ഗുയാന: ടി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാന്‍ പോവുകയാണ്. കരുത്തരായ ഇംഗ്ലണ്ട് 2022ലെ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയെ പുറത്താക്കിയവരാണ്. 10 വിക്കറ്റിന്റെ വമ്പന്‍ ജയമാണ് അന്ന് ഇംഗ്ലണ്ട് നേടിയത്. ഇതിന് പകരംവീട്ടാനുറച്ചാവും ഇന്ത്യ ഇംഗ്ലണ്ടിനെതിരേ ഇറങ്ങുക. തോല്‍വി അറിയാതെ കുതിക്കുന്ന ഇന്ത്യക്ക് സെമിയില്‍ മാനസികമായ മുന്‍തൂക്കമുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് നിസാരക്കാരല്ല.
അതുകൊണ്ടുതന്നെ ഇന്ത്യ ഭയക്കണം. ഇപ്പോഴിതാ സെമി ഫൈനലിന് മുമ്പ് തന്റെ ആശങ്ക എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അത് ഇംഗ്ലണ്ടിന്റെ ടീം കരുത്തോ ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസോ ഒന്നും അല്ലെന്നും മഴയെയാണ് ഭയക്കുന്നതെന്നുമാണ് രോഹിത് പറയുന്നത്. അഫ്ഗാന്‍-ദക്ഷിണാഫ്രിക്ക മത്സരത്തിന് റിസര്‍വ് ഡേ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് റിസര്‍വ് ഡേയില്ല.
അതുകൊണ്ടുതന്നെ മഴ കളിക്കുകയും മത്സരം പൂര്‍ണ്ണമായും നടക്കാതെ വരികയും ചെയ്താല്‍ അത് വലിയ തിരിച്ചടിയായി മാറും. മത്സരഫലം മഴ തീരുമാനിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോയാല്‍ ജയ പരാജയങ്ങള്‍ മാറി മറിയും. അതുകൊണ്ടുതന്നെ കാലാവസ്ഥയെ മാത്രമാണ് ഭയക്കുന്നതെന്നാണ് രോഹിത് പറയുന്നത്. സെമി നടക്കുന്ന പിച്ചില്‍ കളിച്ച് ഇന്ത്യക്ക് അനുഭവസമ്പത്തുണ്ട്. ഇംഗ്ലണ്ടിനെക്കാള്‍ ഇവിടെ മുന്‍തൂക്കമുള്ളത് ഇന്ത്യക്കാണ്.
എന്നാല്‍ ഈ അനുഭവസമ്പത്തുകൊണ്ട് വലിയ കാര്യമില്ലെന്നാണ് രോഹിത് പറയുന്നത്. 'പിച്ചിലെ മുന്‍പരിചയം വലിയ മുന്‍തൂക്കം നല്‍കുന്ന കാര്യമല്ല. മിക്ക താരങ്ങളും വ്യത്യസ്തമായ പിച്ചുകളില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ്. ഇംഗ്ലണ്ട് താരങ്ങളും ഇവിടെ കളിച്ച് അനുഭവസമ്പത്തുള്ളവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മുന്‍തൂക്കമെന്ന് പറയാനാവില്ല. ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുന്നവരാരോ അവരാവും വിജയിക്കുക' രോഹിത് ശര്‍മ പറഞ്ഞു.

ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്തിയേക്കില്ലെന്ന സൂചനയും രോഹിത് നല്‍കി. ആദ്യ മത്സരം മുതല്‍ ഇന്ത്യ ഒരേ പ്ലേയിങ് 11 നിലനിര്‍ത്തുന്നു. ഈ പ്ലേയിങ് 11ന് കീഴില്‍ ജയിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാര്‍ ഇന്ത്യക്കുണ്ടാവുന്നു. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ട് പൊളിക്കേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ വേട്ടയാടുന്നുണ്ട്.
അതിലൊന്ന് വിരാട് കോലിയുടെ മോശം ഫോമാണ്. വലിയ മത്സരങ്ങളില്‍ കോലിയുടെ ഫോം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഈ ലോകകപ്പില്‍ കോലിക്ക് മികവിനൊത്ത് ഉയരാനായിട്ടില്ല. അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ അഞ്ച് ബോള്‍ നേരിട്ട് കോലി ഡെക്കിനാണ് പുറത്തായത്. മൂന്നാം നമ്പറില്‍ നിന്ന് ഓപ്പണറായപ്പോഴേക്കും കോലിയുടെ പ്രകടനം മോശമായി. എന്നാല്‍ കോലി ഓപ്പണിങ്ങില്‍ തുടരുമെന്നാണ് രോഹിത് പറയുന്നത്.
റിഷഭ് പന്ത് ആദ്യ മത്സരങ്ങളില്‍ ഭേദപ്പെട്ട് നിന്നിരുന്നെങ്കിലും ഇപ്പോഴത്തെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അവസാന മത്സരങ്ങളിലൊന്നും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ റിഷഭിനായിട്ടില്ല. സൂര്യകുമാര്‍ യാദവ് വമ്പനടിക്കാരനാണെങ്കിലും സ്ഥിരതയില്ല. ഓസ്‌ട്രേലിയക്കെതിരേ നിരാശപ്പെടുത്തി. മധ്യനിരയില്‍ ഇന്ത്യ വിശ്വസിക്കുന്ന ശിവം ദുബെക്ക് വമ്പനടികള്‍ കാഴ്ചവെക്കാനാവുന്നില്ല. സ്പിന്നിനെതിരേ തിളങ്ങുമെന്ന് പറയുമ്പോഴും ഈ മികവ് കളത്തില്‍ കാണുന്നില്ല.
സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് യാതൊരു ഇംപാക്ടും സൃഷ്ടിക്കാനാവുന്നില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. എന്നാല്‍ അക്ഷര്‍ പട്ടേല്‍ ഓള്‍റൗണ്ട് പ്രകടനം നടത്തുന്നു. പേസ് നിരയില്‍ ജസ്പ്രീത് ബുംറയുടേയും അര്‍ഷ്ദീപ് സിങ്ങിന്റേയും മികച്ച പ്രകടനം ഇന്ത്യക്ക് കരുത്താകുന്നു.
കുല്‍ദീപ് യാദവ് സ്പിന്‍ നിരയിലും ശോഭിക്കുന്നതിനാല്‍ ഇന്ത്യക്ക് വലിയ ആത്മവിശ്വാസമുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് നിരയില്‍ ജോസ് ബട്‌ലര്‍, ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി എന്നിവരെല്ലാം മത്സരഫലം മാറ്റിമറിക്കാന്‍ കഴിവുള്ളവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ജയം നേടുക എളുപ്പമാവില്ലെന്നുറപ്പ്.