്. ഓസ്‌ട്രേലിയക്കെതിരേയുള്ള സൂപ്പര്‍ എട്ടിലെ അവസാന മല്‍സരം കളിക്കാന്‍ സെന്റ് ലൂസിയയിലെത്തിയ ഇന്ത്യന്‍ ടീമിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഹാന്റിലിലൂടെ ബിസിസിഐ പങ്കുവച്ചിരുന്നു.
ഈ വീഡിയോയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് തുടങ്ങി ടീമിലെ പല താരങ്ങളെയും കാണാന്‍ സാധിക്കുമെങ്കിലും ഒരൊറ്റ ഡയലോഗ് കൊണ്ട് തന്നെ സഞ്ജു എല്ലാവരെയും കടത്തിവെട്ടി ഹീറോയായി മാറി. ഇതു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. ആവേശമെന്ന ബ്ലോക്ബസ്റ്റര്‍ സിനിമയിലെ ഏറെ ഹിറ്റായ ഡയലോഗാണ് ഈ വീഡിയോയില്‍ സഞ്ജു പറഞ്ഞിരിക്കുന്നത്.

ഒരു മിനിറ്റും മൂന്നു സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയാണ് ബിസിസിഐ എക്‌സുള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇന്ത്യന്‍ താരങ്ങള്‍ തൊട്ടുമുമ്പത്തെ മല്‍സരവേദിയായ ആന്റിഗ്വയില്‍ നിന്നും ടീം ബസിലെത്തിയ ശേഷം വിമാനത്തില്‍ കയറുന്നതും തുടര്‍ന്ന് സെന്റ് ലൂസിയയിലെത്തിയ ശേഷം വിമാനത്തില്‍ നിന്നും പുറത്തേക്കു ഇറങ്ങുന്നതുമാണ് വീഡിയോയിലുള്ളത്.
സഞ്ജു സാംസണിന്‍റെ വീഡിയോ കാണാം
ഈ വീഡിയോയില്‍ 55ാം സെക്കന്റിലാണ് സഞ്ജുവിനെ കാണാന്‍ സാധിക്കുക. ആവേശത്തിലെ പ്രധാന കഥാപാത്രമായ ഫഹദ് ഫാസിലിന്റെ എടാ മോനെയെന്ന ഡയലോഗുമായി അദ്ദേഹം മിന്നിക്കുകയും ചെയ്തു. എടാ മോനെ, ഹാപ്പിയല്ലേ എന്നാണ് ചെറുചിരിയോടെ സഞ്ജുവിന്റെ ചോദ്യം. അദ്ദേഹത്തിനു തൊട്ടുപിന്നാലെ ടീമംഗമായ യുസ്വേന്ദ്ര ചഹലിനെയും വീഡിയോയില്‍ കാണാന്‍ സാധിക്കും.
അതേസമയം, ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഒരു മല്‍സരമെങ്കിലും കളിക്കാന്‍ സഞ്ജുവിനു അവസരം ലഭിക്കുമോയെന്ന കാര്യം ഇനി സംശയമാണ്. കാരണം ഓസീസുമായുള്ള മല്‍സരമടക്കം പരമാവധി മൂന്നു മല്‍സരങ്ങള്‍ മാത്രമേ ഇനി ഇന്ത്യക്കു ശേഷിക്കുന്നുള്ളൂ. ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായാല്‍ സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് എയിലെ ചാംപ്യന്‍മാരായി ഇന്ത്യക്കു സെമി ഫൈനലിലേക്കു മുന്നേറാം.
അവിടെ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യക്കു നേരിടേണ്ടി വരിക. അതില്‍ ജയിക്കാനായാല്‍ ശനിയാഴ്ച ഫൈനലുമാണ് ടീമിനു ശേഷിക്കുന്നത്. ഈയൊരു ഘട്ടത്തില്‍ ടീമില്‍ ഇനിയൊരു പരീക്ഷണം നടത്താന്‍ രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും തുനിയാനിടയില്ല.

കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 500 പ്ലസ് റണ്‍സ് അടിച്ചെടുത്ത സഞ്ജു വലിയ പ്രതീക്ഷകളോടെയാണ് ഈ ലോകകപ്പിലെത്തിയത്. ടൂര്‍ണമെന്റില്‍ കളിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തതും അദ്ദേഹമായിരുന്നു. അതുകൊണ്ടു തന്നെ ലോകകപ്പില്‍ ഇന്ത്യന്‍ ഇലവനില്‍ സഞ്ജു തീര്‍ച്ചയായും ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പക്ഷെ അദ്ദേഹത്തിനു പകരം റിഷഭ് പന്താണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കളിക്കുന്നത്. മധ്യനിരയില്‍ അഞ്ചാം നമ്പറില്‍ സഞ്ജുവിനു ഒരു ഒഴിവ് കൂടിയുണ്ടായിരുന്നെങ്കിലും ഇവിടെ ശിവം ദുബെയെയും ഇന്ത്യ കളിപ്പിക്കുകയായിരുന്നു. ഫോമില്ലാതെ ഭൂരിഭാഗം കളിയിലും താരം തപ്പിത്തടഞ്ഞെങ്കിലും ടീം മാനേജ്‌മെന്റ് സഞ്ജുവിനെ പകരക്കാരനായി കൊണ്ടുവരാന്‍ തയ്യാറായില്ല. അവസാന കളിയില്‍ 34 റണ്‍സുമായി ദുബെ ഭേദപ്പെട്ട പ്രകടനം നടത്തിയതോടെ ഇനി ഒഴിവാക്കാനുള്ള സാധ്യതയും കുറവാണ്.