Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: മുംബൈയില്‍ കപ്പുയര്‍ത്തി ഹാര്‍ദിക്, വഴിമാറി രോഹിത്; ആര്‍പ്പുവിളിച്ച് ആരാധകര്‍

മുംബൈ: ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീം ഇന്നലെ നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ വലിയ ആഘോഷ പരിപാടികളാണ് നടന്നത്. ഡല്‍ഹിയില്‍ ഇറങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദിയെക്കണ്ട ശേഷം മുംബൈയില്‍ റോഡ് ഷോയും വാംഖഡെ സ്‌റഖ്‌റ്റേഡിയത്തില്‍ പ്രത്യേക ആഘോഷ പരിപാടിയും സംഘടിപ്പിച്ചിരുന്നു. മുംബൈയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൈയടി നേടിയത് ഹാര്‍ദിക് പാണ്ഡ്യയാണ്.

മുംബൈയിലേക്ക് ടീം എത്തിയപ്പോള്‍ ട്രോഫി ഹാര്‍ദിക്കിന്റെ കൈയിലായിരുന്നു. മുംബൈയിലെ ആരാധകര്‍ക്ക് മുന്നിലേക്ക് ട്രോഫി ഉയര്‍ത്തിക്കാട്ടിയത് ഹാര്‍ദിക്കായിരുന്നു. നായകന്‍ രോഹിത് ശര്‍മ ഹാര്‍ദിക്കിനായി വഴിമാറിക്കൊടുത്തു. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹാര്‍ദിക് പാണ്ഡ്യക്ക് നേരെ വലിയ കൂവലാണ് കഴിഞ്ഞ സീസണില്‍ ഉയര്‍ന്നത്. രോഹിത് ശര്‍മയെ മാറ്റി മുംബൈയുടെ നായകനായതില്‍ മുംബൈയിലെ സ്വന്തം കാണികള്‍ പോലും ഹാര്‍ദിക്കിനെ കൂവി.

എന്നാല്‍ ഇപ്പോള്‍ അവരുടെയെല്ലാം മുന്നില്‍ കൈയടികള്‍ ഏറ്റുവാങ്ങി തലയുയര്‍ത്തി നില്‍ക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. മുംബൈ സ്റ്റേഡിയത്തില്‍ നിറഞ്ഞ് കേട്ടത് ഹാര്‍ദിക്കിനായുള്ള ആര്‍പ്പുവിളികളായിരുന്നു. അവസാന ഐപിഎല്ലിനിടെ ഹാര്‍ദിക്കിനെ മുംബൈ ആരാധകര്‍ നായയെന്ന് വിളിക്കുന്ന സാഹചര്യം പോലുമുണ്ടായിരുന്നു. എന്നാല്‍ ഇവരെക്കൊണ്ടടക്കം കൈയടിപ്പിച്ച് ഹീറോയായി മാറാന്‍ ഹാര്‍ദിക് പാണ്ഡ്യക്കായി എന്നതാണ് എടുത്തു പറയേണ്ടത്.

ഹാര്‍ദിക്കിനെ വാഴ്ത്തി രോഹിത് ശര്‍മ മുംബൈ സ്‌റ്റേഡിയത്തില്‍ സംസാരിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ മോശം ബന്ധമാണ് ഇപ്പോഴുള്ളതെന്ന് പറയുന്നവര്‍ക്ക് മുന്നില്‍ അങ്ങനെയല്ലെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് രോഹിത് ഹാര്‍ദിക്കിനെ പ്രശംസിച്ചത്. ലോകകപ്പ് ഫൈനലില്‍ അവസാന ഓവര്‍ പന്തെറിഞ്ഞ് ഡേവിഡ് മില്ലറെ പുറത്താക്കി ഇന്ത്യയുടെ ജയം ഉറപ്പിച്ചത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. ഹെന്‍ റിച്ച് ക്ലാസന്റെ നിര്‍ണ്ണായക വിക്കറ്റും ഹാര്‍ദിക്കാണ് വീഴ്ത്തിയത്.

india cricket t20 wc celebration

അതുകൊണ്ടുതന്നെ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ ഹാര്‍ദിക് വഹിച്ച പങ്ക് വളരെ വലുതാണ്. ഇക്കാര്യം സൂചിപ്പിച്ചാണ് രോഹിത് ഹാര്‍ദിക്കിനെ പ്രശംസിച്ചത്. 'ഹാര്‍ദിക് പാണ്ഡ്യക്ക് വലിയൊരു സല്യൂട്ട് നല്‍കുന്നു. ഫൈനല്‍ ഓവര്‍ അത്ര മനോഹരമായാണ് അവന്‍ എറിഞ്ഞത്' എന്നാണ് രോഹിത് പറഞ്ഞത്. ഇതിന് പിന്നാലെ മുംബൈ സ്റ്റേഡിയത്തില്‍ ഹാര്‍ദിക് ഹാര്‍ദിക് വിളികള്‍ മാത്രമാണ് മുഴങ്ങിയത്. ചിരിയോടെ എഴുന്നേറ്റ് നിന്ന് ഹാര്‍ദിക് കാണികളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് ഹാര്‍ദിക് കടന്ന് പോയിരുന്നത്. അവസാന ഐപിഎല്ലിലെ പ്രശ്‌നങ്ങളും പിന്നീട് കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളുമെല്ലാം ഹാര്‍ദിക്കിനെ മോശം രീതിയില്‍ ബാധിച്ചു. എന്നാല്‍ ഈ പ്രശ്‌നങ്ങളെയെല്ലാം മറികടന്ന് പ്രധാന മത്സരങ്ങളില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് ഇന്ത്യയുടെ ഹീറോയാവാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിച്ചു. ഹാര്‍ദിക്കിനെ സംബന്ധിച്ച് ഇന്ത്യയുടെ കിരീട നേട്ടം മധുര പ്രതികാരമാണ്.

ഇന്ത്യയുടെ ഇതിഹാസമായ വിരാട് കോലി ലോകകപ്പ് നേടിയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു ഇത്. മുംബൈയില്‍ സംസാരിക്കവെ കോലി ഇക്കാര്യം പറയുകയും ചെയ്തു. 'രോഹിത്തും ഞാനും ചേര്‍ന്ന് ഈ ഒരു നേട്ടത്തിനായി ഏറെ നാള്‍ ശ്രമം നടത്തിയിരുന്നു. ഞങ്ങള്‍ എപ്പോഴും ഒരു ലോകകപ്പ് നേടണമെന്ന് ആഗ്രഹിച്ചിരുന്നു. വാംഖഡെയിലേക്ക് ട്രോഫി തിരികെ കൊണ്ടുവരാന്‍ സാധിച്ചത് സവിശേഷമായ അനുഭവമാണ്' എന്നാണ് കോലി പറഞ്ഞത്.

ഇടവേളക്ക് ശേഷമുള്ള ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തെ എല്ലാവരും വലിയ ആഘോഷമാക്കിയെന്ന് തന്നെ പറയാം. രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ ഇനി യുവതാരനിരയുടെ കരുത്തിലാവും ഇന്ത്യയുടെ കുതിപ്പ്. ഇന്ത്യയുടെ അടുത്ത ടി20 നായകനായി ഹാര്‍ദിക് പാണ്ഡ്യയാവും എത്തുക. ഇനി ഹാര്‍ദിക്കിന്റെ ഇന്ത്യന്‍ ടീം 2026ലെ ടി20 ലോകകപ്പ് കിരീടം നേടുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Friday, July 5, 2024, 6:48 [IST]
Other articles published on Jul 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+