Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: റിങ്കു പൊട്ടിക്കരഞ്ഞു, ആശ്വസിപ്പിക്കാന്‍ ഓടിയെത്തി രോഹിത്! വീഡിയോ വൈറല്‍

മുംബൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചത് റിങ്കു സിങ്ങിന്റെ അഭാവമായിരുന്നു. 75ന് മുകളില്‍ ശരാശരിയും 175ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമുണ്ടായിട്ടും ടി20 ലോകകപ്പ് ടീമില്‍ ഇന്ത്യ റിസര്‍വ് താരമായാണ് റിങ്കുവിനെ പരിഗണിച്ചത്. ഓള്‍റൗണ്ടറെന്ന മുന്‍തൂക്കത്തില്‍ ശിവം ദുബെയെയാണ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. തികച്ചും അപ്രതീക്ഷിതമായാണ് ഇത്തരമൊരുനീക്കം സെലക്ടര്‍മാര്‍ നടത്തിയത്.

ഇന്ത്യയുടെ വിശ്വസ്തനായ ഫിനിഷറാണെന്നിരിക്കെ റിങ്കുവിന് ടീമില്‍ സ്ഥാനം ഉറപ്പായിരുന്നു. അത്രത്തോളം മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചു. അര്‍ഹിച്ച സ്ഥാനം നഷ്ടമായത് റിങ്കുവിനെ മാനസികമായി തളര്‍ത്തി. ഇക്കാര്യം റിങ്കുവിന്റെ പിതാവ് തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ റിങ്കുവിന് സാധിക്കുന്നില്ല. ടി20 ലോകകപ്പില്‍ നിന്ന് തഴയപ്പെട്ടത് റിങ്കുവില്‍ വിഷാദം സൃഷ്ടിച്ചിരിക്കുകയാണ്.

നിലവില്‍ ഐപിഎല്ലില്‍ മത്സരം കളിക്കാന്‍ മുംബൈയിലാണ് റിങ്കുവുള്ളത്. ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിന് ശേഷം നേരിട്ട് ഗ്രൗണ്ടിലേക്കെത്തിയ രോഹിത് ശര്‍മ റിങ്കുവിനെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ അത്ര സന്തോഷത്തോടെയല്ല റിങ്കു പ്രതികരിച്ചത്. കെകെആറിനൊപ്പം പരിശീലനം നടത്തിയിരുന്ന റിങ്കുവിനോട് ഏറെ നേരം രോഹിത് ശര്‍മ സംസാരിച്ചു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ വൈറലായിട്ടുണ്ട്.

ഒട്ടും പ്രതീക്ഷിക്കാതെയാണ് റിങ്കു തഴയപ്പെട്ടത്. അതുകൊണ്ടുതന്നെ റിങ്കുവിന് ഉള്‍ക്കൊള്ളാനാവാത്ത തീരുമാനമായിരുന്നു ഇത്. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ റിങ്കുവിന്റെ അഭാവത്തെക്കുറിച്ച് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറോട് ചോദ്യം ഉയര്‍ന്നിരുന്നു. തഴയപ്പെട്ടത് റിങ്കുവിന്റെ പിഴവുകൊണ്ടല്ലെന്നാണ് അഗാര്‍ക്കര്‍ വ്യക്തമാക്കിയത്. അവന്റെ തെറ്റല്ലെന്നും ടീം കോമ്പിനേഷനായി ഇത്തരമൊരു നീക്കം നടത്താന്‍ നിര്‍ബന്ധിതനായതാണെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.

rohit sharma

ദുബെയെ കളിപ്പിച്ചാല്‍ അധികമായി ഒരു ബൗളറെക്കൂടി ലഭിക്കും. ദുബെ ഒന്നോ രണ്ടോ ഓവര്‍ പന്തെറിയാന്‍ ശേഷിയുള്ള മീഡിയം പേസറാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇവിടുത്തേത് സ്ലോ പിച്ചാണ്. അതുകൊണ്ടുതന്നെ ദുബെയുടെ മീഡിയം പേസ് ഗുണം ചെയ്യുന്നതാണ്. നായകന്‍ രോഹിത് ശര്‍മക്ക് കൂടുതല്‍ ബൗളര്‍മാരെ പരീക്ഷിക്കുന്നതിന് അവസരം ഒരുക്കുന്നതിനായാണ് ഇത്തരമൊരു നീക്കം സെലക്ടര്‍മാര്‍ നടത്തിയത്.

എന്നാല്‍ റിങ്കു സിങ് ഒറ്റക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണ്. കെകെആറിനായി ഒരോവറിലെ അഞ്ച് പന്തുകളും സിക്‌സര്‍ പറത്തി ടീമിനെ ജയിപ്പിച്ച ചരിത്രം റിങ്കുവിന് അവകാശപ്പെടാം. പ്രയാസമുള്ള സാഹചര്യത്തില്‍ പോലും മികവ് കാട്ടാന്‍ റിങ്കുവിന് സാധിക്കും. ഇന്ത്യയുടെ അവസാന ടി20 മത്സരം അഫ്ഗാനിസ്ഥാനെതിരേയായിരുന്നു. ഈ മത്സരത്തില്‍ ടോപ് ഓഡര്‍ തകര്‍ന്നപ്പോള്‍ രോഹിത് ശര്‍മക്കൊപ്പം ടീമിനെ കരകയറ്റിയത് റിങ്കുവായിരുന്നു.

എംഎസ് ധോണിക്ക് ശേഷം റിങ്കു സിങ്ങിനെപ്പോലെ ശാന്തതയോടെ ബാറ്റ് ചെയ്യുന്ന മറ്റൊരു ഫിനിഷറെ ഇന്ത്യക്കൊപ്പം കാണാനാവില്ല. ശിവം ദുബെ സ്പിന്നര്‍മാരെ നന്നായി നേരിടുന്ന താരമാണ്. എന്നാല്‍ പേസര്‍മാര്‍ക്കെതിരേ ദുബെ കരുത്തുറ്റ ബാറ്റ്‌സ്മാനാണെന്ന് പറയാനാവില്ല. അതേ സമയം റിങ്കു പേസിനേയും സ്പിന്നിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ കഴിവുള്ളവനാണ്. വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാന്‍ ദുബെയെക്കാളും മിടുക്ക് റിങ്കുവിനുണ്ട്.

ടി20 ലോകകപ്പില്‍ റിങ്കുവിന് അവസരം നല്‍കാത്ത സാഹചര്യത്തില്‍ ശിവം ദുബെക്ക് സമ്മര്‍ദ്ദമേറെ. നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചാല്‍ ദുബെക്ക് വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വരും. രോഹിത് ശര്‍മയും അഗാര്‍ക്കറും എയറിലാവുകയും ചെയ്യും. നാല് സ്പിന്നര്‍മാരേയും മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരേയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസ് നിരയില്‍ മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങും തല്ലുകൊള്ളികളാണ്. അതുകൊണ്ടുതന്നെ ലോകകപ്പില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Friday, May 3, 2024, 12:05 [IST]
Other articles published on May 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+