മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ബുധനാഴ്ച നടക്കാന്‍ പോവുകയാണ്. അയര്‍ലന്‍ഡാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. വമ്പന്‍ ജയത്തോടെ എല്ലാ എതിരാളികള്‍ക്കും മുന്നറിയിപ്പ് നല്‍കാനാവും ഇന്ത്യ ശ്രമിക്കുക. അയര്‍ലന്‍ഡ് താരതമ്യേനെ കുഞ്ഞന്മാരായതിനാല്‍ ആരെയൊക്കെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുമെന്നാണ് കണ്ടറിയേണ്ടത്. പാകിസ്താനെതിരായ മത്സരം 9ന് നടക്കാനിരിക്കെ ഇന്ത്യക്ക് വമ്പന്‍ ജയം നേടി ആത്മവിശ്വാസത്തിലേക്ക് എത്തേണ്ടതായുണ്ട്.
ഇന്ത്യയുടെ പ്ലേയിങ് 11 സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകവെ സഞ്ജു സാംസണെ അയര്‍ലന്‍ഡിനെതിരേ കളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ സഞ്ജയ് ബംഗാര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ 'ഫോളോ ദ ബ്ലൂസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബംഗാര്‍. 'ടി20 ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യ ശ്രമിക്കുക തന്ത്രങ്ങള്‍ പരീക്ഷിച്ച് നോക്കാനാണ്.
അതോടൊപ്പം ടീം കൂട്ടുകെട്ടുകള്‍ എങ്ങനെയാണെന്നത് കണ്ടെത്താനും ശ്രമിക്കും. അങ്ങനെ നോക്കുമ്പോള്‍ പല ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതായുണ്ട്. റിഷഭ് പന്താണോ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. അവന്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ സന്നാഹ മത്സരത്തില്‍ നന്നായി ബാറ്റ് ചെയ്തു. നാല് ഓവര്‍ പന്ത് ചെയ്യാനുള്ള ഫിറ്റ്‌നസ് ഇപ്പോള്‍ ഹാര്‍ദിക്കിനുണ്ട്. വിരാട് കോലി അയര്‍ലന്‍ഡിനെതിരേ കളിക്കുന്നില്ലെങ്കില്‍ സഞ്ജു സാംസണിന് അവസരം നല്‍കാവുന്നതാണ്.
വിരാട് കോലിയും രോഹിത് ശര്‍മയും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ സഞ്ജു മൂന്നാം നമ്പറില്‍ കളിക്കണം. സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും റിഷഭ് പന്ത് അഞ്ചാം നമ്പറിലും ഹാര്‍ദിക് ആറാം നമ്പറിലും കളിക്കണം. രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും കളിക്കണം' ബംഗാര്‍ പറഞ്ഞു. എന്നാല്‍ യശ്വസി ജയ്‌സ്വാളിനെ ഒഴിവാക്കി കോലിയും രോഹിത്തും ഓപ്പണ്‍ ചെയ്താലും സഞ്ജുവിന് അവസരം ലഭിക്കുമെന്ന് കരുതാനാവില്ല.

കാരണം വിക്കറ്റ് കീപ്പര്‍ സ്ഥാനമില്ലാതെ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമായി സഞ്ജുവിനെ പരിഗണിച്ചേക്കില്ല. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ സഞ്ജു ഓപ്പണറായി ഇറങ്ങുകയും 6 പന്തില്‍ 1 റണ്‍സ് നേടി പുറത്താവുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിനെ പ്ലേയിങ് 11ലേക്കെത്തിക്കാന്‍ ടീം മാനേജ്‌മെന്റ് ധൈര്യപ്പെടില്ല. അതേ സമയം ഇന്ത്യ ശിവം ദുബെയെ പ്ലേയിങ് 11ലേക്കെത്തിക്കാന്‍ ശ്രമം നടത്തിയേക്കും.
ദുബെ മോശം ഫോമിലാണെങ്കിലും താരത്തെ കളിപ്പിച്ചാല്‍ ബൗളറെന്ന നിലയിലും ടീമിന് ഉപയോഗിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ രോഹിത് ശര്‍മ സഞ്ജുവിനെക്കാള്‍ ദുബെയെയാവും പിന്തുണക്കുക. ടോപ് ഓഡറില്‍ സഞ്ജുവിനെ കളിപ്പിച്ചിട്ടേ കാര്യമുള്ളൂ. മധ്യനിരയില്‍ കളിപ്പിച്ചാല്‍ സഞ്ജുവില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ ദുബെയ്ക്കാവും ഇന്ത്യ കൂടുതല്‍ പിന്തുണ നല്‍കുകയെന്നുറപ്പ്.
സഞ്ജു പ്ലേയിങ് 11ന് പുറത്താവാനാണ് സാധ്യത. സഞ്ജു നേരത്തെ അയര്‍ലന്‍ഡിനെതിരേ ഓപ്പണറാവുകയും അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ പരീക്ഷണത്തിന് മുതിര്‍ന്നാല്‍ അയര്‍ലന്‍ഡിനെതിരേ സഞ്ജുവിനെ കളിപ്പിച്ചേക്കും. ഇന്ത്യയുടെ ടീം കരുത്ത് ശക്തമാണ്. എന്നാല്‍ അവസരത്തിനൊത്ത് ഉയരാന്‍ ആര്‍ക്കൊക്കെ സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ ബാറ്റിങ് നിര ഫോമിലേക്കെത്തിയാല്‍ ടീമിന്റെ കിരീട സാധ്യത ഉയരും.
ഇന്ത്യ നാല് സ്പിന്നര്‍മാരുമായാണ് ലോകകപ്പിനിറങ്ങുന്നത്. ന്യൂയോര്‍ക്കിലും വെസ്റ്റ് ഇന്‍ഡീസിലും സ്പിന്‍ ഗുണം ചെയ്യുന്നതായാണ് കാണാനാവുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിങ് 11ല്‍ ഇറക്കിയേക്കും. 9ാം തീയ്യതി പാകിസ്താനെതിരായ മത്സരം നടക്കാനുള്ളതിനാല്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യ ശക്തമായ ടീമുമായി ഇറങ്ങുന്നതാണ് നല്ലത്. അനാവശ്യ പരീക്ഷണത്തിന് പോയാല്‍ തിരിച്ചടി നേരിടാന്‍ സാധ്യത കൂടുതലാണ്.