ഐസിസിയുടെ ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സൈമണ്‍ ഡൂള്‍. ചില സര്‍പ്രൈസുകളോടെയാണ് അദ്ദേഹം ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനെ നിര്‍ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തിയാണ് 15 അംഗ സംഘത്തില്‍ ആരൊക്കെയാണ് വേണ്ടതെന്നു ഡൂള്‍ അഭിപ്രായപ്പെട്ടത്. ഈ മാസം അവസാനമോ, മേയ് ആദ്യവാരമോ ആയിരിക്കും ഇന്ത്യന്‍ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
സ്റ്റാര്‍ ഓള്‍റൗണ്ടറും വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെ വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ തഴയപ്പെട്ടുവെന്നതാണ് ഡൂളിന്റെ ലോകകപ്പ് ഇലവനിലെ ഏറ്റവും വലിയ സര്‍പ്രൈസ്. ഹാര്‍ദിക്കിനെക്കൂടാതെ യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിനും ടീമിലിടം ലഭിച്ചിട്ടില്ല. മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി തന്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിലല്ല, മറിച്ച് ഓപ്പണറായിട്ടാണ് കളിക്കേണ്ടതെന്നും ഡൂള്‍ പറയുന്നു. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരാട് ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യണമെന്നാണ് ഞാന്‍ 100 ശതമാനവും കരുതുന്നത്. മൂന്നാം നമ്പറില്‍ അദ്ദേഹം കളിക്കണമെന്നു ഞാന്‍ കരുതുന്നില്ല. കാരണം മൂന്നാമനായാണ് കോലി ബാറ്റ് ചെയ്യുന്നതെങ്കില്‍ റിങ്കു സിങിനു സ്ഥാനം നഷ്ടമാവും. ഞാന്‍ തിരഞ്ഞെടുക്കുന്ന പ്ലെയിങ് ഇലവനില്‍ അദ്ദേഹം കളിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വിരാട് ഓപ്പണ്‍ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി ആരാവണമെന്നതിനെക്കുറിച്ച് ഞാന്‍ തീരുമാനം നിങ്ങള്‍ക്കു വിടുകയാണെന്നും ഡൂള്‍ വ്യക്തമാക്കി.
രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍ എന്നിവരിലൊരാളെ ഓപ്പണറാക്കാം. അതു ആരാണെങ്കിലും പ്രശ്‌നമില്ല. ഓപ്പണര്‍മാരില്‍ ഒരാള്‍ വിരാട് തന്നെയാവണം. കാരണം ആധുനിക ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബാറ്റിങ് പൊസിഷന്‍ ഇതു തന്നെയാണ്. മറ്റാരെയും പോലെ ഫാസ്റ്റ് ബൗളര്‍മാരെ പ്രഹരിക്കാന്‍ കോലിക്കു സാധിക്കും. വളരെ മികച്ച ടൈമിങില്‍ അദ്ദേഹം ഷോട്ടുകള്‍ കളിക്കുകയും ചെയ്യുന്നു. ക്രീസിലെത്തിയ ഉടന്‍ സ്പിന്‍ ബൗളിങിനെതിരേ കളിക്കുകയെന്നത് വിരാടിനു നല്ല ഓപ്ഷനല്ലെന്നും ഡൂള്‍ വിശദമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെറും ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ കോലി ഓപ്പണറായി കളിച്ചിട്ടുള്ളൂ. 161.29 സ്‌ട്രൈക്ക് റേറ്റില്‍ 400 റണ്‍സും സ്‌കോര്‍ ചെയ്തു. 2022ലെ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരേ പുറത്താവാതെ നേടിയ 122 റണ്‍സെന്ന തട്ടുപൊളിപ്പന്‍ ഇന്നിങ്‌സും ഇതിലുള്‍പ്പെടും. ഐപിഎല്ലിലാവട്ടെ ഓപ്പണറായി 135.93 സ്‌ട്രൈക്ക് റേറ്റില്‍ കോലി 3930 റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ഐപിഎല്ലിലെ എട്ടു സെഞ്ച്വറികളും അദ്ദേഹം നേടിയത് ഓപ്പണറായി കളിച്ചപ്പോഴാണ്.
ഹാര്‍ദിക്, ഗില്‍ എന്നിവരെക്കൂടാതെ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ നിന്നും ഡൂള്‍ തഴഞ്ഞ മൂന്നാമത്തെ പ്രധാന താരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. റിഷഭിനു പകരം മലയാളി താരം സഞ്ജു സാംസണിനെയാണ് അദ്ദേഹം ഇലവനിലുള്‍പ്പെടുത്തിയത്. ജയ്‌സ്വാള്‍ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്തായാല്‍ അതു വിഡ്ഢിത്തമായിരിക്കുമെന്നു എനിക്കു തോന്നുന്നു.
പക്ഷെ രോഹിത്, ജയ്‌സ്വാള്‍ എന്നിവരിലൊരാളെ മാത്രമേ ഇന്ത്യക്കു കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. മൂന്നാംനമ്പറില്‍ ബാറ്റ് ചെയ്യേണ്ടത് സഞ്ജു സാംസണും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവുമാണ്. അഞ്ചു മുതല്‍ ഏഴു വരെയുള്ള സ്ഥാനങ്ങളില്‍ ശിവം ദുബെ, റിങ്കു സിങ്, രവീന്ദ്ര ജഡേജ എന്നിവരാണ് വേണ്ടതെന്നും ഡൂള്‍ വ്യക്തമാക്കി.