ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ 8 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 16 ഓവറില്‍ 96 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 13 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ഇന്ത്യക്കായി നായകന്‍ രോഹിത് ശര്‍മ 52 റണ്‍സോടെ തിളങ്ങി. റിഷഭ് പന്ത് 26 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 36 റണ്‍സോടെ പുറത്താവാതെ നിന്നു. ഇതോടെ 12.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ അയര്‍ലന്‍ഡിന് തുടക്കം മുതല്‍ പിഴച്ചു. മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ അയര്‍ലന്‍ഡ് ഓപ്പണറും നായകനുമായ പോള്‍ സ്റ്റിര്‍ലിങ്ങിനെ അര്‍ഷ്ദീപ് സിങ് പുറത്താക്കി. 6 പന്തില്‍ 2 റണ്‍സ് മാത്രമാണ് സ്റ്റിര്‍ലിങ്ങിന് നേടാനായത്. ഇതേ ഓവറില്‍ മറ്റൊരു ഓപ്പണറായ ആന്‍ഡി ബാല്‍ബിര്‍ണിയേയും അര്‍ഷ്ദീപ് കൂടാരം കയറ്റി. 10 പന്തില്‍ 5 റണ്‍സെടുത്ത ബാല്‍ബിര്‍ണിയെ അര്‍ഷ്ദീപ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.
ലോര്‍ക്കന്‍ ടക്കറും ഹാരി ടെക്ടറും ചേര്‍ന്ന് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ 13 പന്തില്‍ 10 റണ്‍സെടുത്ത ടക്കറെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ട് പൊളിച്ചു. ഹാര്‍ദിക്കിന്റെ കിടു ഇന്‍സ്വിങ്ങറില്‍ ടക്കറിന്റെ സ്റ്റംപ് തെറിക്കുകയായിരുന്നു. 16 പന്ത് നേരിട്ട് 4 റണ്‍സെടുത്ത ടെക്ടറെ ജസ്പ്രീത് ബുംറ വിരാട് കോലിയുടെ കൈയിലെത്തിച്ചു. കുര്‍ട്ടിസ് കാംഫറെ (3) ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ജോര്‍ജ് ഡോക്‌റെല്ലിനെ (3) മുഹമ്മദ് സിറാജ് ബുംറയുടെ കൈയിലെത്തിച്ചു.
മാര്‍ക്ക് അഡെയ്‌റിനെ (3) ഹാര്‍ദിക് പുറത്താക്കിയപ്പോള്‍ ബാരി മക്കാര്‍ത്തിയെ (0) അക്ഷര്‍ പട്ടേല്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. ജോഷ് ലിറ്റില്‍ 13 പന്തില്‍ 2 ഫോറടക്കം 14 റണ്‍സെടുത്ത് പതിയെ റണ്‍സുയര്‍ത്താന്‍ നോക്കി. എന്നാല്‍ ജസ്പ്രീത് ബുംറയുടെ കിടു യോര്‍ക്കറില്‍ ക്ലീന്‍ബൗള്‍ഡായി. ഗാരത് ഡിലാനി കടന്നാക്രമിച്ചു. 14 പന്തില്‍ 2 ഫോറും സിക്‌സും ഉള്‍പ്പെടെ 26 റണ്‍സ് നേടിയ താരം അനാവശ്യമായി രണ്ടാം റണ്‍സിന് ശ്രമിച്ച് റണ്ണൗട്ടായി.

ഇതോടെ 16 ഓവറില്‍ 96 റണ്‍സില്‍ അയര്‍ലന്‍ഡ് കൂടാരം കയറി. ബെന്‍ വൈറ്റ് 2 റണ്‍സോടെ പുറത്താവാതെ നിന്നു. 50 റണ്‍സിന് 8 വിക്കറ്റ് വീണിട്ടും 96ലേക്കെത്താന്‍ അയര്‍ലന്‍ഡിന് സാധിച്ചു. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും 2 വിക്കറ്റ് പങ്കിട്ടു. മുഹമ്മദ് സിറാജും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജക്ക് വിക്കറ്റ് നേടാനായില്ല.
മറുപടിക്കിറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മയും വിരാട് കോലിയുമാണ് ഓപ്പണിങ്ങിലിറങ്ങിയത്. ഇന്ത്യ വലിയ പ്രതീക്ഷവെച്ച ഓപ്പണിങ് കൂട്ടുകെട്ടിന് വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ല. 22 റണ്‍സ് സ്‌കോര്‍ബോര്‍ഡിലെത്തിയപ്പോള്‍ വിരാട് കോലി പുറത്തായി. 5 പന്തില്‍ 1 റണ്‍സെടുത്ത കോലി മാര്‍ക്ക് അഡെയ്‌റാണ് മടക്കിയത്. രോഹിത് ശര്‍മ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുമ്പോഴും പലതും കണക്ട് ചെയ്യാന്‍ സാധിക്കാതെ പതറുന്നതാണ് കണ്ടത്.
രോഹിത്തിന്റെ ക്യാച്ചവസരം തുടക്കത്തിലേ സ്ലിപ്പില്‍ കൈവിട്ടിരുന്നു. എന്നാല്‍ പിന്നീട് താളം കണ്ടെത്തിയ രോഹിത് 37 പന്തില്‍ 52 റണ്‍സ് നേടി റിട്ടേര്‍ഡ് ഹര്‍ട്ടായി പുറത്തായി. 4 ഫോറും 3 സിക്‌സും പറത്തിയ രോഹിത്തിന്റെ തോളിന് പന്ത് തട്ടിയിരുന്നു. ഇതോടെയാണ് രോഹിത്ത് മത്സരം ഫിനിഷ് ചെയ്യാന്‍ കാത്തിരിക്കാതെ കളം വിട്ടത്. സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. 4 പന്തില്‍ 2 റണ്‍സാണ് സൂര്യക്ക് നേടാനായത്.
പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (c), വിരാട് കോലി, റിഷഭ് പന്ത്, യശ്വസി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്
അയര്‍ലന്‍ഡ്- പോള്‍ സ്റ്റിര്‍ലിങ് (c), ആന്‍ഡി ബാല്‍ബിര്‍ണി, ലോര്‍ക്കന്‍ ടുക്കര്‍, ഹാരി ടാക്ടര്‍, കുര്‍ട്ടിസ് കാംഫര്‍, ജോര്‍ജര്‍ ഡോക്‌റല്‍, ഗാരത് ഡെലാനി, മാര്‍ക്ക് അഡെയ്ര്‍, ബാറി മക്കാര്‍ത്തി, ജോഷ് ലിറ്റില്‍, ബെന്‍ വൈറ്റ്