ബാര്‍ബഡോസ്: സൗത്താഫ്രിക്കന്‍ പോരാട്ടവീര്യത്തെ അതിജീവിച്ച് ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായിരിക്കുകയാണ് ടീം ഇന്ത്യ. ത്രില്ലിങ് ഫൈനലില്‍ ഏഴു റണ്‍സിന്റെ ആവേശോജ്വല ജയത്തോടെയാണ് രോഹിത് ശര്‍മയും സംഘവും രണ്ടാം ടി20 ലോകകപ്പില്‍ മുത്തമിട്ടത്. ഒരു ഘട്ടത്തില്‍ തോല്‍വിയെ മുന്നില്‍ കണ്ട ശേഷമാണ് അവിശ്വസനീയ തിരിച്ചുവരവ് നടത്തി ഇന്ത്യ ലോകം കീഴടക്കിയത്.
രോഹിത് ശര്‍മയുടെ ഗംഭീര ക്യാപ്റ്റന്‍സിയാണ് പരാജയത്തിന്റെ വക്കില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്. അവസാന അഞ്ചോവറില്‍ ആറു വിക്കറ്റ് ബാക്കിനില്‍ക്കെ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ 30 റണ്‍സ് മാത്രം മതിയായിരുന്നു. ഇന്ത്യ ഒരിക്കല്‍ക്കൂടി ഐസിസി ട്രോഫി പടിക്കല്‍ കൈവിട്ടെന്നു ആരാധകര്‍ ഭയന്ന നിമിഷമായിരുന്നു ഇത്. ഇന്ത്യക്കു കളിയിലേക്കു ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്നും എല്ലാവരും ഉറപ്പിച്ചു.

15ാം ഓവറില്‍ അക്ഷര്‍ പട്ടേലിനെതിരേ സൗത്താഫ്രിക്ക വാരിക്കൂട്ടിയത് 24 റണ്‍സാണ്. രണ്ടു വീതം ഫോറും സിക്‌സറുമാണ് ഹെന്‍ട്രിച്ച് ക്ലാസെന്‍ പായിച്ചത്. 16ാം ഓവറില്‍ തന്റെ സ്‌ട്രൈക്ക് ബൗളറായ ജസ്പ്രീത് ബുംറയെ രോഹിത് തിരികെ വിളിക്കുകയായിരുന്നു. കളിയിലേക്കു ഇന്ത്യയുടെ തിരിച്ചുവരവിന്റെ തുടക്കവും ഇവിടെ നിന്നാണ്. വിക്കറ്റില്ലെങ്കിലും നാലു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. 16ാം ഓവറില്‍ തന്റെ മറ്റൊരു മുന്‍നിര പേസറയ അര്‍ഷ്ദീപ് സിങിനെ രോഹിത് തിരിച്ചു വിളിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ ഹാര്‍ദിക് പാണ്ഡ്യയെയാണ് അദ്ദേഹം പന്തേല്‍പ്പിച്ചത്.
നേരത്തേ ഒരോവര്‍ ബൗള്‍ ചെയ്ത ഹാര്‍ദിക് 10 റണ്‍സ് വിട്ടുകൊടുത്തിരുന്നു. പക്ഷെ 17ാം ഓവറില്‍ അദ്ദേഹം കളിയുടെ ഗതി തന്നെ മാറ്റി. അപകടകാരിയായ ഹെന്‍ട്രിച്ച് ക്ലാസനെ (52) ആദ്യ ബോളില്‍ തന്നെ ഹാര്‍ദിക് പുറത്താക്കി. ഓഫ്സ്റ്റംപിന് പുറത്തേക്കു അദ്ദേഹം പരീക്ഷിച്ച ബോളിനെതിരേ ക്ലാസെന്‍ ആഞ്ഞുവീശിയെങ്കിലും എഡ്ജായി റിഷഭ് പന്തിന്റെ കൈകളിലെത്തി. ഈ ഓവറിലും നാലു റണ്‍സ് മാത്രം.
18ാം ഓവര്‍ ആരെ ഏല്‍പ്പിക്കുമെന്നതായിരുന്നു അടുത്ത വെല്ലുവിളി. കാരണം ബുംറയ്ക്കും അര്‍ഷ്ദീപിനും ഓരോ ഓവര്‍ മാത്രമേ ബാക്കിയുള്ളൂ. സാധാരണയായി 19 അല്ലെങ്കില്‍ 20ാം ഓവറാണ് ബുംറയെ ഏല്‍പ്പിക്കാറുള്ളത്. പക്ഷെ 18ാം ഓവറില്‍ ബുംറയെ കൊണ്ടുവന്ന് രോഹിത് ആ റിസ്‌ക്ക് ഏറ്റെടുക്കുകയായിരുന്നു. കാരണം ബുംറയെ 19ാം ഓവറിലേക്കു വച്ചാല്‍ ചിലപ്പോള്‍ കളി കൈവിട്ടു പോയേക്കാം.

രോഹിത്തിന്റെ ഈ ചൂതാട്ടം വിജയിക്കുകയും ചെയ്തു. വെറും രണ്ടു റണ്‍സ് മാത്രമേ ബുംറ ഓവറില്‍ വിട്ടുകൊടുത്തുള്ളൂ. നാലാമത്തെ ബോളില്‍ മാര്‍ക്കോ യാന്‍സണെ (2) ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു. ഇതോടെ അടുത്ത രണ്ടോവറില്‍ ജയിക്കാന്‍ വേണ്ടത് 20 റണ്‍സ്. ഡേവിഡ് മില്ലര്‍ (18) ക്രീസിലുള്ളതിനാല്‍ സൗത്താഫ്രിക്കയ്ക്കു അപ്പോഴും വിജയപ്രതീക്ഷയുണ്ടായിരുന്നു. 19ാം ഓവറില്‍ നാലു റണ്‍സ് മാത്രമേ അര്‍ഷ്ദീപ് വഴങ്ങിയുള്ളൂ.
സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ ആറു ബോളില്‍ 16 റണ്‍സ്. ബുംറ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയതിനാല്‍ 20ാം ഓവര്‍ ഹാര്‍ദിക്കിനെയാണ് രോഹിത് ഏല്‍പ്പിച്ചത്. ആദ്യ ബോളില്‍ സിക്‌സറിനു ശ്രമിച്ച മില്ലറിനെ ബൗണ്ടറി ലൈനിന് അരികില്‍ കിടിലന്‍ റണ്ണിങ് ക്യാച്ചിലൂടെ സൂര്യകുമാര്‍ യാദവ് പുറത്താക്കിയതോടെ ഇന്ത്യ വിജയമുറപ്പാക്കി.
അടുത്ത ബോളില്‍ കാഗിസോ റബാഡ ഫോറടിച്ചെങ്കിലും ഹാര്‍ദിക് വിട്ടുകൊടുത്തില്ല. അടുത്ത നാലു ബോളില്‍ രണ്ടു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. അഞ്ചാമത്തെ ബോളില്‍ റബാഡയെ പുറത്താക്കുകയും ചെയ്തു. ഇതോടെ ത്രസിപ്പിക്കുന്ന വിജയത്തോടെ ഇന്ത്യ ലോക ചാംപ്യന്‍മാരുമായി മാറി.