ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഇത്തവണ വലിയ പ്രതീക്ഷകളുണ്ടെങ്കിലും സൂപ്പര്‍ എട്ട് കടക്കുക വളരെ പ്രയാസമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡ്, പാകിസ്താന്‍, അമേരിക്ക ടീമുകളെ തകര്‍ത്ത ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് എത്തുന്നത്. വിരാട് കോലിയും രോഹിത് ശര്‍മയും മോശം ഫോമിലാണെങ്കിലും ഓരോ മത്സരത്തിലും ഇന്ത്യക്ക് ഓരോ മാച്ച് വിന്നര്‍മാരുണ്ടായി എന്നത് പ്രതീക്ഷ നല്‍കുന്നു.
സൂപ്പര്‍ എട്ടിന് മുമ്പ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി കോലിയുടെ മോശം ഫോമാണ്. മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രമെടുത്ത കോലിക്ക് സൂപ്പര്‍ എട്ടില്‍ എന്ത് അത്ഭുതം കാട്ടാനാവുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സൂപ്പര്‍ എട്ടില്‍ കോലി ഫോമിലേക്കെത്തുമെന്ന് എല്ലാവരും പ്രതീക്ഷിക്കുമ്പോഴും കാര്യങ്ങള്‍ എളുപ്പമല്ലെന്നതാണ് വസ്തുത.
ഇപ്പോഴിതാ കോലി ശക്തമായി തിരിച്ചുവരുമെന്നും കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണിതെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാര്‍. 'ടി20 ലോകകപ്പില്‍ ഇതുവരെ വിരാട് കോലി ഓപ്പണറായിട്ടില്ല. അമേരിക്കയിലെ സാഹചര്യവും പുതിയ റോളും പരിഗണിക്കുമ്പോള്‍ ഈ പ്രകടനത്തെ വിമര്‍ശിക്കാനാവില്ല. ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. മികച്ച ബൗളിങ് നിരയുള്ള ടീമുകള്‍ക്കെതിരേ ഓപ്പണര്‍മാര്‍ക്ക് കടുപ്പമാണ്.
ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് കരുതുന്നത്. കൊടുങ്കാറ്റിന് മുന്നോടിയായുള്ള ശാന്തതയാണിത്' സഞ്ജയ് ബംഗാര്‍ പറഞ്ഞു. വിരാട് കോലി ഓപ്പണറാവുമ്പോള്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ നിര്‍ബന്ധിതനാവുകയാണ്. തുടക്കത്തിലേ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കോലി ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവുകയാണ്. അമേരിക്കയിലെ സാഹചര്യത്തില്‍ ബാറ്റ് ചെയ്യുക എളുപ്പമല്ല. അതുകൊണ്ടുതന്നെ നിലവിലെ അദ്ദേഹത്തിന്റെ ഫോം ഇന്ത്യയെ കാര്യമായി ആശങ്കപ്പെടുത്തുന്നില്ല.

സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിലാണ്. ഇവിടുത്തെ സാഹചര്യം കോലിക്ക് പരിചയമുള്ളതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോലിയെ ഓപ്പണിങ്ങില്‍ നിന്ന് മൂന്നാം നമ്പറിലേക്ക് മാറ്റണമെന്ന് ഒരു വിഭാഗം ആരാധകരും മുന്‍ താരങ്ങളും പറയുന്നുണ്ട്. എന്നാല്‍ കോലിയെ മൂന്നാം നമ്പറിലേക്ക് മാറ്റാന്‍ സാധ്യതയില്ലെന്നാണ് രോഹിത് ശര്‍മ പറയുന്നത്.
കോലി ഓപ്പണറായി തുടരുമെന്നാണ് രോഹിത് പറയുന്നത്. റിഷഭ് പന്തിനെ ഇന്ത്യ മൂന്നാം നമ്പറില്‍ കളിപ്പിക്കുമ്പോള്‍ കോലിയും രോഹിത്തും ഓപ്പണര്‍മാരായി തുടരും. 'ഇത്തരമൊരു വലിയ ടൂര്‍ണമെന്റില്‍ ഇന്ത്യ ഓപ്പണിങ്ങിലേക്ക് കോലിയെ പരീക്ഷിച്ചതിനാല്‍ ഇനിയൊരു മാറ്റം വരുത്തുമെന്ന് കരുതുന്നില്ല. കോലിയെ ഓപ്പണറാക്കിയത് അല്‍പ്പം വൈകിയെത്തിയ തീരുമാനമായാണ് തോന്നുന്നത്. ഇപ്പോള്‍ ഇത്തരമൊരു തീരുമാനമെടുത്തതിനാല്‍ പെട്ടെന്ന് പിന്നോട്ട് പോകില്ല.
റിഷഭ് പന്ത് മൂന്നാം നമ്പറില്‍ കളിക്കുമെന്ന് രോഹിത് വ്യക്തമാക്കിക്കഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസിലേക്കെത്തുമ്പോള്‍ ഇന്ത്യ ഒരു മാറ്റം വരുത്താനാണ് സാധ്യത. കുല്‍ദീപ് യാദവ് തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്. ഹാര്‍ദിക് പാണ്ഡ്യ നന്നായി പന്തെറിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു പേസ് ബൗളറെ ഇന്ത്യ പുറത്തിരുത്തിയേക്കും. അര്‍ഷ്ദീപ്, മുഹമ്മദ് സിറാജ് എന്നിവരിലൊരാള്‍ പുറത്തിരിക്കുമ്പോള്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി കളിക്കും' ബംഗാര്‍ പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിച്ചേക്കും. എന്തായാലും അന്തിമ തീരുമാനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയാം. കോലി ഫോമിലേക്കെത്താതെ പോയാല്‍ പ്രധാന മത്സരങ്ങളില്‍ ഇന്ത്യയെയത് കാര്യമായി ബാധിച്ചേക്കും. നിര്‍ണ്ണായക സമയത്ത് കോലി ഫോം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം.