പാകിസ്താന്‍ ക്രിക്കറ്റിലെ പുതിയ താരോദയമായ യുവ ബാറ്റര്‍ സയീം അയൂബിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായ റിക്കി പോണ്ടിങ്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ പാക് ടീമിനായി 22 കാരന്‍ കസറിയേക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റര്‍ കൂടിയായ സയീം കരിയറിലെ ആദ്യത്തെ ലോകകപ്പില്‍ കളിക്കാനാണ് തയ്യാറെടുക്കുന്നത്. ഐസിസിയുടെ ഷോയില്‍ സംസാരിക്കവെയാണ് സയീമിന്റെ പ്രകടനം ഏറെ ആകര്‍ഷിച്ചതായി പോണ്ടിങ് തുറന്നു പറഞ്ഞത്.
അടുത്തിടെ അയര്‍ലാന്‍ഡുമായി നടന്ന ടി20 പരമ്പരയില്‍ മുഹമ്മദ് റിസ്വാനോടപ്പം സയീം ഓപ്പണറായി കളിച്ചിരുന്നു. ആദ്യ ടി20യില്‍ 29 ബോളില്‍ 45 റണ്‍സോടെ കസറാനും താരത്തിനു സാധിച്ചിരുന്നു. പാക് ടീമിനായി 19 ടി20കളില്‍ സയീം ഇതിനകം കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും സ്‌കോര്‍ ചെയ്തത് 286 റണ്‍സുമാണ്. കരിയറില്‍ 81 ടി20കളില്‍ സയീം കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 142.22 സ്‌ട്രൈക്ക് റേറ്റോടെ 2085 റണ്‍സാണ് സമ്പാദ്യം.

ടി20 ലോകകപ്പിലും പരിചയസമ്പന്നനായ റിസ്വാനോടൊപ്പം സയീം ഓപ്പണ്‍ ചെയ്‌തേക്കുമെന്നാണ് സൂചനകള്‍. ഈ ജോടി ക്ലിക്കായാല്‍ അതു പാകിസ്താനെ ടൂര്‍ണമെന്റില്‍ ഏറെ മുന്നേറാനും സഹായിച്ചേക്കും. ഓസ്‌ട്രേലിയയില്‍ പാകിസ്താന്‍ പര്യടനം നടത്തിയപ്പോഴാണ് സയീം അയൂബിന്റെ പ്രകടനം താന്‍ ശ്രദ്ധിച്ചതെന്നാണ് പോണ്ടിങ് പറയുന്നത്.
സിഡ്‌നിയില്‍ ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റില്‍ സയീമിന്റെ പ്രകടനം എന്നെ ആകര്‍ഷിച്ചിരുന്നു. പക്ഷെ ഈ സമയത്തു അവനെക്കുറിച്ചു എനിക്കു അധികം അറിയില്ലായിരുന്നു. കമന്റേറ്ററായി പ്രവര്‍ത്തിക്കുമ്പോള്‍ കളിക്കാരെ കുറിച്ച് അറിയാന്‍ എനിക്കു ഇഷ്ടമാണ്. അവര്‍ക്കു കളിക്കളത്തില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്നും ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്. ഇതേ തുടര്‍ന്നാണ് ഞാന്‍ അന്നു സയീമിന്റെ കരിയറിലേക്കു നോക്കുകയും പിഎസ്എല്ലിലെ പ്രകടനങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തതെന്നും പോണ്ടിങ് വ്യക്തമാക്കി.
സിഡ്‌നി ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ 53 ബോളില്‍ 33 റണ്‍സായിരുന്നു സയീം സ്‌കോര്‍ ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പെഷാവര്‍ സല്‍മി ടീമിനായി പിഎസ്എല്ലില്‍ കളിക്കവെ കന്നി ഫിഫ്റ്റി കുറിക്കാനും താരത്തിനായിരുന്നു. 33 ബോളുകളില്‍ നിന്നായിരുന്നു ഇത്. പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓപ്പണര്‍ സയീദ് അന്‍വറിനോടു സയീമിനെ പലരും താരതമ്യം ചെയ്യുകയും ചെയ്തിരുന്നു. സയീം അയൂബ് വളരെ മികച്ചൊരു ക്രിക്കറ്ററായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. അടുത്ത സ്റ്റാറായി അവന്‍ മാറുമെന്നും പ്രതീക്ഷിക്കുന്നതായി പോണ്ടിങ് പറഞ്ഞു.

ബാബര്‍ ആസമിനു കീഴില്‍ വളരെ മികച്ച ടീമായാണ് പാകിസ്താന്‍ ഇപ്പോള്‍ കാണപ്പെടുന്നതെന്നു അദ്ദേഹം നിരീക്ഷിച്ചു. ബാബറിനു പകരം പേസര്‍ ഷഹീന്‍ അഫ്രീഡി നേരത്തേ ടി20 ക്യാപ്റ്റനായിരുന്നെങ്കിലും ഈ നീക്കം പാളിയിരുന്നു. തുടര്‍ന്നാണ് ഈ വര്‍ഷമാദ്യം ബാബര്‍ വീണ്ടും നായകസ്ഥാനമേറ്റെടുത്തത്.
ക്യാപ്റ്റന്‍സി ചില താരങ്ങള്‍ക്കു വളരെ നന്നായി ഇണങ്ങും. മറ്റു ചിലര്‍ക്കാവട്ടെ ഇതു അത്ര യോജിക്കുകയുമില്ലെന്നു പോണ്ടിങ് അഭിപ്രായപ്പെട്ടു. ഗെയിമിലെ ഏറ്റവും മികച്ച ചില താരങ്ങള്‍ നായകരായി വന്നപ്പോള്‍ അവര്‍ക്കു അത്ര തിളങ്ങാന്‍ സാധിക്കാതെ പോയതായി നമ്മള്‍ നേരത്തേ കണ്ടിട്ടുള്ളതാണ്.
നിങ്ങള്‍ ക്യാപ്റ്റനായിരിക്കുമ്പോള്‍ സ്വന്തം പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കില്ല. പകരം ടീമിലെ എല്ലാവരുടെയും കാര്യം ശ്രദ്ധിക്കുന്നതോടൊപ്പം സ്വന്തം ഗെയിമിലും ശ്രദ്ധ പതിപ്പിക്കണം. ചില താരങ്ങള്‍ക്കു മാത്രമേ ഇതു മെച്ചപ്പെട്ട രീതിയില്‍ നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.