ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ ആദ്യത്തെ രണ്ട് മത്സരവും ജയിച്ച് സൂപ്പര്‍ 8ന് തൊട്ടടുത്ത് നില്‍ക്കുകയാണ്. ഇന്ന് അമേരിക്കയോട് ജയിക്കാനായാല്‍ ഇന്ത്യക്ക് സൂപ്പര്‍ 8ലേക്കെത്താനാവും. ഇന്ത്യ പാകിസ്താനെയടക്കം തോല്‍പ്പിച്ച് കൈയടി നേടുമ്പോഴും ചില താരങ്ങളുടെ മോശം ഫോം ഇന്ത്യക്ക് തലവേദനയാവുകയാണ്. അതിലൊരാള്‍ സൂപ്പര്‍ താരം വിരാട് കോലിയാണ്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്ന കോലി ഓപ്പണറായാണ് ഇപ്പോള്‍ കളിക്കുന്നത്.
എന്നാല്‍ ആദ്യത്തെ രണ്ട് മത്സരത്തില്‍ നിന്ന് അഞ്ച് റണ്‍സാണ് കോലി നേടിയത്. പിച്ചിന്റെ സ്വഭാവത്തോട് പൊരുത്തപ്പെടാന്‍ കോലിക്ക് സാധിക്കുന്നില്ലെന്നതാണ് വസ്തുത. സൂപ്പര്‍ 8 വരാനിരിക്കെ കോലിയുടെ മോശം ഫോം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുകയാണ്. ഇപ്പോഴിതാ കോലിയുടെ മോശം ഫോമിന് കാരണം സ്‌ട്രൈക്ക് റേറ്റിനെ ഓര്‍ത്തുള്ള സമ്മര്‍ദ്ദമാണെന്നും കോലി പഴയ ശൈലിയിലേക്ക് തിരികെ പോണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍.
'കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കോലിയുടെ സ്‌ട്രൈക്ക് റേറ്റ് വലിയ ചര്‍ച്ചാ വിഷയമാണ്. അവസാന ഐപിഎല്‍ സീസണില്‍ ഈ വിഷയം കൂടുതല്‍ ശക്തമായിരുന്നു. ഇത് കോലിയെ ബാധിച്ചു. മറ്റുള്ളവര്‍ 200 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുമ്പോള്‍ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 150 ആയിരിക്കും. എന്നാല്‍ കോലിയുടെ റണ്‍സും ഇംപാക്ടും മറ്റൊരു തലത്തിലാവും. കോലി സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള ആലോചകളോടെയാവും ടി20 ലോകകപ്പിനെത്തിയത്.
അതാണ് ആക്രമിക്കാന്‍ ശ്രമിക്കുന്നത്. പഴയ വിരാട് കോലിയാണ് മികച്ചത്. അദ്ദേഹത്തോട് അടുത്ത ബന്ധമുള്ള ആരെങ്കിലും പഴയ ശൈലിയാണ് നല്ലതെന്ന് കോലിയെ പറഞ്ഞ് മനസിലാക്കിക്കണം. തുടക്കത്തിലേ ആക്രമിക്കാതെ പഴയ ശൈലിയില്‍ നിലയുറപ്പിച്ച ശേഷം ആക്രമിച്ചാല്‍ ഈ പിച്ചില്‍ റണ്‍സ് നേടാന്‍ സാധിക്കും' സഞ്ജയ് പറഞ്ഞു. ഐപിഎല്ലില്‍ ആര്‍സിബിയുടെ ഓപ്പണറാണ് കോലി. അവസാന ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തുകയും ചെയ്തു.

അതുകൊണ്ടാണ് മികച്ച ഫോമില്‍ കളിച്ചിരുന്ന യശ്വസി ജയ്‌സ്വാളെ പുറത്തിരുത്തി ഇന്ത്യ കോലിയെ ഓപ്പണറാക്കിയത്. പവര്‍പ്ലേയില്‍ ആക്രമിച്ച് കളിക്കേണ്ടത് അത്യാവശ്യമായതിനാല്‍ കോലി തുടക്കത്തിലേ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നു. ഇത് കോലിയുടെ വിക്കറ്റില്‍ കലാശിക്കുന്നു. മൂന്നാം നമ്പറിലേക്ക് കോലി തിരിച്ചുപോകുന്നതാണ് നല്ലത്. കുറച്ച് പന്തുകള്‍ നേരിട്ട് നിലയുറപ്പിച്ച ശേഷം കടന്നാക്രമിക്കാന്‍ കോലിക്ക് സാധിക്കും.
എന്നാല്‍ ഇപ്പോള്‍ ശൈലി മാറ്റാന്‍ കോലി നിര്‍ബന്ധിതനാവുകയാണ്. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നു. ഇന്ത്യ സൂപ്പര്‍ 8ലേക്കെത്തുമ്പോള്‍ കോലി ബാറ്റുകൊണ്ട് കൂടുതല്‍ മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. എന്നാല്‍ നിലവിലെ കോലിയുടെ ബാറ്റിങ് ആത്മവിശ്വാസം നഷ്ടപ്പെട്ടതുപോലെയാണ്. അതുകൊണ്ടുതന്നെ കോലിക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ മൂന്നാം നമ്പറിലേക്ക് തിരികെ പോകേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
എന്നാല്‍ കോലി ഓപ്പണറായി തുടരുമെന്നാണ് രോഹിത് ശര്‍മ പറയുന്നത്. കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെപ്പറ്റി ചര്‍ച്ചകള്‍ സജീവമാണെങ്കിലും ഇന്ത്യന്‍ ടീമിലത് ഒരിക്കല്‍ പോലും ചര്‍ച്ചാ വിഷയമായിട്ടില്ലെന്ന് പറയാം. കോലി അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമല്ലെങ്കിലും മത്സരത്തിന്റെ ഗതിക്കനുസരിച്ച് കളിക്കാനറിയാം. അതുകൊണ്ടാണ് ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ കോലി മുന്നിട്ട് നില്‍ക്കുന്നത്. എന്തായാലും വരുന്ന മത്സരങ്ങളിലൂടെ കോലി ഫോമിലേക്കെത്തേണ്ടതായുണ്ട്.
ഇന്ന് അമേരിക്കയ്‌ക്കെതിരായ മത്സരം കോലിയെ സംബന്ധിച്ച് ഫോമിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ്. മികച്ച ബാറ്റിങ് പ്രകടനം നടത്തി കോലി താളം കണ്ടെത്തിയാല്‍ ഇന്ത്യന്‍ ടീമിനും അത് പുതു ഊര്‍ജ്ജം നല്‍കും. രോഹിത് ശര്‍മക്കും ഓപ്പണിങ്ങില്‍ വലിയ സ്‌കോര്‍ നേടാനാവുന്നില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി തുടങ്ങാന്‍ രോഹിത് ശ്രമിക്കുന്നുണ്ടെങ്കിലും ഇത് സാധ്യമാകുന്നില്ല. ഇത് കോലിയേയും പിന്നോട്ടടിക്കുന്നുണ്ടെന്നതാണ് വസ്തുത.