ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ ആവേശമടങ്ങും മുമ്പ് വീണ്ടുമൊരു ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കുകയാണ്. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുകളും ഫിക്‌സ്ചറുമെല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞു. ജൂണ്‍ ഒന്നിനു അമേരിക്കയും കാനഡയും തമ്മിലുള്ള മല്‍സരത്തോടെ ടൂര്‍ണമെന്റിനു തുടക്കാവും. ഇന്ത്യയുടെ ആദ്യ പോരാട്ടം അഞ്ചിനു അയര്‍ലാന്‍ഡുമായിട്ടാണ്. പതിവുപോലെ ഈ ടൂര്‍ണമെന്റിലും വാനോളം പ്രതീക്ഷയോടെയാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.
2013നു ശേഷം ആദ്യത്തെ ഐസിസി ട്രോഫിക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഈ വര്‍ഷമെങ്കിലും അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുകയെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ തന്നെയായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യ കളിക്കുകയെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം. രോഹിത്തിന്റെ മടങ്ങിവരവ് തന്നെയായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ സര്‍പ്രൈസ്. കാരണം ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം അന്താരാഷ്ട്ര ടി20യില്‍ കളിച്ചിട്ടില്ല. 2022ലെ കഴിഞ്ഞ ടി20 ലോകകപ്പിന്റെ സെമി ഫൈനലിലാണ് രോഹിത് അവസാനമായി ഇന്ത്യക്കു വേണ്ടി ഇറങ്ങിയത്. അതിനു ശേഷം അദ്ദേഹം ടി20യില്‍ നിന്നും സ്വയം മാറി നില്‍ക്കുകയായിരുന്നു.
രോഹിത്തിപ്പോലെ മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയും ഇന്ത്യക്കായി അവസാനം കളിച്ചതും ഇതേ മല്‍സരത്തില്‍ തന്നെയാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത്തിനൊപ്പം കോലിയും ഇന്ത്യക്കായി കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇരുവരും ഇത്തവണ ദേശീയ ടീമിനൊപ്പമുണ്ടാവുമെന്നാണ് വിവരം.
യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ തിരിച്ചുവരവായിരിക്കും ലോകകപ്പ് സ്‌ക്വാഡിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. 2022 ഡിസംബറില്‍ കാറപകടത്തില്‍ സാരമായി പരിക്കറ്റ ശേഷം അദ്ദേഹം വിശ്രമത്തിലായിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്തു കൊണ്ടിരിക്കുന്ന റിഷഭ് കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്.
മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരിക്കും റിഷഭിന്റെ തിരിച്ചുവരവെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടൂര്‍ണമെന്റില്‍ ഫോമും ഫിറ്റ്‌നസും പ്രകടിപ്പിക്കാനായാല്‍ ടി20 ലോകകപ്പ് സ്‌ക്വാഡിലും റിഷഭ് ഇടം പിടിച്ചേക്കും.

ഇഷാന്‍ കിഷനും റിഷഭുമായിരിക്കും ലോകകപ്പ് സ്ക്വാഡിലെ വിക്കറ്റ് കീപ്പര്‍മാര്‍. റിഷഭ് മടങ്ങിയെത്തിയാല്‍ സ്ഥാനം നഷ്ടമാവുക ജിതേഷ് ശര്‍മയ്ക്കായിരിക്കും. അവസാനത്തെ രണ്ടു ടി20 പരമ്പരകളിലും അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ബാറ്റിങില്‍ അസാധാരണ പ്രകടനം നടത്തിയാല്‍ മാത്രമേ അദ്ദേഹത്തിനു ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ നേരിയ സാധ്യതയുള്ളൂ. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അയര്‍ലാന്‍ഡില്‍ നടന്ന ടി20 പരമ്പരയ്ക്കു ശേഷം ഈ ഫോര്‍മാറ്റില്‍ സഞ്ജു ടീമിലേക്കു പരിഗണിക്കപ്പെട്ടിട്ടില്ല.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സാധ്യതാ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.