ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് ഉറപ്പിച്ചു കഴിഞ്ഞ ടീം ഇന്ത്യ ഗ്രൂപ്പുഘട്ടത്തിലെ അവസാന മല്‍സരത്തിനൊരുങ്ങുകയാണ്. ശനിയായാഴ്ച രാത്രി എട്ടു മണിക്കു നടക്കാനിരിക്കുന്ന മല്‍സരത്തില്‍ കാനഡയാണ് ഇന്ത്യയുടെ എതിരാളികള്‍. അമേരിക്കയിലെ തന്നെ ഫ്‌ളോറിഡയിലാണ് ഈ മല്‍സരം. ആദ്യ മൂന്നു മല്‍സരവും ഇന്ത്യ കളിച്ചത് ന്യൂയോര്‍ക്കിലായിരുന്നു. സൂപ്പര്‍ എട്ടിനു മുമ്പ് ടീമില്‍ ഇനിയും അവസരം ലഭിക്കാതെ പുറത്തിരിക്കുന്നവരെ പരീക്ഷിക്കാനുള്ള സമയം കൂടിയാണിത്. അതുകൊണ്ടു തന്നെ കാനഡയ്‌ക്കെതിരേ ചില അഴിച്ചുപണികള്‍ ഇന്ത്യ തീര്‍ച്ചയായും നടത്തിയേക്കും.
വിരാട് കോലി ഓപ്പണിങ് റോളില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലും ഫ്‌ളോപ്പായെങ്കിലും കാനഡയ്‌ക്കെതിരേ അദ്ദേഹത്തെ ഈ റോളില്‍ നിന്നും മാറ്റാനുള്ള സാധ്യത കുറവാണ്. ഫോം വീണ്ടെടുക്കാന്‍ കോലിക്കു മുന്നിലുള്ള മികച്ച അവസരമായിരിക്കും ചെറുടീമായ കാനഡയ്‌ക്കെതിരായ മല്‍സരം. ഇതില്‍ നല്ലൊരു സ്‌കോര്‍ കുറിക്കാനായാല്‍ സൂപ്പര്‍ എട്ടില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ അദ്ദേഹത്തിനു സാധിക്കും.

നായകന്‍ രോാഹിത് ശര്‍മയും കോലിയും തന്നെ കാനഡയ്‌ക്കെതിരേയും ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. മൂന്നാം നമ്പറില്‍ റിഷഭ് പന്ത് സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. അദ്ദേഹത്തെ ഈ റോളില്‍ നിന്നും മാറ്റി പുതിയൊരാളെ കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിക്കില്ല. അയര്‍ലാന്‍ഡ്, പാകിസ്താന്‍ എന്നിവര്‍ക്കെതിരേ മൂന്നാം നമ്പറില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ റിഷഭിനായിരുന്നു.
നാലാം നമ്പര്‍ സൂര്യകുമാര്‍ യാദവിനു തന്നെയായിരിക്കും. ആദ്യ രണ്ടു മല്‍സരങ്ങളിലും ഫ്‌ളോപ്പായെങ്കിലും അമേരിക്കയ്‌ക്കെതിരേ സൂര്യ ഫോമിലേക്കു മടങ്ങിയെത്തിയിരുന്നു. പുറത്താവാതെ 50 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. സൂപ്പര്‍ എട്ട് അടുത്തെത്തി നില്‍ക്കെ ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടത്തില്‍ സൂര്യ ഫോമിലേക്കുയര്‍ന്നത് ഇന്ത്യക്കു ആശ്വാസമായിട്ടുണ്ട്. കാനഡയ്‌ക്കെതിരേ മറ്റൊരു മികച്ച ഇന്നിങ്‌സ് കൂടി കളിക്കാനായാല്‍ അതു അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കും.
സൂര്യക്കു ശേഷം അഞ്ചാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യ പരീക്ഷിച്ചേക്കും. ശിവം ദുബെയ്ക്കാവും ഇതോടെ പുറത്തു പോവേണ്ടതായി വരിക. ആദ്യ രണ്ടു കളിയിലും വന്‍ പരാജയമായ ദുബെ അമേരിക്കയ്‌ക്കെതിരേ താളം വീണ്ടെടുത്തിരുന്നു. പുറത്താവാതെ 31 റണ്‍സാണ് അദ്ദേഹം നേടിയത്. എങ്കിലും കാനഡയ്‌ക്കെതിരേ സഞ്ജുവിനു നറുക്കുവീഴാനാണ് സാധ്യത. കാരണം ഈ മല്‍സത്തിലും കളിപ്പിച്ചില്ലെങ്കില്‍ അദ്ദേഹത്തെ ഇന്ത്യക്കു ഇനി പരീക്ഷിക്കാന്‍ സാധിച്ചേക്കില്ല. സൂപ്പര്‍ എട്ടിലെ ഓരോ മല്‍സരവും നിര്‍ണായകമാണ്.
ദുബെയേക്കാള്‍ നന്നായി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജുവിനു സാധിക്കുമോയെന്നു ഇന്ത്യക്കു അറിഞ്ഞേ തീരൂ. അതിനാല്‍ തന്നെ കാനഡയ്‌ക്കെതിരേ അദ്ദേഹത്തെ ഈ റോളില്‍ ഇറക്കാന്‍ തന്നെയാണ് സാധ്യത. ആറാം നമ്പര്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു തന്നെയായിരിക്കും. ബാറ്റിങില്‍ കാര്യമായി അവസരം ലഭിച്ചില്ലെങ്കിലും ബൗളിങില്‍ താരം കസറുകയാണ്. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയുണ്ടാവില്ല. പകരം അക്ഷര്‍ പട്ടേലിനെ ഈ സ്ഥാനത്തേക്കു ഇന്ത്യ പ്രൊമോട്ട് ചെയ്‌തേക്കും.

ജഡേജയ്ക്കു പകരം സ്‌പെഷ്യലിസ്റ്റ് സ്പിനറായ കുല്‍ദീപ് യാദവിനെയാണ് ഇന്ത്യ കളിപ്പിച്ചേക്കുക. ബാറ്റിങിലും ബൗളിങിലും ജഡ്ഡു കാര്യമായൊന്നും ചെയ്യുന്നില്ലെന്നതിനാല്‍ കുല്‍ദീപാണ് ബെസ്റ്റ് ഓപ്ഷന്‍. ഇതു ബൗളിങിനു കൂടുതല്‍ മൂര്‍ച്ചയും നല്‍കും. പേസ് നിരയില്‍ ഇന്ത്യ മാറ്റം വരുത്താനിടയില്ല. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ തന്നെ തുടരാനാണ് സാധ്യത.
കാനഡയ്‌ക്കെതിരേ ഇന്ത്യന്‍ പ്ലെയിങ് 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.