T20 world Cup 2024: രോഹിത്തോ ഹര്‍ദിക്കോ, ഇന്ത്യയെ ആര് നയിക്കണം? യുവരാജ് പറയുന്നു
മൊഹാലി: ടി20 ലോകകപ്പിനായുള്ള പടയൊരുക്കത്തിലേക്ക് ടീമുകളെല്ലാം കടന്നിരിക്കുകയാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ ഫിക്‌സചറടക്കം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി പടയൊരുക്കത്തിന്റെ നാളുകളാണ്. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പര അഫ്ഗാനിസ്ഥാനെതിരേ പുരോഗമിക്കുകയാണ്. മികച്ച യുവതാരങ്ങളുമായി ഇന്ത്യ ടി20 ലോകകപ്പിന് ഇറങ്ങാന്‍ തയ്യാറെടുക്കുകയാണ്.
ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉണ്ടാവുമെന്നത് കണ്ടറിയണം. ഇതില്‍ വലിയ ആശയക്കുഴപ്പം ആരാവും ഇന്ത്യയെ നയിക്കുകയെന്നതാണ്. ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് ഇന്ത്യ മുന്നൊരുക്കം നടത്തിയിരുന്നത്. എന്നാല്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് പരിക്കേറ്റതോടെ ഇന്ത്യ രോഹിത് ശര്‍മയെ ടി20 നായകസ്ഥാനത്തേക്ക് തിരികെ വിളിച്ചിരിക്കുകയാണ്. അഫ്ഗാന്‍ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്. വരുന്ന ഐപിഎല്ലിലൂടെ ഹാര്‍ദിക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്.
ഇതോടെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ആര് നയിക്കണമെന്ന ആശയക്കുഴപ്പമുണ്ടാവും. ഇപ്പോഴിതാ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്‍ ആര് ഇന്ത്യയെ നയിക്കണമെന്നതിന് ഉത്തരം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്. രോഹിത് ശര്‍മ ഇന്ത്യയെ നയിക്കണമെന്നാണ് യുവി പറയുന്നത്.
'രോഹിത് ശര്‍മ മികച്ച നായകനാണ്. അഞ്ച് ഐപിഎല്‍ കിരീടം അവന്‍ നേടിയിട്ടുണ്ട്. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്കുമെത്തിച്ചു. ഇന്ത്യയുടേയും ഐപിഎല്ലിലേയും മികച്ച നായകന്മാരില്‍ ഒരാളാണ് രോഹിത്' യുവരാജ് പറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ നായകനെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനം രോഹിത് നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയെ ഏകദിന ലോകകപ്പില്‍ കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിന് സാധിക്കാതെ പോയി.

തോല്‍വി അറിയാതെ ഫൈനലിലേക്കെത്തിയെങ്കിലും കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റു. സ്വന്തം തട്ടകത്തിലാണ് ഇന്ത്യയുടെ തോല്‍വിയെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഇതോടെ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും ശക്തമായി. രോഹിത്തിനെ മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്ത് നിന്ന് മാറ്റുകയും ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിച്ച് നായകസ്ഥാനം നല്‍കുകയും ചെയ്തിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പിലേക്കെത്തിച്ച ഹാര്‍ദിക് അവസാന സീസണില്‍ റണ്ണറപ്പുകളുമാക്കി. കളത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാനും മുന്നില്‍ നിന്ന് നയിക്കാനും ഹാര്‍ദിക്ക് മിടുക്കനാണ്. രോഹിത് ശര്‍മയെപ്പോലെ തന്നെ മികച്ച ടി20 കണക്കുകള്‍ ഹാര്‍ദിക്കിനുമുണ്ട്. എന്നാല്‍ പരിക്കാണ് താരത്തിന്റെ പ്രശ്‌നം. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ വേട്ടയാടുന്ന ഹാര്‍ദിക്കിനെ നായകനാക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് താല്‍പര്യമില്ല.
രോഹിത് ശര്‍മക്ക് അവസാന അവസരമെന്ന നിലയില്‍ ടി20 ലോകകപ്പിന്റെ നായകസ്ഥാനം നല്‍കാനാണ് സാധ്യത കൂടുതല്‍. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും രോഹിത്തിനെ പിന്തുണക്കുന്നു. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് നായകസ്ഥാനത്തേക്കെത്താന്‍ കാത്തിരിക്കേണ്ടി വരും. വിരാട് കോലിയേയും ഇന്ത്യ ടി20 ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. യുവതാരങ്ങളുമായി ടി20 ലോകകപ്പിനൊരുങ്ങാനായിരുന്നു ഇന്ത്യ ആദ്യം താല്‍പര്യം കാട്ടിയത്.
എന്നാല്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും കളിക്കാന്‍ അനുഭവസമ്പന്നരായ താരങ്ങള്‍ വേണ്ടത് അത്യാവശ്യമായതിനാലാണ് രോഹിത്തിനേയും കോലിയേയും ഇന്ത്യ തിരികെ വിളിച്ചത്. ഹാര്‍ദിക് ഐപിഎല്ലിന് ശേഷം തിരിച്ചുവരവ് നടത്തിയാലും ടി20 ലോകകപ്പില്‍ ഹാര്‍ദിക്കിന് കീഴില്‍ മുന്നൊരുക്കം നടത്താനുള്ള സമയമില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.
എന്നാല്‍ രോഹിത്തിന്റെ അഫ്ഗാന്‍ പരമ്പരയിലേയും ഐപിഎല്ലിലേയും പ്രകടനം നിര്‍ണ്ണായകമാവും. 2020ന് ശേഷമുള്ള രോഹിത്തിന്റെ ഐപിഎല്ലിലെ ബാറ്റിങ് പ്രകടനങ്ങള്‍ മികച്ചതല്ല. അതുകൊണ്ടുതന്നെ വരുന്ന സീസണില്‍ രോഹിത്തിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഹാര്‍ദിക് മികവ് കാട്ടിയാല്‍ ഇന്ത്യ മാറി ചിന്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications