ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. അഫ്ഗാനിസ്ഥാനെ 47 റണ്‍സാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 181 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു. നിര്‍ണ്ണായക ജയത്തോടെ ഇന്ത്യ സെമി പ്രതീക്ഷ സജീവമാക്കുകയും ചെയ്തു. ഇന്ത്യ ജയിച്ചെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം ഗംഭീരമായിരുന്നുവെന്ന് പറയാനാവില്ല.
ടോപ് ഓഡര്‍ നിരാശപ്പെടുത്തി. രോഹിത് ശര്‍മയും (8) വിരാട് കോലിയും (24) റിഷഭ് പന്തുമൊന്നും (20) വലിയ സ്‌കോറിലേക്കുയര്‍ന്നില്ല. ഇതില്‍ കോലിയാണ് കൂടുതല്‍ നിരാശപ്പെടുത്തുന്നത്. ടി20 ലോകകപ്പിന്റെ ചരിത്രം പരിശോധിച്ചാല്‍ വലിയ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കോലി. എന്നാല്‍ ഇത്തവണ അദ്ദേഹം നിരാശപ്പെടുത്തുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് റണ്‍സാണ് കോലിക്ക് നേടാനായത്.
അഫ്ഗാനെതിരേ 24 പന്ത് നേരിട്ട് 24 റണ്‍സാണ് വിരാട് കോലിക്ക് നേടാനായത്. മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയ കോലി ഒരു അനായാസ ക്യാച്ചും പാഴാക്കി. ഇപ്പോഴിതാ കോലി ക്യാച്ച് വിട്ടപ്പോഴുള്ള രോഹിത് ശര്‍മയുടെ പ്രതികരണം വൈറലാവുകയാണ്. തീര്‍ത്തും നിരാശയോടെ തലയില്‍ കൈവെച്ച് രോഹിത് നില്‍ക്കുന്ന വീഡിയോയാണ് വൈറലാവുന്നത്. മത്സരത്തിന്റെ മൂന്നാം ഓവറിലാണ് കോലി ക്യാച്ച് കൈവിട്ടത്. അര്‍ഷ്ദീപ് സിങ് എറിഞ്ഞ ഓവറില്‍ ഇബ്രാഹിം സദ്രാന്റെ ഷോട്ട് തേര്‍ഡ്മാനില്‍ കോലിയുടെ കൈയിലേക്ക്.
കോലിക്ക് അല്‍പ്പം ചാടിയിരുന്നെങ്കില്‍ ക്യാച്ച് കൈയിലെടുക്കാമായിരുന്നു. എന്നാല്‍ കൈ ഉയര്‍ത്തി ക്യാച്ചെടുക്കാനുള്ള കോലിയുടെ ശ്രമം പാളി. കൈയില്‍ തട്ടി ക്യാച്ച് പാഴായി. കോലിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. കോലിയുടെ എല്ലാ കണക്കുകൂട്ടലുകളും പാളുന്ന തരത്തിലാണ് ആ പന്ത് വന്നത്. കോലിയെപ്പോലൊരു അനുഭവസമ്പന്നനായ താരത്തിന് അനായാസം എടുക്കാവുന്ന ക്യാച്ചായിരുന്നിട്ടും അദ്ദേഹത്തിനത് പിടിച്ചെടുക്കാനായില്ല.

കോലി ക്യാച്ചവസരം പാഴാക്കിയതില്‍ രോഹിത് ശര്‍മയുടെ മുഖത്ത് കടുത്ത അതൃപ്തി വ്യക്തമായിരുന്നു. പിന്നീട് രോഹിത്തിനോട് കോലി സംഭവിച്ച പിഴവ് വിശദീകരിക്കുന്നതും കാണാനായി. എന്തായാലും കോലിയുടെ ഏറ്റവും മോശം ടി20 ലോകകപ്പാണ് ഇത്തവണ നടന്നുകൊണ്ടിരിക്കുന്നത്. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും കോലി നിരാശപ്പെടുത്തുന്നതിന് ടീം മാനേജ്‌മെന്റും കാരണക്കാരാണെന്ന് പറയാം. മൂന്നാം നമ്പറില്‍ കളിച്ചിരുന്ന കോലിയെ മൂന്നാം നമ്പറിലേക്ക് മാറ്റിയതാണ് അദ്ദേഹത്തിന്റെ പ്രകടനം മോശമാവാന്‍ കാരണം.
കോലി ഓപ്പണറാവുമ്പോള്‍ സ്വാഭാവിക ശൈലി മാറ്റി തുടക്കത്തിലേ ആക്രമിക്കാന്‍ നിര്‍ബന്ധിതനാവുന്നു. ഇതിന് കോലി ശ്രമിക്കുമ്പോള്‍ വിക്കറ്റും നഷ്ടമാവുന്നു. മുന്നോട്ടുള്ള മത്സരങ്ങളില്‍ കോലിയെ ഇന്ത്യ മൂന്നാം നമ്പറിലേക്ക് കൊണ്ടുവന്നില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും. ഓസ്‌ട്രേലിയക്കെതിരേയടക്കം വലിയ മത്സരങ്ങള്‍ ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ഈ മത്സരങ്ങളില്‍ കോലി ഫോം കണ്ടെത്താത്ത പക്ഷം ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും.
അഫ്ഗാനെതിരായ ഇന്ത്യയുടെ ജയത്തിന്റെ കൈയടി ബൗളര്‍മാര്‍ക്ക് അവകാശപ്പെട്ടതാണ്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങുമാണ് അഫ്ഗാനെ ചുരുട്ടിക്കൂട്ടിയത്. ബുംറ നാല് ഓവറില്‍ ഒരു മെയ്ഡനടക്കം ഏഴ് റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകളുമായി തിരിച്ചുവരവില്‍ മിന്നിച്ചു. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ചില മാറ്റങ്ങള്‍ അത്യാവശ്യമാണ്.
യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ്ങിലേക്ക് തിരിച്ചുവരണം. സഞ്ജു സാംസണെ ശിവം ദുബെക്ക് പകരം കളിപ്പിക്കണം. ബൗളിങ് നിരയില്‍ മാറ്റങ്ങള്‍ ആവശ്യമില്ല. ഇന്ത്യയുടെ അടുത്ത മത്സരം ബംഗ്ലാദേശിനെതിരേയാണ്. ഇതും ജയിച്ച് സെമിയില്‍ സീറ്റുറപ്പിക്കാനാവും ഇന്ത്യ ശ്രമിക്കുക. ഓസ്‌ട്രേലിയക്കെതിരായ മത്സരം ഇന്ത്യക്ക് കടുപ്പമായിരിക്കുമെന്നുറപ്പാണ്.